നാഥന്റെ വിളികേട്ട് 900പേര്‍ കൂടി പുണ്യഭൂമിയിലെത്തി
നെടുമ്പാശ്ശേരി: സര്‍വശക്തന്റെ അതിഥികളായി 900 പേര്‍കൂടി ഇന്നലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുണ്യഭൂമിയിലെത്തി. ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്കുശേഷം 4.30നും 5.30നും 7.30നും പുറപ്പെട്ട സഊദി എയര്‍ലൈന്‍സ് വിമാനങ്ങളിലാണ് തീര്‍ഥാടകര്‍ യാത്ര പുറപ്പെട്ടത്.
മുന്നൂറ് പേര്‍ വീതമാണ് ഓരോ വിമാനത്തിലുമുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടേണ്ടിയിരുന്ന എസ്.വി 5630, അഞ്ചരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എസ്.വി 5316 എന്നീ വിമാനങ്ങള്‍ സഊദി എയര്‍ലൈന്‍സ് റദ്ദ് ചെയ്തതിനെ തുടര്‍ന്ന് മൂന്ന് ചെറിയ വിമാനങ്ങളിലായാണ് യാത്രക്കാര്‍ പുറപ്പെട്ടത്. ഇതോടെ സംസ്ഥാനഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുണ്യഭൂമിയിലെത്തിയവരുടെ എണ്ണം മൂവായിരമായി.
ഇന്നലെ ആദ്യം പുറപ്പെട്ട വിമാനത്തില്‍ 350 പേര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും തിടുക്കത്തിലുള്ള തയാറെടുപ്പുകള്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു കരുതി അധികൃതര്‍ അടുത്തബാച്ചില്‍ നിന്ന് യാത്രക്കാരെ ഉള്‍പ്പെടുത്താതെ 50 സീറ്റുകള്‍ ഒഴിച്ചിടുകയായിരുന്നു. തീര്‍ഥാടകര്‍ ചെന്നിറങ്ങുമ്പോള്‍ യാത്രാസൗകര്യവും മറ്റും ഉടന്‍ തയാറാകുമോ എന്ന ആശങ്കയും വിമാനത്തിലെ സീറ്റ് അനുസരിച്ച് യാത്രക്കാരെ കയറ്റാതിരിക്കാന്‍ കാരണമായി.
വിമാനങ്ങളുടെ സമയക്രമം മാറിയത് ഒരു തരത്തിലും തീര്‍ഥാടകരെ ബാധിക്കാതിരിക്കാന്‍ ഓരോ വളണ്ടിയറും പ്രത്യേകം ശ്രദ്ധിച്ചു. ഒരുതരത്തിലുള്ള ആശയക്കുഴപ്പവുണ്ടാകാതെ മുന്‍ദിവസങ്ങളിലേതുപോലെ തന്നെയായിരുന്നു ഇന്നലെയും ഹജ്ജ് ക്യാംപ്. എട്ട് മാസം പ്രായമുള്ള മുഹമ്മദ് അസ്ഹറും ഇന്നലെ യാത്ര പുറപ്പെട്ടവരില്‍ ഉള്‍പ്പെടും.
ഇനി 7281 തീര്‍ഥാടകരാണ് കേരളത്തില്‍ നിന്ന് യാത്ര തിരിക്കാനുള്ളത്. ഇവരുടെ യാത്ര പൂര്‍ത്തിയായതിനുശേഷമായിരിക്കും ലക്ഷദ്വീപില്‍ നിന്ന് 285 പേരും മാഹിയില്‍ നിന്ന് 28 പേരും സംസ്ഥാനഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നിന്ന് പുറപ്പെടുക.
അതേസമയം, വരുംദിവസങ്ങളില്‍ മുന്‍നിശ്ചയിച്ച പ്രകാരം വിമാനങ്ങള്‍ പുറപ്പെടുമെന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം നാലിനു പുറപ്പെടുന്നതില്‍ 450 ഉം എട്ടിന് പുറപ്പെടുന്ന രണ്ടാമത്തേതില്‍ 350 ഉം തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്കു പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."