മാനസയുടെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം, രാഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും
കണ്ണൂര്‍: കോതമംഗലത്ത് വെടിയേറ്റ് മരിച്ച മാനസയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം. രാഖിലിന് തോക്ക് ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ സംഘം കണ്ണൂരിലെത്തി. രാഖിലിന്റെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യും. ബാലിസ്റ്റിക് വിദഗ്ധര്‍ വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തി ഇന്നും പരിശോധന നടത്തും.
അതേസമയം ഗുരുതരമായ കാര്യമാണെന്ന് ബന്ധുക്കളാരും അറിഞ്ഞിരുന്നില്ലെന്ന് മാനസയുടെ പിതാവിന്റെ സഹോദരന്‍ വിജയന്‍ പറഞ്ഞു. മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപ്പോഴും ഇത്രയും ഗുരുതമായ പ്രശ്‌നമാണെന്ന് കരുതിയില്ല. രാഖിലിനെ കുടുംബക്കാര്‍ക്ക് അറിയില്ലായിരുന്നെന്നും പിതാവിന്റെ സഹോദരന്‍ പറഞ്ഞു. മാനസയുടെയും രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കും. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാകും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക.
മാനസയെ രഖില്‍ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശിയായ രഖില്‍ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി. മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അന്‍പത് മീറ്റര്‍ മാറിയുള്ള വാടകമുറിയിലാണ് രഖില്‍ താമസിച്ചിരുന്നത്. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രഖിലിനെ പകല്‍സമയത്ത് മുറിയില്‍ കാണാറില്ലെന്നാണ് വീട്ടുടമ നൂറുദ്ദീന്‍ പറയുന്നത്. ദിവസങ്ങളോളം കാണാതെ വന്നതോടെ വിളിച്ചപ്പോള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി പാലക്കാട് പോയെന്നായിരുന്നു മറുപടി. രഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."