ലോക്ക്ഡൗണിലെ പിഴ; രശീതുകള്‍ മാലയാക്കി ലോറി ഡ്രൈവറുടെ പ്രതിഷേധം
മഞ്ചേരി: വാഹനമേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ജീവിതം തകര്‍ക്കുന്ന വിവിധ വകുപ്പുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി മഞ്ചേരിയിലെ ലോറി ഡ്രൈവര്‍.
ലോക്ക്ഡൗണ്‍ കാലയളവില്‍ പിഴയൊടുക്കിയതിന്റെ രശീതുകള്‍ മാലയാക്കി കഴുത്തിലണിഞ്ഞായിരുന്നു പ്രതിഷേധം.
പുല്‍പ്പറ്റ വരിക്കക്കാടന്‍ റിയാസ് (36) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലിസ്, ജിയോളജി, റവന്യൂ, ഗതാഗത വകുപ്പുകളുടെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഒറ്റയാള്‍ സമരം. ഒന്നരവര്‍ഷത്തിനിടെ 150 തവണയാണ് റിയാസിന് പിഴ ഒടുക്കേണ്ടിവന്നത്. എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മാണമേഖലകളിലേക്ക് കല്ലുമായി പോകുമ്പോള്‍ പോലും വാഹനം തടഞ്ഞുനിര്‍ത്തി പണം പിരിക്കുകയാണെന്ന് റിയാസ് പറഞ്ഞു. പൊലിസ് പിടിച്ചാല്‍ 500 രൂപയാണ് വാങ്ങുക. ആര്‍.ടി.ഒ പിടികൂടിയാല്‍ 5,000 മുതല്‍ 12,000 വരെ ചോദിക്കും. ജിയോളജി, റവന്യൂ വകുപ്പുകളാണ് വല്ലാതെ പീഡിപ്പിക്കുന്നത്. ജിയോളജി വകുപ്പ് വാഹനം പിടികൂടിയാല്‍ 10,000 മുതല്‍ 25,000 രൂപ വരെ നല്‍കണം.
ഇതിനുപുറമെ ഒരുമാസക്കാലം ലോറി പിടിച്ചുവയ്ക്കുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധനകള്‍ നടത്തി പീഡിപ്പിക്കുന്നതിനാല്‍ കുടുംബം പട്ടിണിയിലാവുകയാണ്. പലപ്പോഴും വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുകപോലും ചെയ്യാതെയാണ് പണം പിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേരിയില്‍ നടത്തിയ ഒറ്റയാള്‍ സമരത്തിന് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് പിന്തുണയുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."