എല്ലാം ആ ലെനിന്‍ സഖാവിന്റെ പണിയാണ്
വി അബ്ദുല്‍ മജീദ്
നിയമസഭയിലെ കംപ്യൂട്ടറും കസേരയുമൊക്കെ തല്ലിപ്പൊളിച്ച കേസില്‍ പ്രതിയായി വിചാരണ നേരിടുന്നതിന്റെ പേരില്‍ ഒരു മന്ത്രി രാജിവയ്‌ക്കേണ്ട കാര്യമൊന്നുമില്ല. വല്ല ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കും അങ്ങനെ നിര്‍ബന്ധമുണ്ടെങ്കില്‍ അവരുടെ മന്ത്രിമാര്‍ ഇതുപോലെയുണ്ടാകുമ്പോള്‍ രാജിവച്ചാല്‍ മതി. തൊഴിലാളിവര്‍ഗ പാര്‍ട്ടികളില്‍ അങ്ങനെയൊന്നുമില്ല.
തൊഴിലാളിവര്‍ഗ വിപ്ലവപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ബൂര്‍ഷ്വാ കക്ഷികളെപ്പോലെ അധികാരത്തിനു വേണ്ടിയൊന്നുമല്ല. കമ്യൂണിസ്റ്റ് ആചാര്യന്‍ ലെനിന്‍ സഖാവ് പറഞ്ഞതുകൊണ്ടാണ് മനസില്ലാമനസോടെ അങ്ങനെ ചെയ്യുന്നത്. പൊതുവെ ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. പിന്നീടൊരിക്കല്‍ ഒരു വിപ്ലവപ്രവര്‍ത്തനമെന്ന നിലയില്‍ റഷ്യന്‍ പാര്‍ലമെന്റായിരുന്ന ഡ്യൂമയിലേക്ക് മത്സരിക്കാന്‍ ലെനിന്‍ പറഞ്ഞു. അങ്ങനെയാണ് ഈ പരിപാടി തുടങ്ങിയത്. ലെനിന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അംഗീകരിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.
ലെനിന്‍ അവിടെ നിര്‍ത്തിയില്ല. ബൂര്‍ഷ്വാ പാര്‍ലമെന്ററി ഭരണസമിതികളെ വര്‍ഗസമര വേദികളാക്കണമെന്നും പറഞ്ഞു. ബൂര്‍ഷ്വാ പാര്‍ലമെന്റുകള്‍ പന്നിക്കൂടുകളാണെന്നും ഒരിക്കല്‍ പറഞ്ഞു. അതെല്ലാം അംഗീകരിക്കുകയും നടപ്പാക്കുകയും വേണമല്ലോ. ഇഷ്ടത്തോടെയാണെങ്കിലും അല്ലെങ്കിലും പന്നിക്കൂട്ടില്‍ കയറിയാല്‍ പന്നികളെപ്പോലെ തന്നെ പെരുമാറണം. പിന്നെ വര്‍ഗസമരവും കൈയൊഴിയാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് അഴിമതിക്കാരനായ ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് അന്ന് ബലം പ്രയോഗിച്ചു തടയേണ്ടിവന്നത്. അതു ചെയ്തപ്പോള്‍ കുറച്ചു കസേരയും കംപ്യൂട്ടറുമൊക്കെ തകര്‍ന്നു. അല്ലെങ്കിലും തൊഴിലാളിവര്‍ഗത്തെ നേരിടാന്‍ ബൂര്‍ഷ്വാ ഭരണവര്‍ഗം കൊണ്ടുവന്ന ഉപകരണമാണല്ലോ കംപ്യൂട്ടര്‍. ബാങ്കുകളിലും സര്‍ക്കാര്‍ ഓഫിസുകളിലുമൊക്കെ കംപ്യൂട്ടര്‍ കൊണ്ടുവരുന്നതിനെതിരേ ഒരുകാലത്ത് പ്രസ്ഥാനം നടത്തിയ ഐതിഹാസിക സമരങ്ങള്‍ ആരും മറന്നുകാണില്ല.
അന്ന് അഴിമതിയുടെ പേരില്‍ സഭയില്‍ നേരിട്ട നേതാവിന്റെ പാര്‍ട്ടിയെ പിന്നീട് കൂടെ കൂട്ടുകയും ഭരണം പങ്കിടുകയുമൊക്കെ ചെയ്യുന്നതിലും യാതൊരു തെറ്റുമില്ല. അതിനും ഉത്തരവാദി ലെനിന്‍ സഖാവാണ്. ശത്രുചേരിയിലുണ്ടാകുന്ന ചെറിയ വിള്ളലുകള്‍ പോലും ഉപയോഗപ്പെടുത്തണമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. മാര്‍ക്‌സിസം- ലെനിനിസം അംഗീകരിക്കുന്നൊരു പാര്‍ട്ടിക്ക് ഇപ്പറഞ്ഞതൊക്കെ ചെയ്യാതിരിക്കാനാവില്ല.
ഇതൊക്കെ ചെയ്തിട്ടും ജനങ്ങള്‍ അതംഗീകരിച്ചു എന്നതും എല്ലാവരും മനസിലാക്കേണ്ടതുണ്ട്. അന്ന് സഭയില്‍ ഇങ്ങനെയൊക്കെ ചെയ്തുകൂട്ടിയവരെ ജനങ്ങള്‍ പിന്നെയും അവിടേക്കു തന്നെ തെരഞ്ഞെടുത്തയച്ചില്ലേ. ചിലര്‍ മന്ത്രിമാരുമായി. സഭയിലെ വര്‍ഗസമരത്തിനു കിട്ടിയ അംഗീകാരമാണത്. മാത്രമല്ല ഇനിയും ഇങ്ങനെയൊക്കെ ചെയ്യാനുള്ള ജനസമ്മതിയുമാണ്. അതുകൊണ്ട് തൊഴിലാളിവര്‍ഗ വിമോചനത്തിനു വേണ്ടി ഇനിയും ഇങ്ങനെ പലതും ചെയ്യേണ്ടിവരും.
പിന്നെ ഞങ്ങളുടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതും നിങ്ങള്‍ കേട്ടുകാണുമല്ലോ. സഭയില്‍ ഇങ്ങനെയുണ്ടാകുന്ന അക്രമങ്ങളുടെ കേസുകള്‍ ചില സാഹചര്യങ്ങളില്‍ പിന്‍വലിക്കേണ്ടിവരുമെന്ന്. യു.പി, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ സംഭവിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. യു.പിയും മഹാരാഷ്ട്രയുമൊക്കെയാണല്ലോ ഇപ്പോള്‍ പ്രബുദ്ധകേരളത്തിന് മാതൃകകള്‍. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എം.എല്‍.എമാര്‍ സഭയില്‍ എന്തു പാതകം ചെയ്താലും അവരെ പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ ബാധ്യത തന്നെയാണ്. ഇക്കാര്യവും ലെനിന്‍ പറഞ്ഞിട്ടുണ്ടാവാം. ഇല്ലെങ്കില്‍ പറയണമായിരുന്നു.
ഒരു കാപ്‌സ്യൂളുണ്ടാക്കാന്‍ വേണ്ടി തുടങ്ങിയ പണിയാണ്. അതു മുന്നേറിയപ്പോള്‍ കാപ്‌സ്യൂളിനു പുറമെ കുറെ വേറെ ഗുളികകളും വാക്‌സിനുമൊക്കെ ഉണ്ടായിവന്നു. സാരമില്ല. പാര്‍ട്ടിയുടെ ന്യായീകരണത്തൊഴിലാളികള്‍ ആവശ്യാനുസരണം ഇതില്‍ ഏതു വേണമെങ്കിലും എടുത്തു പ്രയോഗിച്ചോട്ടെ, അല്ലേ ജയരാജേട്ടാ.
എല്ലാം അര മന്ത്രിക്കു വേണ്ടി
ദിവസങ്ങളോളം ഭക്ഷണം കിട്ടാതിരുന്ന ഒരാള്‍ക്ക് ഒരുദിവസം ഭക്ഷണം കിട്ടിയാല്‍ അതു പെട്ടെന്ന് വെട്ടിവിഴുങ്ങാന്‍ ശ്രമിച്ചെന്നു വരും. അപകടകരമായിരിക്കും അതിന്റെ ഫലം. ചിലപ്പോള്‍ മരണം പോലും സംഭവിച്ചേക്കും. ആ ആക്രാന്തത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഏതു ജീവിയിലും അതങ്ങനെയായിരിക്കും.
ഏതാണ്ട് അതേ അവസ്ഥയിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആള്‍ബലമുണ്ടെന്ന് നേതാക്കള്‍ പറയുന്ന ഐ.എന്‍.എല്‍ എന്ന ദേശീയ പാര്‍ട്ടിയുടെ അവസ്ഥ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായൊരു സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിം ലീഗിന് സമുദായസ്‌നേഹത്തില്‍ തീവ്രതയും ആദര്‍ശവിശുദ്ധിയും പോരെന്നു പറഞ്ഞ് ആ പാര്‍ട്ടി വിട്ടവര്‍ രൂപം നല്‍കിയ ഐ.എന്‍.എല്‍ അന്നുമുതല്‍ ഇടതുമുന്നണിക്കൊപ്പമാണ്. തുടക്കത്തില്‍ പ്രഗത്ഭരെന്നു പേരുകേട്ട നേതാക്കളുണ്ടായിട്ടും, നീണ്ട 27 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മുന്നണിയില്‍ മര്യാദയ്‌ക്കൊരു കുടികിടപ്പു പദവിപോലും പാര്‍ട്ടിക്കു കിട്ടിയില്ല. അജ്ഞാതമായ എന്തൊക്കെയോ കാരണങ്ങളാല്‍ മുന്നണിയുടെ വളപ്പിലേക്ക് പാര്‍ട്ടിക്ക് പ്രവേശനം നല്‍കിയില്ല. ഇതിനിടയില്‍ ഇടതുമുന്നണി പലതവണ അധികാരത്തില്‍ വന്നിട്ടും അധികാരത്തിന്റെ ഏഴയലത്തുപോലും അടുപ്പിച്ചില്ല. എന്നുമാത്രമല്ല, ജയിക്കുമെന്നുറപ്പുള്ള ഒരു നിയമസഭാ സീറ്റ് പോലും മത്സരിക്കാന്‍ കിട്ടിയതുമില്ല. ഇതിനിടയില്‍ പാര്‍ട്ടിയുടെ ഒരു നേതാവിന് ജയിച്ച് നിയമസഭയിലെത്താനായത് 2006ല്‍ മാത്രമാണ്. ആ എം.എല്‍.എ തന്നെ അവഗണന മടുത്ത് കാലാവധി തീരുന്നതിനു മുമ്പ് മുസ്‌ലിം ലീഗിലേക്കു തിരിച്ചുപോയി.
ഈ കാലയളവിനിടയില്‍ പാര്‍ട്ടിയില്‍ പലതവണ ഭിന്നിപ്പും പിളര്‍പ്പുമൊക്കെയുണ്ടായി. ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളെന്ന് ആരോപിക്കപ്പെട്ടിരുന്ന കോഴിക്കോട്ടെ കൊടുവള്ളി, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് അണികള്‍ ചോര്‍ന്നുപോയി ലീഗിലെത്തി. ഇതിനിടയില്‍ പാര്‍ട്ടിയില്‍ വന്നു ലയിച്ചെന്നു കേട്ട പി.ടി.എ റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എപ്പോഴോ പിരിഞ്ഞുപോയി. അതെപ്പോള്‍ സംഭവിച്ചെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല.
എന്നിട്ടും ചില നേതാക്കള്‍ സമുദായത്തെയോര്‍ത്ത് കഷ്ടപ്പെട്ട് പാര്‍ട്ടിയില്‍ തന്നെ പിടിച്ചുനിന്നു. ഒടുവില്‍ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിന് സഹതാപം തോന്നി അടുത്തകാലത്ത് പാര്‍ട്ടിയെ മുന്നണിയിലെടുത്തു. ഇത്തവണ ജയിച്ചുവന്ന ഒരേയൊരു എം.എല്‍.എയ്ക്ക് അര മന്ത്രിസ്ഥാനവും നല്‍കി. രണ്ടര വര്‍ഷത്തേക്ക്. അതോടെ പാര്‍ട്ടിയില്‍ പുതിയ കുഴപ്പങ്ങളും തുടങ്ങി.
ദീര്‍ഘകാലം കിട്ടാത്ത അധികാരം കിട്ടിയതിലുള്ള ആക്രാന്തം മൂലമാവാം, മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് പുറത്തുവന്ന ഉടന്‍ വലിയതോതിലുള്ള അഴിമതി ആരോപണങ്ങളും പാര്‍ട്ടി നേതാക്കള്‍ വഴി തന്നെ പുറത്തുവരാന്‍ തുടങ്ങി. മന്ത്രിക്കെതിരേ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കമുണ്ടായി. ഒടുവില്‍ നാട്ടുകാരുടെ മുന്നില്‍ പാര്‍ട്ടി പരസ്യമായി തല്ലിപ്പിളര്‍ന്നു. പിറകെ പരസ്യമായ വിഴുപ്പലക്കലും.
ഉള്ള മന്ത്രിയെ പുറത്താക്കാനും പകരം പി.ടി.എ റഹീമിനെ കൂടെ കൊണ്ടുവന്ന് മന്ത്രിയാക്കാനും വിഘടിത വിഭാഗം നീക്കം തുടങ്ങി. ഇത്രയുമായപ്പോള്‍ ഇങ്ങനെ പോയാല്‍ മന്ത്രിസ്ഥാനം തിരിച്ചെടുക്കേണ്ടിവരുമെന്ന് സി.പി.എം കണ്ണുരുട്ടി. ഇതോടെ കച്ചമുറുക്കി അങ്കത്തിനൊരുങ്ങിനിന്ന ചേകവന്‍മാര്‍ അയഞ്ഞു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ആറ്റുനോറ്റിരുന്നു കിട്ടിയ മന്ത്രിക്കസേര പോയാല്‍ അതോടെ തീര്‍ന്നില്ലേ കാര്യം.
ഏതായാലും ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് ഐ.എന്‍.എല്‍ നേതാക്കള്‍ കഷ്ടപ്പെട്ട് തമ്മിലടിക്കുകയും വീണ്ടും യോജിക്കുകയുമൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ ഇത്തിരി ആശ്വാസമുണ്ട്. രണ്ടര വര്‍ഷത്തെ ഈ മന്ത്രിസ്ഥാനമില്ലെങ്കില്‍ ന്യൂനപക്ഷങ്ങളും മറ്റു പിന്നോക്കക്കാരുമൊക്കെ നിരാലംബരായിപ്പോകില്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."