പേപ്പട്ടികളെ കൊല്ലാന്‍ അനുമതി ലഭിക്കുമോ?; തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതിയില്‍
ഡല്‍ഹി: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. കൂടുതല്‍ പേര്‍ കക്ഷി ചേര്‍ന്നതിനാല്‍ വാദത്തിന് കൂടുതല്‍ സമയം വേണ്ടി വരുമെന്ന് വ്യക്തമാക്കി ജസ്‌റഅറിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, ദീപാവലി അവധി കഴിഞ്ഞു കേസ് എടുത്താല്‍ മതിയെന്ന ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. വാക്‌സിന്‍ സ്വീകരിച്ചിട്ടും പേ വിഷബാധയേറ്റ കുട്ടി മരിച്ച സാഹചര്യമുള്‍പ്പെടെ ഹരജിക്കാര്‍ നേരത്തെ ചൂണ്ടികാട്ടിയതാണ് കേസ് ഉടന്‍ പരിഗണിക്കാന്‍ കാരണം.
പേപ്പട്ടികളെയും അപകടകാരികളായ നായകളെയും കൊല്ലാന്‍ കേന്ദ്ര നിയമം അനുവദിക്കുന്നില്ല. തെരുവുനായകളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലാനുള്ള അനുമതി താല്‍ക്കാലികമായെങ്കിലും നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേസില്‍ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും.
പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ ദിവസേന നൂറുകണക്കിന് ആളുകള്‍ക്കാണ് നായയുടെ കടിയേല്‍ക്കുന്നതെന്നു കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരുവ്‌നായ്ക്കളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൊല്ലാനുള്ള അനുമതി തേടി കണ്ണൂര്‍ ജില്ലാപഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷയിലും സുപ്രിംകോടതി തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."