ഷമീര്‍ വധക്കേസ്: 11 പ്രതികള്‍ കുറ്റക്കാര്‍
തൃശൂര്‍: വടക്കേക്കാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷമീര്‍ വധക്കേസിലെ 11 പ്രതികള്‍ കുറ്റക്കാരാണെന്ന് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ഷമീര്‍ വധക്കേസിലെ പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ വടക്കേക്കാട് കുരുവിളയത്തു വീട്ടില്‍ ഉണ്ണികൃഷ്ണന്‍, ഐനിക്കര പുന്നയൂര്‍ സ്വദേശി പറയിരിക്കുപറമ്പില്‍ വലിയവളപ്പില്‍ സുരേഷ്, തിരുവളയന്നൂര്‍ സ്വദേശി ഉറുകുളങ്ങര വീട്ടില്‍ ചന്ദ്രന്‍, കല്ലൂര്‍ സ്വദേശികളായ വട്ടത്തൂര്‍ വീട്ടില്‍ ബാബു, പാട്ടത്തേയില്‍ വീട്ടില്‍ സുനില്‍, ചക്കംപറമ്പ് സ്വദേശി കുളിയാട്ടു വീട്ടില്‍ സജയന്‍, പുന്നയൂര്‍ സ്വദേശി മച്ചിങ്ങല്‍ വീട്ടില്‍ അനില്‍കുമാര്‍, കല്ലൂര്‍ എടക്കാട് വീട്ടില്‍ രഞ്ജിത്ത്, കൊമ്പത്തേയില്‍പടി സ്വദേശി കൊളത്താട്ടില്‍ വീട്ടില്‍ വിജയന്‍, പേങ്ങാട്ടുതറ സ്വദേശി ഐക്കപ്പാട്ടില്‍ വീട്ടില്‍ ശ്രീമോദ്, വൈലത്തൂര്‍ സ്വദേശി കൊട്ടാരപ്പാട്ടില്‍ സുധാകരന്‍ എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കൊലപാതകം, ഗൂഢാലോചന, സംഘം ചേരല്‍ തുടങ്ങി ഏഴോളം വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ മൊത്തം 13 പേരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പതിമൂന്നാം പ്രതിയെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതി പറയിരിക്കു പറമ്പില്‍ വലിയവളപ്പില്‍ സുരേഷ് മരിച്ചതോടെ 11 പ്രതികളാണ് കേസില്‍ നിലവിലുള്ളത്.
2005 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. മണികണ്‌ഠേശ്വരം പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവത്തോടനുബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ചെറിയ തര്‍ക്കം നടന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം ഉത്സവപറമ്പില്‍ വെച്ച് നന്ത്യാണതയ്യില്‍ മൊയ്തീന്റെ മകന്‍ ഷെമീറിനെ(21) ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി മോഹന്‍ദാസാണ് കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."