കാണാതായ വനിതാ സി.ഐയെ കണ്ടെത്തി
പനമരം (വയനാട്) • കാണാതായ പനമരം പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എ എലിസബത്തിനെ (54) തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്തുള്ള റിട്ട. വനിതാ സി.ഐയുടെ വീട്ടിലായിരുന്നു ഇവരുണ്ടായിരുന്നത്. വിവരത്തെ തുടർന്ന് പൊലിസും ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ഇന്നലെ രാവിലെയാണ് എലിസബത്ത് തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം ലഭിച്ചത്. ഒക്ടോബര്‍ 10നാണ് കോടതി ആവശ്യവുമായി ബന്ധപ്പെട്ട് ഇവർ പാലക്കാടേക്ക് പോയത്.
തുടർന്ന് കാണാതാകുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫായ നിലയിലായിരുന്നു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാല്‍, പനമരം പൊലിസ് കല്‍പ്പറ്റയിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് കോഴിക്കോട്ടെ എ.ടി.എമ്മിൽ നിന്ന് ഇവർ പണം എടുത്തതായി വിവരം ലഭിച്ചിരുന്നു. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും പിന്നീട് വേളാങ്കണ്ണിയിലേക്കും തുടർന്ന് തിരുവനന്തപുരത്തേക്കും പോയതായാണ് ലഭിക്കുന്ന വിവരം. ജോലിയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടായതായി എലിസബത്ത് ചില സഹപ്രവർത്തകരോട് പറഞ്ഞതായി സൂചനയുണ്ട്. മൂന്നുമാസമായി പനമരം സ്റ്റേഷന്റെ ചുമതല എലിസബത്തിനാണ്. തുടർ നടപടികളുടെ ഭാഗമായി ഇവരെ ഇന്ന് മാനന്തവാടി കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."