ജഡ്ജിയുടെ കൊലപാതകം: സുപ്രിംകോടതി സ്വമേധയാ കേസെടുത്തു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ധാന്‍ബാദ് അഡീഷനല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കീഴ്‌ക്കോടതി ജഡ്ജിമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി, പൊലിസ് മേധാവി എന്നിവര്‍ക്ക് ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.
ജഡ്ജിമാരുടെ കോടതിക്കകത്തും പുറത്തുമുള്ള സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും സുരക്ഷയുറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ എന്തെല്ലാം നടപടി സ്വീകരിക്കുന്നുണ്ടെന്ന് പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെല്ലായിടത്തും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നുണ്ട്. അതിനാല്‍ ജുഡീഷ്യറിയുടെ താല്‍പര്യം മുന്‍നിര്‍ത്തി ഈ വിഷയം വിശദമായി പരിശോധിക്കേണ്ടതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. തങ്ങള്‍ കേസെടുത്തത് ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ കേസിനെ ബാധിക്കില്ലെന്നും ഹൈക്കോടതിക്ക് കേസ് തുടരാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ജാരിയ എം.എല്‍.എയും ബി.ജെ.പി നേതാവുമായ സഞ്ജീവ് സിങിന്റെ സഹായി രഞ്ജയ് കൊല്ലപ്പെട്ടതടക്കമുള്ള സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിയാണ് ഉത്തം ആനന്ദ്. ഈ കേസിലെ പ്രതിയായ ഗുണ്ടാനേതാവിന്റെ ജാമ്യാപേക്ഷ ഉത്തം ആനന്ദിന്റെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."