സഊദിയിൽ ഇന്ന് മുതൽ തൊഴിലിടങ്ങളിലും കടകളിലും പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം
റിയാദ്: സഊദിയിൽ ഇന്ന് മുതൽ കടകളിലും പൊതു ഇടങ്ങളിലും പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും. വാക്‌സിൻ സ്വീകരിക്കാത്തവർക്കും തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭ്യമല്ലാത്തവർക്കും പ്രവേശനം തടയപ്പെടും. രണ്ട് ഡോസ്, അല്ലെങ്കിൽ ഒരു ഡോസ് കൊറോണ വൈറസ് വാക്സിൻ വഴി രോഗപ്രതിരോധം നേടിയവരും കൊറോണ വൈറസ് ബാധിച്ച് സുഖപ്പെട്ടവരും ആയ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ, ചില വിഭാഗക്കാർക്ക് അവരുടെ പ്രായത്തിന്റെയും ആരോഗ്യസ്ഥിതിയുടെയും അടിസ്ഥാനത്തിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസിനെതിരെ കുത്തിവെപ്പ് എടുത്ത ആളുകളെ മാത്രമേ ഓഗസ്റ്റ് 1 മുതൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്തവ്യാപാര, റീട്ടെയിൽ സ്റ്റോറുകൾ, പബ്ലിക് യൂട്ടിലിറ്റി മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പുരുഷന്മാരുടെ ബാർബർഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് സഊദി അംഗീകരിച്ച വാക്സിനുകളിൽ ഒന്നോ രണ്ടോ ഡോസുകൾ സ്വീകരിക്കുകയോ വൈറസ് ബാധയേറ്റ് സുഖപ്പെടുകയോ ചെയ്യേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യം തവക്കൽന സ്റ്റാറ്റസ് പരിശോധിച്ച് ഇമ്മ്യൂൺ ആയെന്ന് ഉറപ്പ് വരുത്തിയായിരിക്കും പ്രവേശനം അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."