ഇലന്തൂർ ഇരട്ട നരബലി; പ്രതികൾ ജയിലിൽ; സമാനതകളില്ലാത്ത ക്രൂരതയെന്ന് റിമാൻഡ് റിപ്പോർട്ട്
കൊച്ചി • ദുർമന്ത്രവാദത്തിന്റെ ഭാഗമായുള്ള ഇരട്ട നരബലിയിൽ സമാനതകളില്ലാത്ത ക്രൂരത വിവരിച്ച് പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. അതിക്രൂരമായാണ് റോസ്‌ലിനെയും പത്മത്തെയും പ്രതികൾ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിനിമയിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ജൂണിൽ റോസ്‌ലിനെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. വീട്ടിൽ കട്ടിലിൽ കെട്ടിയിട്ട ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. പിന്നീട് പ്രതികൾ മൃതദേഹം വെട്ടിനുറുക്കി ബക്കറ്റിലാക്കി കുഴിച്ചിട്ടു.
കഴിഞ്ഞ മാസം 26ന് എറണാകുളത്തുനിന്ന് കാറിലാണ് പത്മയെ ഷാഫി ഇലന്തൂരിലേക്കു കൊണ്ടുപോയത്. 15000 രൂപ നൽകാമെന്നു പറഞ്ഞാണ് ഭഗവൽ സിങിന്റെയും ഭാര്യയുടേയും അടുത്തെത്തിച്ചത്. വീട്ടിലെത്തിയ ഉടൻ പത്മ പണം ആവശ്യപ്പെട്ടു.
ഇതോടെ മൂവരുമായി തർക്കത്തിലായി. ഇതിനിടെ കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ കുരുക്കി ബോധം കെടുത്തിയ ശേഷം പത്മയെ മൂവരും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൂന്നുപേരും ചേർന്നാണ് പത്മയെയും കുഴിച്ചിട്ടത്.
സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനായി ദേവീ പ്രീതിക്ക് മനുഷ്യക്കുരുതി നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നും നരബലിക്കു പുറമേ പ്രതികൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നോ എന്നു കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ 26 വരെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ പൊലിസ് ഉടൻ സമർപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."