മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം വീണ്ടും വിമര്‍ശനം
കൊച്ചി: മദ്യവില്‍പനശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യശാലകളിലെ സംവിധാനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മദ്യവില്‍പനശാലകള്‍ക്കു മുന്നിലുള്ള ആള്‍ക്കൂട്ടം സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ചോദിച്ചു.
ആള്‍ക്കൂട്ടം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. തിരക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികള്‍ അടുത്തമാസം 11ന് അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.
തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്.
മദ്യവില്‍പനശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണുള്ളത്. കുറേക്കൂടി പരിഷ്‌കൃതമായ രീതിയില്‍ മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് മദ്യവില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മുതലാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന 96 വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ അറിയിച്ചു.
ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 96 വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. പ്രധാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നേരത്തെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മദ്യശാലകളില്‍ സാമൂഹികഅകലം പാലിക്കുന്നതിനു നടപടി സ്വീകരിക്കാത്ത ബിവറേജസ് കോര്‍പറേഷന്റെ നിലപാടിനെ കോടതി നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."