ഹൈക്കമാൻഡ് എങ്ങോട്ട്?
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വാശിയേറിയ മത്സരത്തിനു കളമൊരുക്കിയിരിക്കുന്നു. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയുമായി മല്ലികാർജുൻ ഖാർഗെ ഒരു വശത്ത്. വെല്ലുവിളിയുമായി ശശി തരൂർ മറുവശത്ത്. പോരാട്ടം അതിരൂക്ഷം. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിന് 2024ൽ നടക്കുന്ന തെരഞ്ഞെടുപ്പ് നിർണായകം തന്നെയാണ്. ഈ തെരഞ്ഞെടുപ്പു നേരിടാൻ പാർട്ടിയെ ശക്തിപ്പെടുത്തണം. സംഘടനാബലം തന്നെയാണ് രാഷ്ട്രീയമായി ഏറ്റവും വലിയ ബലം. ഒപ്പം രാജ്യത്തെ ബി.ജെ.പിവിരുദ്ധ ചേരിയെ മുഴുവൻ സംഘടിപ്പിച്ച് ഒരുമിച്ചുനിർത്തണം. അതിന് ഇന്നു ശേഷിയുള്ള ഒരേയൊരു കക്ഷി കോൺഗ്രസ് മാത്രമാണ്. ബി.ജെ.പി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ വേരോട്ടമുള്ള പാർട്ടി കോൺഗ്രസാണെന്നതാണ് കാരണം. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നതു ഹൈക്കമാൻഡിനു തന്നെയാണ്. സംഘടന ബലപ്പെടുത്തണമെങ്കിലും പ്രതിപക്ഷനിര കെട്ടിപ്പടുക്കണമെങ്കിലും നല്ല നേതൃത്വം വേണം. അതിന് ഹൈക്കമാൻഡിന്റെ ആശിർവാദത്തോടെ നിൽക്കുന്ന സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയാണ്.
പക്ഷേ ഖാർഗെ ഔദ്യോഗിക സ്ഥാനാർഥിയാണെന്ന് ഹൈക്കമാൻഡ് പരസ്യമായി സമ്മതിക്കുന്നില്ല. ആർക്കും മത്സരിക്കാവുന്ന തെരഞ്ഞെടുപ്പാണിതെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ പരസ്യമായി പ്രസ്താവിക്കുന്നു. ഔദ്യോഗിക സ്ഥാനത്തിരുന്ന് ആരും ഒരു സ്ഥാനാർഥിക്കു വേണ്ടിയും പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പു നിയന്ത്രിക്കുന്ന മധുസൂദനൻ മിസ്ത്രി കർശനമായ നിർദേശം നൽകുന്നു. എന്നിട്ടും ശശി തരൂരിനെ നിന്ദിച്ചും ഖാർഗെയെ വാഴ്ത്തിയും പ്രചാരണം കൊഴുക്കുന്നു.
തിരുവനന്തപുരത്തെത്തിയ ശശി തരൂരിന് കെ.പി.സി.സിയുടെ ഭാഗത്തുനിന്നു കിട്ടിയത് തണുത്ത പ്രതികരണം. മുൻ പ്രതിപക്ഷ നേതാവും മുൻ കെ.പി.സി.സി അധ്യക്ഷനുമായ രമേശ് ചെന്നിത്തല ഖാർഗെയ്ക്കു വേണ്ടി പ്രചാരണം നടത്താൻ ഗുജറാത്തിലേയ്ക്കു തിരിച്ചു. മറ്റു മൂന്നു സംസ്ഥാനങ്ങളിലും അദ്ദേഹം പ്രചാരണം നടത്തും. ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാത്തതുകൊണ്ട് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡിനെ പേടിക്കേണ്ടതില്ല. പക്ഷേ രമേശ് ഹൈക്കമാൻഡിന്റെ ഇംഗിതം നിറവേറ്റുകയാണെന്ന കാര്യം വസ്തുത മാത്രം.
കോൺഗ്രസ് സംഘടനയിൽ ഗാന്ധി കുടുംബത്തിനാണ് ഇന്നും പ്രാധാന്യം. ഒന്നും രണ്ടും യു.പി.എ സർക്കാരുകൾ അധികാരത്തിൽ വന്നത് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ്. പക്ഷേ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ബി.ജെ.പി പിടിമുറുക്കി. ഇന്ന് അവരുടെ ശക്തി അപാരമാണ്. അതിന് പിന്നിൽ എല്ലാ സന്നാഹങ്ങളുമായി ആർ.എസ്.എസുണ്ട്. പുറമെ, വിശ്വഹിന്ദു പരിഷത്ത് പോലെ വിവിധ ഹിന്ദുത്വ സംഘടനകളും. ഇതെല്ലാം ചേർത്തതാണ് സംഘ്പരിവാർ. ആൾബലവും കായികബലവും രാഷ്ട്രീയ ബലവുമെല്ലാം ശക്തമാക്കിയിരിക്കുന്നു സംഘ്പരിവാർ. മോദി-അമിത്ഷാ കൂട്ടുകെട്ട് ഭരണതലപ്പത്തുള്ള കരുത്തേറിയ അച്ചുതണ്ട്. ഈ മഹാശക്തിയെ നേരിടാൻ കഴിയുന്ന പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാനാണ് കോൺഗ്രസിൽ തയാറെടുപ്പു നടക്കുന്നത്.
രാഹുൽ ഗാന്ധി തന്നെയാണ് ഇപ്പോഴും കോൺഗ്രസിന്റെ നേതാവ്. നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ആളെന്ന നിലയ്ക്ക് അതു സ്വാഭാവികം മാത്രം. ഇൗ കുടുംബത്തിന് ഇപ്പോഴും കോൺഗ്രസിൽ വലിയ സ്ഥാനവും മതിപ്പുമുണ്ട്. അതൊന്നും ആർക്കും ചോദ്യം ചെയ്യാനുമാവില്ല. കോൺഗ്രസിലെ ജനപ്രിയ നായകൻ ഇപ്പോഴും രാഹുൽ ഗാന്ധിയാണെന്നർഥം. ഭാരത് ജോഡോ യാത്ര കടന്നുപോയ സ്ഥലങ്ങളിലൊക്കെയും രാഹുൽ ഗാന്ധിക്കു വലിയ വരവേൽപ്പാണു ലഭിച്ചത്. കേരളത്തിലും കർണാടകയിലും. കർണാടകയിൽ ഭരണം ബി.ജെ.പിയുടെ കൈയിലാണെങ്കിലും ജനങ്ങളുടെയിടയിൽ കോൺഗ്രസിനു വലിയ സ്വാധീനമുണ്ട്. അവിടെ രാഹുൽ ഗാന്ധി നടന്നുപോയ വഴികളിലൊക്കെ കിട്ടിയ വലിയ സ്വീകരണം ഇക്കാര്യം വിളിച്ചോതുന്നു.
ഇന്നും രാജ്യത്ത് ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ നിര കെട്ടിപ്പടുക്കാൻ ശേഷിയുള്ള പാർട്ടി കോൺഗ്രസ് തന്നെയാണ്. പക്ഷേ രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ ഇന്നു കോൺഗ്രസിനു ഭരണമുള്ളൂ. സംസ്ഥാനങ്ങളിലൊക്കെയും കോൺഗ്രസ് സംഘടന വളരെ ദുർബലം. എല്ലായിടത്തും പ്രാദേശിക പാർട്ടികൾ അല്ലെങ്കിൽ ബി.ജെ.പി ഭരണത്തിൽ ചരിത്രപരമായി ഒന്നിടവിട്ട ഇടവേളകളിൽ ഭരണം പിടിച്ചുപോന്നു. കേരളത്തിൽ പോലും തുടർച്ചയായി രണ്ടാമതും പരാജയം ഏറ്റുവാങ്ങി പ്രതിപക്ഷത്തിരിക്കുകയാണ് കോൺഗ്രസ്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ 1967നു ശേഷം കോൺഗ്രസ് ഭരണത്തിലെത്തിയിട്ടേയില്ല. പ്രഗത്ഭരായ നേതാക്കൾ പാർട്ടിയിൽ ഉയർന്നുവരാത്തതാണ് ഈ അപചയത്തിനു കാരണം. ഒരിടത്തും സംഘടനാ തെരഞ്ഞെടുപ്പില്ല. ഹൈക്കമാൻഡ് നോമിനേറ്റ് ചെയ്യുന്നവരാണ് സംഘടന നയിക്കുന്നത്. കൃത്യമായി തെരഞ്ഞെടുപ്പു നടന്നാൽ പ്രവർത്തകർക്ക് ഉത്സാഹം കൂടും. പ്രവർത്തകർക്കിടയിൽനിന്നു പ്രഗത്ഭരായ നേതാക്കൾ നേതൃസ്ഥാനത്തേക്കുയരും. തെരഞ്ഞെടുപ്പു മത്സരവുമെല്ലാം നല്ല രാഷ്ട്രീയപ്രവർത്തനമാവും. അത് കോൺഗ്രസ് സംഘടനയെ പുഷ്ടിപ്പെടുത്തും. 1992ൽ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുതന്നെ ഉദാഹരണം. ഒരു വശത്ത് എ.കെ ആന്റണി മത്സരിക്കാനിറങ്ങിയപ്പോൾ മറുവശത്ത് കെ. കരുണാകരന്റെ സ്ഥാനാർഥിയായി വയലാർ രവി പോരിനിറങ്ങി. തീ പാറുന്ന പോരാട്ടത്തിൽ ജയിച്ചത് വയലാർ രവി. യഥാർഥത്തിൽ ഈ മത്സരവും അതിനുവേണ്ടി നടന്ന തെരഞ്ഞെടുപ്പു പ്രവർത്തനവും പ്രചാരണവുമെല്ലാം കോൺഗ്രസിനുള്ളിലെ രാഷ്ട്രീയപ്രവർത്തനമായി മാറുകയായിരുന്നു. ആത്യന്തികമായി പാർട്ടി കേരളാ ഘടകത്തെ ഏറെ സജീവമാക്കി ഈ മത്സരം.
പക്ഷേ ദേശീയതലത്തിൽ താഴേ തട്ടു മുതൽ ഒരു തെരഞ്ഞെടുപ്പു നടത്താൻ സജ്ജമല്ല കോൺഗ്രസ് സംഘടന. അതുകൊണ്ട് സമർഥരായി പ്രവർത്തിക്കുന്ന നേതാക്കൾക്കു മുന്നോട്ടുവരാൻ കഴിയുന്നില്ല. മുതിർന്ന നേതാക്കളെ സന്തോഷിപ്പിച്ചും അവരുടെ സേവ പിടിച്ചും നടക്കുന്നവർ നേതാക്കളാകുന്നു. നോമിനേഷൻ സംസ്‌ക്കാരം തെരഞ്ഞെടുപ്പുകൾക്കു വഴിമാറി. കോൺഗ്രസ് നേരിടുന്ന കടുത്ത അപചയത്തിനു കാരണമിതാണ്.
തെരഞ്ഞെടുപ്പു പരിചയമില്ലായ്മ ഇപ്പോൾ നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെയും ബാധിച്ചിരിക്കുന്നു. കോൺഗ്രസിന്റെ വോട്ടർ പട്ടികയെപ്പറ്റി പരാതികൾ ഉയരുകയാണ്. എല്ലാ പി.സി.സികളിലുമായി 9000-ലധികം അംഗങ്ങൾ വോട്ടർമാരായുണ്ട്. എന്നാൽ ഇവരിൽ 3267 പേർക്ക് മേൽവിലാസമില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. വിലാസമില്ലെങ്കിൽ വോട്ടർമാരെ തിരിച്ചറിയാനാവില്ല. പ്രത്യേകിച്ച് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ. ഓരോ സംസ്ഥാനത്തും പി.സി.സി ആസ്ഥാനത്താണ് വോട്ടെടുപ്പു നടക്കുക. അംഗങ്ങൾ നേരിട്ടെത്തി വോട്ടു രേഖപ്പെടുത്തണം. വലിയ സംസ്ഥാനങ്ങളിൽ ഇതു വളരെ ദുഷ്‌ക്കരമാണ്. കേരളത്തിൽ 35 പി.സി.സി അംഗങ്ങളുടെ പേരിനോടൊപ്പമാണ് മേൽവിലാസം ഇല്ലാത്തത്. കേരളത്തിലായതുകൊണ്ട് വിലാസമില്ലെങ്കിലും ഇവരെ തിരിച്ചറിയാനാവുമെന്നതു വേറേ കാര്യം. ഉത്തർപ്രദേശ് പോലെയുള്ള വലിയ സംസ്ഥാനങ്ങളിൽ കാര്യങ്ങൾ അങ്ങനെയല്ല.
മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും കോൺഗ്രസ് പ്രസിഡൻ്റാവുമെന്നുമുള്ള കാര്യത്തിൽ സംശയം വേണ്ട. പക്ഷേ ശശി തരൂരിനെപ്പോലെ പ്രഗത്ഭനയ നേതാവിനെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് അടുപ്പിക്കരുതെന്ന നിർബന്ധ ബുദ്ധിയോടെ വലിയ സംഘം കോൺഗ്രസ് നേതാക്കൾ കഠിനാദ്ധ്വാനം ചെയ്യുന്നതെന്ത്? ഇവരൊക്കെയും ഹൈക്കമാൻഡിനോടു ചേർന്ന് നിൽക്കുന്നവരാണെന്നതാണ് ഏറെ ശ്രദ്ധേയം. ശശി തൂരിനെപ്പോലെ പ്രഗത്ഭനെ നേതൃസ്ഥാനത്തേയ്ക്കു വേണ്ടാ എന്നാണോ? അപ്പോൾ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോ? നരേന്ദ്ര മോദിയെ നേരിടാൻ ഖാർഗേയ്ക്കു കഴിയുമോ? കോൺഗ്രസ് നേതാക്കളെല്ലാവരും ഒന്നിച്ചുനിന്നാൽ മോദിയെ തോൽപ്പിക്കാനാവുമോ?
വ്യക്തമായ പ്രവർത്തന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ശശി തരൂർ ഖാർഗെയെ നേരിടുന്നത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന, ഈ രാജ്യത്തെ ഇന്നത്തെ നിലയിലേയ്ക്കു വളർത്തിയ കോൺഗ്രസിനു വലിയ പാരമ്പര്യവും പൈതൃകവുമുണ്ട്. 2024ലും കോൺഗ്രസ് പരാജയപ്പെട്ടാൽപ്പിന്നെ ഒരു തിരിച്ചുവരവ് ഒരിക്കലും എളുപ്പമാവില്ല. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടി ഇനിയെങ്കിലും പച്ചപിടിച്ചു വളരണമെങ്കിൽ മികവുള്ള നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയണം. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നിർണായകമാവുന്നത് ഈ സാഹചര്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."