കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി മുസ്‌ലിം സംവരണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍. സംസ്ഥാനത്ത് നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കാന്‍ മുസ്‌ലിം ടേണില്‍ നിന്ന് തട്ടിയെടുത്തത് കടുത്ത അനീതിയാണ്. ഉദ്യോഗ മേഖലയില്‍ ഏറെ പ്രാതിനിധ്യക്കുറവ് അനുഭവപ്പെടുന്ന മുസ്‌ലിംകളുടെ അവകാശം തന്നെ തട്ടിയെടുക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇക്കാര്യത്തില്‍ പി.എസ്.സി വിശദീകരണം നല്‍കണം. അഖിലേന്ത്യാ തലത്തില്‍ മെഡിക്കല്‍ സീറ്റില്‍ പിന്നോക്ക സംവരണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും ജനസംഖ്യാനുപാതികമായി പിന്നോക്ക സംവരണം വര്‍ധിപ്പിക്കണം. കേരളത്തില്‍ 70 ശതമാനമുള്ള പിന്നോക്ക വിഭാഗത്തിന് ഒന്‍പതും 20 ശതമാനത്തിന് തഴെയുള്ള മുന്നാക്ക വിഭാഗത്തിലുള്ള പിന്നോക്കക്കാര്‍ക്ക് 10 ശതമാനവുമാണ് നല്‍കുന്നത്. ഇത്തരം വിവേചനങ്ങള്‍ ഒരു പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണം: യൂത്ത് ലീഗ്
കോഴിക്കോട്: കെ.എസ് ആന്‍ഡ് എസ്.എസ്.ആര്‍ ചട്ടപ്രകാരം മുസ്‌ലിംകള്‍ക്ക് സംവണം ചെയ്യപ്പെട്ട ടേണുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്. മുസ്‌ലിം സംവണത്തില്‍ അട്ടിമറി നടക്കുന്നുവെന്നും അത് 12ല്‍ നിന്ന് 10 ആയി കുറയുമെന്നുമുള്ള വാര്‍ത്ത വളരെ ഗൗരവമുള്ളതാണ്. ഭിന്നശേഷി സംവരണത്തിനായി മുസ്‌ലിം സമുദായത്തിന്റെ രണ്ടു സീറ്റ് മാറ്റിവയ്ക്കുന്നത് സാമൂഹിക അസമത്വം വര്‍ധിക്കാനിടയാകും. ഇത് സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ ഈ ഉത്തരവ് അടിയന്തരമായി പുനപ്പരിശോധിക്കണം. ബാക്ക്‌ലോഗ് നികത്താന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ നിര്‍ദേശിക്കപ്പെട്ട ഒരു സംസ്ഥാനത്ത് മുസ്‌ലിംകളുടെ അവകാശം കവര്‍ന്നെടുക്കുക എന്നത് ഒരു ശീലമായി സ്വീകരിച്ചിരിക്കുകയാണ് ഇടതു മുന്നണി സര്‍ക്കാര്‍. ഈനയം തിരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
ബാക്ക്‌ലോഗ് നികത്താന്‍ സര്‍ക്കാര്‍ തയാറാകണം: എം.എസ്.എഫ്
കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ സംവരണാവകാശങ്ങള്‍ വെട്ടിക്കുറക്കുന്നതിന് പകരം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തി ബാക്ക്‌ലോഗ് നികത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എം.എസ്.എഫ് ജന. സെക്രട്ടറി ലത്തീഫ് തുറയൂര്‍. ഭിന്നശേഷി ആക്ട് പ്രകാരം സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് നാലായി ഉയര്‍ത്തിയപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ അവകാശം 12ല്‍ നിന്ന് 10 ആയി ചുരുങ്ങുകയും ഒരു സമുദായത്തിന്റെ അവകാശം നഷ്ടമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 7000ല്‍ അധികം ബാക് ലോഗുകളാണ് മുസ്‌ലിം സമുദായത്തിന്റെത് നികത്താനുള്ളത്. അത് നികത്താതെ ഉള്ള അവാകശങ്ങള്‍ വെട്ടിച്ചുരുക്കുക കൂടി ചെയ്യുന്നത് നീതീകരണമല്ല. ഒരു സമുദായത്തിന്റെ അവകാശങ്ങളില്‍ നിന്ന് അന്യായമായി കവര്‍ന്നെടുത്ത് നല്‍കുന്നത് രണ്ടുകൂട്ടരോടും ചെയ്യുന്ന അനീതിയാണ്. സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയാറാവണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.