റഫി സാബിലെ വിശ്വാസി
എ.വി ഫര്‍ദിസ്
മുഹമ്മദ് റഫി എന്ന ഗായകനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയില്‍ തുടക്കമായിട്ട് ഏകദേശം എട്ടുപതിറ്റാണ്ടു പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാകും. 1980 ല്‍ അദ്ദേഹം മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ഗാനങ്ങളെയും ആലാപനത്തിന്റെ വ്യത്യസ്തകളെക്കുറിച്ചുമെല്ലാമായിരുന്നു പ്രധാന ചര്‍ച്ചകളെങ്കില്‍ അതിനുശേഷമായിരിക്കും മുഹമ്മദ് റഫി എന്ന വ്യക്തിത്വത്തെക്കുറിച്ചുള്ള സമഗ്രമായ രീതിയിലുള്ള അന്വേഷണങ്ങളും ചര്‍ച്ചകളുമെല്ലാം കൂടുതല്‍ ഉണ്ടാകുവാന്‍ തുടങ്ങിയത്.
ഭാരതം ലോകത്തിന് മുന്‍പില്‍ കാഴ്ചവച്ച പകരംവയ്ക്കാനില്ലാത്ത ഈ ഗായകന്റെ വിശ്വാസ സംബന്ധിയായ ചര്‍ച്ചയ്ക്ക് വലിയ പ്രസക്തിയില്ലെന്നുള്ള മുന്‍വിധി കൊണ്ടായിരിക്കാം കൂടുതല്‍ വായനകള്‍ അധികം നടക്കപ്പെടാതെ പോയതെന്നു തോന്നുന്നു. കൂടാതെ, പൊതുവെ സാഹിത്യരംഗത്തായാലും കലാരംഗത്തായാലും തന്റെ മതവിശ്വാസവും ദൈവവിശ്വാസവുമെല്ലാം തന്നില്‍ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളെ ഈ മേഖലകള്‍ അംഗീകരിക്കാതിരിക്കുന്ന ഒരു രീതിയാണല്ലോ. പലപ്പോഴും അങ്ങനെ പറയുന്നവരെ പിന്തിരിപ്പന്‍മാരായി കാണുകയെന്ന സമൂഹത്തിന്റെ മുന്‍വിധി (പ്രത്യേകിച്ച് മുസ്‌ലിം പേരുള്ളവരാകുമ്പോള്‍) കൂടിയാണ് റഫി സാബിനെക്കുറിച്ചുള്ള ഇത്തരം ചര്‍ച്ചകള്‍ അധികം രേഖപ്പെടുത്താതെ പോയതിനുള്ള കാരണവും.
ജീവിതത്തിലുടനീളം ലോകൈകനാഥനായ അല്ലാഹുവിന്റെ അടിമയെന്ന നിലക്ക് പടച്ചവനെ പേടിച്ച് സൂക്ഷ്മതയോടെ, ജീവിക്കേണ്ടവനാണ് താനെന്ന വിശ്വാസവും ബോധ്യവും മുറുകെപ്പിടിച്ചയാളായിരുന്നു മുഹമ്മദ് റഫി സാബ്. ഇസ്‌ലാമിക വിശ്വാസങ്ങളില്‍ അടിയുറച്ചുനീങ്ങിയിരുന്ന കുടുംബത്തില്‍ നിന്നു തന്നെയാണ് അദ്ദേഹത്തിന് ഈ ബോധ്യം ലഭിച്ചത്. എന്നാല്‍ ഇത്തരമൊരു കുടുംബത്തില്‍ പിറന്ന കുട്ടി പാട്ടിന്റെ വഴിയിലെത്തിയത്, ഗ്രാമത്തില്‍ പാട്ടുമായി എത്തിയിരുന്ന നാടോടിയായ സൂഫിയെപോലുള്ള ഒരു ഫക്കീറില്‍ നിന്നാണ്. (സംഗീത സംവിധായകനായ ശേഖറിന്റെ മകനും ഇങ്ങനെ ഒരു സൂഫിയുടെ ഉപദേശത്തില്‍ നിന്നു തന്റെ ജീവിതചര്യയില്‍ മാറ്റം വരുത്തുകയും എ.ആര്‍ റഹ്മാന്‍ എന്ന പേര് സ്വീകരിച്ച് ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയുമായിരുന്നല്ലോ) ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ കടന്നുവരുന്ന ഈ സൂഫീസമാനനായ ആളുടെ പിന്നാലെ അദ്ദേഹത്തിന്റെ പാട്ടുകളും അനുകരിച്ച് പാടിനടന്ന ഗ്രാമീണരുടെ പ്രിയ ഫീക്കോ (മുഹമ്മദ് റഫി), പിന്നീട് ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിയിലെ കോട്ട്‌ലാ സുല്‍ത്താന്‍ സിങ് ഗ്രാമത്തിലെ ഗ്രാമീണര്‍ക്കായി പാട്ടുപാടുന്ന ആ ഗ്രാമത്തിന്റെ പാട്ടുകാരനായി മാറുകയായിരുന്നു.
എല്ലാവരോടും എപ്പോഴും സുസ്മരവേദനനായി ഇടപെടുന്ന, വളരെ താഴ്ന്ന സ്വരത്തില്‍ സംസാരിക്കുന്ന റഫി സാബിന്റെ ശബ്ദം ഉയര്‍ന്നുപൊങ്ങിയത്, പാട്ടുപാടുമ്പോള്‍ മാത്രമായിരുന്നു. എല്ലാവരോടും ഇഷ്ടം, ആരോടുമില്ല വെറുപ്പ് എന്നത് മനസാ വാചാ കര്‍മണാ തന്റെ ജീവിതത്തില്‍ ശീലമാക്കിയതിനാല്‍ മറിച്ചൊരു ചിന്തക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ സ്ഥാനമില്ലായിരുന്നു. ഒരു വിശ്വാസി അവന്റെ ഭൗതികമായ ഓരോ ഉയര്‍ച്ചയിലും കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാകും. റഫി സാബിന്റെ ജീവിതവും ഇതിന് നല്ലൊരു ഉദാഹരണമായിരുന്നു. മരുമകള്‍ യാസ്മീന്‍ ഖാലീദ് റഫി ഇതിനെക്കുറിച്ച് തന്റെ ഓര്‍മകളില്‍ പറയുന്നത് കൂടി കൂട്ടിചേര്‍ത്തുവായിക്കുമ്പോള്‍ നമുക്കിത് വ്യക്തമായി മനസിലാകും. ഒരിക്കല്‍ വീട്ടില്‍ ഉള്ള സമയത്ത്, യാസ്മീന്‍, അബ്ബായെപ്പോലെ സുന്ദര ശബ്ദത്തില്‍ പാടുന്നവര്‍ വേറെയാരുമില്ലെന്നാണെന്നാണല്ലോ എല്ലാവരും പറയുന്നതെന്ന് ചോദിച്ചപ്പോള്‍ റഫി സാബിന്റെ മറുപടി ഇങ്ങനെയായിരുന്നുവത്രേ. ഒരിക്കലും അങ്ങനെ പറയരുത് മകളെ, കാരണം അല്ലാഹു ഒരിക്കലും ഇത്തരം ഗരിമ നിറഞ്ഞ വാക്കുകള്‍ ഇഷ്ടപ്പെടില്ലെന്നായിരുന്നു!.
ആത്മീയബോധം
ഹിന്ദി സിനിമാഗാന രംഗത്ത് താന്‍ പറഞ്ഞാല്‍ എന്തും നടക്കുമായിരുന്ന ഒരു ഘട്ടത്തില്‍പോലും റഫി സാബ് തന്റേതായ വഴിവിട്ട് സഞ്ചരിച്ചുകൊണ്ട് തന്റെ ജീവിത മൂല്യങ്ങളില്‍ നിന്ന് വഴിമാറി അധാര്‍മികതയുടേതായ രീതിയിലേക്ക് മാറുവാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. താന്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന ചലച്ചിത്രമേഖലയില്‍ ഇത്തരമൊരു നിഷ്ഠ കര്‍ക്കശമായി പുലര്‍ത്തുകയെന്നത് ഒരു ദുഷ്‌കരമായ കാര്യം തന്നെയായിരുന്നു. എന്നാല്‍ തന്റെ വിശ്വാസദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹത്തിന് ജീവിതാന്ത്യം വരെ ഇതു നിലനിര്‍ത്താനായത്. റഫി സാബ് വിചാരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മക്കളില്‍ പലരെയും ഹിന്ദി സിനിമാമേഖലയുമായി ബന്ധപ്പെട്ട പലയിടത്തും എത്തിക്കാമായിരുന്നു. പക്ഷേ, റഫി സാബിലെ വിശ്വാസപൂരിതമായ മനസ് ഇത്തരം കാര്യങ്ങളിലേക്കൊന്നും ബോധപൂര്‍വം താല്പര്യമെടുക്കാതിരിക്കുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ട ചിലരൊക്കെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ മേഖലയില്‍ എത്തിപ്പെട്ടിട്ടും താന്‍ പുലര്‍ത്തിയതുപോലെ ഒരു സൂക്ഷ്മതാ ബോധം ഇവര്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുമോയെന്ന പേടി തന്നെയായിരുന്നുവത്രേ ഇതിനു കാരണം.
ഹിന്ദി സിനിമാ സംഗീതമേഖലയില്‍ പരസ്പരം കുതികാല്‍വെട്ടലും തന്റെ പിന്നാലെ വളര്‍ന്നുവരുന്നവരെ നശിപ്പിക്കലടക്കം സ്ഥിരം ഏര്‍പ്പാടുകളായി നിന്ന സമയത്തുപോലും ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്കൊന്നും നില്‍ക്കാന്‍ തങ്ങളുടെ അബ്ബ തയ്യാറാകാതിരുന്നില്ലെന്നും, എനിക്കുള്ളത് അല്ലാഹു എനിക്കുതന്നെ തരുമെന്ന് പറയുമായിരുന്നുവെന്നും മക്കളുടെയും മരുമക്കളുടെയുമെല്ലാം പല അഭിമുഖങ്ങളിലും പിന്നീട് വന്നിട്ടുണ്ട്. 1970കളുടെ മധ്യത്തോടെ റഫിക്ക് പകരം കിഷോര്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നപ്പോഴും എനിക്കുള്ളത് എന്റെയടുത്ത് തന്നെ എത്തുമെന്ന പ്രകൃതമായിരുന്നു റഫി സാബിന്. അതുമാത്രമല്ല, കിഷോറുമായി ഏറ്റവുമടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചതും ഇദ്ദേഹത്തിലെ സത്യവിശ്വാസത്തിന്റെ ഭാഗമായുള്ള സ്വാഭാവഗുണം തന്നെയായിരുന്നു. മനസിലെ ഈ നന്മ അദ്ദേഹത്തെ വീണ്ടും 1977ല്‍ ഹം കിസിസേ കം നഹീ എന്ന ചലച്ചിത്രത്തിലെ ക്യാഹൂവാ തേരാവാദാ, വോ കസം, വോ ഈരാധാ എന്ന പാട്ടിലെത്തിക്കുകയും പിന്നീട് ദേശീയ പുരസ്‌കാരം വരെ തേടിയെത്തുന്നതിന് കാരണമായിട്ടുമുണ്ട്.
ഹജ്ജും വിശ്വാസവും
ഹജ്ജിന് പോയി മടങ്ങിവന്ന സമയത്ത് റഫി സാബിന് പാട്ടിനോടും സംഗീതത്തോടുമെല്ലാമുള്ള താല്‍പര്യം കുറേ ഇല്ലാതായി. പിന്നീട് മുംബൈയില്‍ നിന്ന് ലണ്ടനിലെ മക്കളുടെ അടുത്തേക്ക് പോയി. പലരും പാടുവാന്‍ വിളിച്ചെങ്കിലും കൂടുതല്‍ ഇസ്‌ലാമികമായ ആരാധനാകാര്യങ്ങളില്‍ താല്‍പര്യമെടുക്കുകയായിരുന്നു അദ്ദേഹം. പിന്നീട് മക്കളിലൂടെ ഇക്കാര്യമറിഞ്ഞ പള്ളിയിലെ ഇമാമാണ് അദ്ദേഹത്തെ മറ്റൊരു തീരുമാനമെടുക്കുവാന്‍ പ്രേരിപ്പിച്ചത്. റഫി സാബ്, പടച്ചവന്‍ നിങ്ങള്‍ക്ക് തന്ന അനുഗ്രഹമാണ് മറ്റാര്‍ക്കുമില്ലാത്ത ഈ ശബ്ദം. കൂടുതല്‍ നന്മകള്‍ ചെയ്യുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുവാനുള്ള ഉപാധിയാക്കി മാറ്റുവാനാണ് താങ്കള്‍ ഈ അനുഗ്രഹത്തെ ഉപയോഗിക്കേണ്ടതെന്നും അല്ലാതെ അതില്‍ നിന്ന് ഒളിച്ചോടുകയല്ല വേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചതിലൂടെ വീണ്ടും പാടുവാന്‍ റഫി സാബ് സമ്മതം മൂളുകയായിരുന്നു. കൂടാതെ സംഗീത സംവിധായകന്‍ നൗഷാദും അദ്ദേഹത്തെ പാട്ടിന്റെ മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ഏറെ ശ്രമം നടത്തിയിരുന്നു.
വേണ്ടത്ര സ്ഥിരീകരണമില്ലെങ്കിലും, ഹജ്ജിനായി മക്കത്ത് പോയപ്പോള്‍ ബിലാല്‍ ബാങ്ക്‌കൊടുത്ത മക്കത്ത് ബാങ്ക് കൊടുക്കണമെന്നാരാഗ്രഹം റഫി സാബിനുണ്ടായിരുന്നു. എന്നാല്‍ സഊദി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവിടെ പാലിക്കപ്പെടുന്ന നടപടിക്രമങ്ങള്‍ ഇതിനായി തെറ്റിച്ചുകൊണ്ട് ഒരു തീരുമാനം എടുക്കില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. അതോടെ അദ്ദേഹം ആ മോഹം മനസിലടക്കുകയായിരുന്നു. പല പാട്ടുകളിലും ബാങ്കിന്റെ വരികളും മുസ്‌ലിം ഭക്തിഗാനങ്ങളും ആലപിക്കുമ്പോഴും ഇത്തരം വിഷയങ്ങളോടുള്ള പാഷന്‍ റഫി സാബിന്റെ ആലാപനത്തിലൂടെ നമുക്ക് കേട്ടറിയുവാന്‍ സാധിക്കും. ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ഈദ് മുബാറക്, നല്‍കിക്കൊണ്ടുള്ള മേരാ ദോസ്ത് തൂജോ തേരാ മീദ് മുബാറക്ക്, യേ സാസ് നാ ആയാ, നയാ ഗീത് മുബാറക്ക് എന്ന പാട്ടിന്റെ അദ്ദേഹത്തിന്റെ ആലാപനം. ഇതുകൂടാതെ യാ മുഹമ്മദ് ഖം കേ ഖാരേ, ദര്‍ബാര്‍ ഇ മദീനാ ദേക്ക് തുടങ്ങിയ അനേകം ഗാനങ്ങളിലും ഇത് നമുക്കനുഭവിച്ചറിയാം.
കൃത്യനിഷ്ഠത
സ്റ്റുഡിയോയില്‍ റിക്കോര്‍ഡിങ് നടക്കുന്ന സമയത്തുപോലും ബാങ്ക് കൊടുത്താല്‍ അദ്ദേഹം തൊട്ടടുത്ത മസ്ജിദിലേക്ക് നിസ്‌കരിക്കുവാനായി പോകും. ഇതുപോലെ റമദാനായാല്‍ പരമാവധി റിക്കോര്‍ഡിങ് പിന്നീടേക്ക് മാറ്റിവയ്ക്കുന്ന പതിവുമുണ്ടായിരുന്നു. റമദാനിന്റെ അവസാനത്തെ പത്തില്‍ മുംബൈ ബാന്ദ്രയിലെ പള്ളിയില്‍ സജീവമായ ആത്മീയ കാര്യങ്ങളില്‍ ഇടപഴകുന്ന റഫി സാബിനെക്കുറിച്ച് സമീപവാസികള്‍ ഓര്‍മിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിനായി പോകുമ്പോള്‍ കൈനിറയെ പണവുമായി പോകുന്ന അദ്ദേഹം പ്രാര്‍ഥന കഴിഞ്ഞശേഷം ആവശ്യക്കാരായ എല്ലാവര്‍ക്കും തന്റെ കൈയിലുള്ള പണം വിതരണം ചെയ്തശേഷമായിരിക്കും വീട്ടിലേക്ക് തിരിച്ചുവരാറുള്ളത്.
ഒരിക്കല്‍ വിദേശ പര്യടനത്തിനായി പോകുമ്പോള്‍ സമൂഹത്തിലെ കഷ്ടപ്പെടുന്നവര്‍ക്കായി ഈ യാത്രയില്‍ എന്തെങ്കിലും ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതായി സംഗീത സംവിധാകന്‍ നൗഷാദിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അന്ന് ഇന്ത്യയില്‍ അപൂര്‍വമായിരുന്ന ഡയാലിസിസ് മെഷീന്‍ കൊണ്ടുവരാമെന്നേറ്റു. എന്നാല്‍ ആ യാത്ര മറ്റെന്തോ കാരണംകൊണ്ട് നടന്നില്ല. പക്ഷേ, റഫി സാബ് വിദേശത്തുനിന്ന് ഡയാലിസിസ് മെഷീന്‍ കൊണ്ടുവന്ന്, നൗഷാദിനോട് താങ്കള്‍ക്ക് നല്‍കിയ വാക്ക് ഞാന്‍ പാലിച്ചുവെന്ന് പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിലെ കൃത്യനിഷ്ഠയും പറഞ്ഞ വാക്ക് പാലിക്കുവാനുള്ള ആത്മാര്‍ഥതയും.
ഇങ്ങനെ വെറുമൊരു പാട്ടുകാരന്‍ എന്നതിനപ്പുറം ഇടപെട്ട മേഖലകളിലും വ്യക്തികളോടുമെല്ലാം സത്യസന്ധമായും നീതിപൂര്‍വകമായും കാരുണ്യത്തോടെയും ഇടപെടുവാനും മറ്റും ഇദ്ദേഹത്തിന് വഴികാട്ടിയായത്, വിശ്വാസത്തിലധിഷ്ഠിതമായ അദ്ദേഹത്തിന്റെ മതബോധമായിരുന്നു. ഇതുകൊണ്ടാണ് ഗായകന്‍ എന്നതിനപ്പുറം ഒരു മാന്യനായ വ്യക്തിത്വമെന്ന നിലക്കും സമാനതകളില്ലാത്ത ആളായി റഫി സാബിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."