കാത്തിരുന്നത് അമ്മയെ; മഞ്ജുവിനെ തേടിയെത്തിയത് അരുംകൊലയുടെ വാർത്ത
ടി. ഡി ഫ്രാൻസിസ്
വടക്കാഞ്ചേരി • മൂന്ന് മാസം മുമ്പ് കാണാതായ മാതാവിന് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ മകൾ മഞ്ജു (35)വിനെ തേടിയെത്തിയത് നാടിനെ ഞെട്ടിച്ച അരും കൊലയുടെ വാർത്ത. പത്തനംതിട്ട ഇലന്തൂരിൽ പൈശാചികമായി കൊലചെയ്യപ്പെട്ടവരിൽ തൻ്റെ മാതാവുമുണ്ടെന്ന വാർത്ത വടക്കാഞ്ചേരി ഓട്ടുപാറയിൽ വാടകക്ക് താമസിക്കുന്ന യുവതിക്ക് താങ്ങാവുന്നതിലേറെയായിരുന്നു.
ഇടുക്കി കമ്പംമേട് സ്വദേശി റോസിലി (കുഞ്ഞുമോൾ – 49) യുടെ മകളാണ് മഞ്ജു. ഭർത്താവ് സണ്ണി വർഗീസുമായി ബന്ധം വേർപ്പെടുത്തി വീടുവിട്ടിറങ്ങിയ റോസിലി കാലടിയിൽ സജീഷ് എന്ന വ്യക്തിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരു ആയുർവേദ സ്ഥാപനത്തിലെ സെയിൽസ് ജോലിയാണ് റോസിലി ചെയ്തിരുന്നത്.
ഇതിനിടയിൽ എഴ് വർഷം മുമ്പ് ഉത്തർപ്രദേശിൽ ഒരു ട്രസ്റ്റിൻ്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനെ തുടർന്ന് മഞ്ജു യു.പിയിലേക്ക് പോയി. തുടർന്ന് ഫോണിലൂടെ മാതാവുമായി ബന്ധപ്പെട്ടിരുന്നു.
ഏഴ് വർഷം യു.പി യിൽ ജോലി ചെയ്ത മഞ്ജു, കഴിഞ്ഞ ജനുവരിയിൽ നാട്ടിൽ തിരിച്ചെത്തി. അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ഫെബ്രുവരിയിൽ തിരിച്ച് പോവുകയും ചെയ്തു. ജൂണിൽ വീണ്ടും എത്തിയപ്പോഴും മാതാവിനെ കുറിച്ച് ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് കൂടെ കഴിഞ്ഞിരുന്ന സജീഷിനോട് അന്വേഷിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ഓഗസ്റ്റിൽ പൊലിസിൽ പരാതി നൽകി. നിരവധി തവണ പൊലിസുമായി ബന്ധപ്പെട്ടപ്പോഴും അന്വേഷണം നടക്കുന്നുവെന്ന മറുപടിയാണ് ലഭിച്ചത്.
ഇതിനിടെ റോസിലി എറണാംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ലോട്ടറി വിൽപന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. എന്നാൽ നിരാശമാത്രമായിരുന്നു ഫലം.
മൂന്ന് മാസം മുമ്പാണ് ഓട്ടുപാറയിലെ ഉദയ നഗർ സെക്കൻ്റ് സ്ട്രീറ്റിൽ മഞ്ജു വാടകക്ക് താമസമാരംഭിച്ചത്. വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കും പോയിരുന്നു. ഇന്നലെ രാവിലെയാണ് ഹൃദയഭേദക വാർത്ത മഞ്ജു അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."