രാജ്യത്തിന്റെ അന്തരീക്ഷം ദുഷിപ്പിക്കുന്നു; വിദ്വേഷ പ്രസംഗങ്ങള്‍ നിയന്ത്രിക്കണം: സുപ്രിം കോടതി
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ തടയാതെ ഭരണകൂടം നിഷ്‌ക്രിയത്വം കാണിക്കുകയാണെന്നും ഇത്തരം പ്രസംഗങ്ങള്‍ നിയന്ത്രിക്കണമെന്നും സുപ്രിംകോടതി. വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ അന്തരീക്ഷത്തെ മലീമസമാക്കുന്നതായും പരമോന്നത കോടതി നിരീക്ഷിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹര്‍പ്രീത് മന്‍സുഖാനി എന്നയാളാണ് ഹരജി സമര്‍പ്പിച്ചത്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിദ്വേഷ പ്രചരണങ്ങളെന്ന് ഹരജിയില്‍ പറയുന്നു. വംശഹത്യക്ക് ഇടവരുത്താനും ഭൂരിപക്ഷ ഹൈന്ദവ വോട്ടുകള്‍ നേടാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ ഹരജിയില്‍ വേണ്ടത്ര വിശദാംശങ്ങളില്ലെന്നും വസ്തുതകള്‍ അക്കമിട്ട് നിരത്തിയിട്ടില്ലെന്നും അവ്യക്തമായ അകവാശവാദങ്ങള്‍ മാത്രമേ ഉള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയായിരിക്കാമെങ്കിലും അതിന് ഉപോല്‍ബലകമായ വാദമുഖങ്ങളും കേസ് വിവരങ്ങളും കൃത്യമായി വിശദീകരിക്കുന്നതില്‍ ഹരജി പരാജയപ്പെട്ടതായി ബെഞ്ച് വിലയിരുത്തി.
ഹരജിക്കാരന് അമിക്കസ് ക്യൂറിയുടെ സഹായം ആവശ്യമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. എന്നാല്‍ ആവശ്യമായ തെളിവുകളെല്ലാം തന്റെ പക്കലുണ്ടെന്ന് ഹരജിക്കാന്‍ ബോധിപ്പിച്ചു. കോടതിക്ക് ഉത്തരവിറക്കാന്‍ വസ്തുതാപരമായ പശ്ചാത്തലം ആവശ്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെ വിശദമായ സത്യവാങമൂലം സമര്‍പ്പിക്കാമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. നവംബര്‍ ഒന്നിന് ഹരജി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."