76ലും കോളജ് വിദ്യാർഥിയായി തിളങ്ങി അബ്ദുല്ല നീർക്കുന്നം അൽമനാർ കോളജിലെ അഫ്‌ളലുൽ ഉലമ ഒന്നാം വർഷ വിദ്യാർഥിയാണ് ഇദ്ദേഹം
തമീം സലാം കാക്കാഴം
ആലപ്പുഴ • പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് 76കാരനായ അബ്ദുല്ല. നീർക്കുന്നം അൽമനാർ കോളജിലെ അഫ്‌ളലുൽ ഉലമ ഒന്നാം വർഷ വിദ്യാർഥിയാണ് ഇദ്ദേഹം. ഹരിപ്പാട് കുമാരപുരത്ത് നിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാണ് അബ്ദുല്ല ദിവസവും ക്ലാസിലെത്തുന്നത്.
രാവിലെ 10 മണിയോടെ കോളേജിലെത്തും. കൗമാരക്കാരായ മറ്റു വിദ്യാർഥികളോടൊപ്പം ചുറുചുറുക്കോടെ പഠനം നടത്തുന്നു. സഹപാഠികൾ സ്‌നേഹപൂർവം അബ്ദുല്ല ഇക്ക എന്നാണ് വിളിക്കുന്നത്. പ്രായത്തിന്റെ പ്രശ്‌നങ്ങളില്ലാതെ പാഠഭാഗങ്ങൾ കൃത്യമായി പഠിക്കുകയും മുടക്കമില്ലാതെ കോളജിലെത്തുകയും ചെയ്യുന്നുവെന്നാണ് പ്രധാന അധ്യാപകനായ ഹംസ കുഴിവേലിയുടെ സാക്ഷ്യം.
വിശ്രമിക്കാനുള്ള ഈ പ്രായത്തിൽ പഠിക്കാനുള്ള തീരുമാനമെടുത്തതിനെ കുറിച്ച് ചോദിച്ചാൽ അബ്ദുല്ല ആത്മവിശ്വാസത്തോടെ ചിരിക്കും. ജീവിതകാലം മുഴുവൻ ഒരു മനുഷ്യൻ വിദ്യാർഥിയാണെന്നാണ് മറുപടി. അഫ്ളലുൽ ഉലമ പഠിക്കാനുള്ള താൽപര്യം അറബിഭാഷയോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാണ്. ഹരിപ്പാട് കുമാരപുരം ലുഖ്മാനിയ മൻസിലിൽ മീരാൻ അബ്ദുല്ല പത്താംക്ലാസ് പഠനത്തിന് ശേഷം 1965ൽ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ നിന്നും ഡിപ്ലോമ നേടിയതാണ്.
പിന്നീട് പലജോലികളും ചെയ്തു. ഒടുവിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറായി. വിരമിച്ചിട്ട് ഇപ്പോൾ വർഷങ്ങളായി. ഇനി ജോലിയെന്ന ലക്ഷ്യമില്ല. എന്നാൽ ഈ പ്രായത്തിലും അഫ്‌ളലുൽ ഉലമ പഠിച്ച് മികച്ച മാർക്കോടെ വിജയിക്കണമെന്നാണ് ആഗ്രഹം. പിന്തുണയുമായി ഭാര്യ സീനത്തും അഞ്ചുമക്കളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."