ഒളിംപിക്‌സിലെ തീക്കാറ്റ്
ഫര്‍സാന കെ.
ഉദയസൂര്യന്റെ നാട്ടില്‍ ഭൂഗോളത്തിലെ അതികായന്‍മാര്‍ മാറ്റുരക്കുന്ന സംഗമ വേദി. ഒന്നിനു പിറകേ ഒന്നായി ഒഴുകിനീങ്ങുന്ന കളിക്കൂട്ടങ്ങള്‍ക്കിടയില്‍ സ്‌പോട്ട്‌ലൈറ്റുകള്‍ വിടാതെ പിന്തുടര്‍ന്നത് അവളെയായിരുന്നു. ഹെന്ദ് സസ എന്ന സിറിയന്‍ പെണ്‍കുട്ടിയെ. ഒളിംപിക്‌സ് ഉദ്ഘാടന വേദിയില്‍ സിറിയന്‍ പതാക കൈകളിലേന്തി സിറിയയുടെ കൊച്ചു സംഘത്തെ നയിച്ച് മുന്നില്‍ നടന്ന 12 വയസുമാത്രം പ്രായമുള്ള ടേബില്‍ ടെന്നീസുകാരി.
ടോക്കിയോയില്‍ മാറ്റുരക്കുന്ന നൂറുകണക്കിന് കായികതാരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞവള്‍. ഒളിംപിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഒളിംപ്യന്‍, 1968ല്‍ സ്‌കേറ്റിങ്ങില്‍ മത്സരിച്ച റൊമാനിയയുടെ ബെട്രിസ് ഹുസ്റ്റ്യുവിന് ശേഷം ഒളിംപിക്‌സില്‍ മത്സരിക്കുന്ന പ്രായംകുറഞ്ഞ താരം, ടേബിള്‍ ടെന്നീസില്‍ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ആദ്യ സിറിയന്‍ താരം.. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ളവള്‍.
ബോംബുമഴയില്‍
കിളിര്‍ത്ത പ്രതീക്ഷ
ഏതുനിമിഷവും തനിക്കു മേല്‍ പതിച്ചേക്കാവുന്ന ഡ്രോണുകളും ബോംബുകളും തീര്‍ത്ത ഭീതിയുടെ നിഴല്‍പറ്റിയ വഴികളിലൂടെയായിരുന്നു അവളുടെ യാത്ര. ഒരു വെടിയൊച്ചയ്ക്കും ബോംബിനും തകര്‍ക്കാനാവാത്ത കിനാവിന്റെ ഭാണ്ഡമേന്തിയാണ് അവള്‍ യാത്ര തുടങ്ങിയത്. തളംകെട്ടി നില്‍ക്കുന്ന ചോരപ്പാടുകളും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും താണ്ടി അവള്‍ ഒടുക്കം ചെന്നെത്തി, ഒളിംപിക്‌സെന്ന തന്റെ കിനാക്കൊട്ടാരത്തിലേക്ക്. രണ്ടു വര്‍ഷം മുന്‍പ് ഒളിംപിക്‌സ് യോഗ്യത നേടിയപ്പോള്‍ തന്നെ ലോകത്തിന്റെ മനം കവര്‍ന്നതാണ് ഈ കുഞ്ഞു മിടുക്കി.
2020 ഫെബ്രുവരിയില്‍ ജോര്‍ദാനില്‍ വച്ചായിരുന്നു ഒളിംപിക്‌സ് യോഗ്യതാ മത്സരം. ലെബനാനില്‍ നിന്നുള്ള 42 വയസുകാരിയായ മരിയാന സഹാകിയാന്‍ ആയിരുന്നു സസയുടെ എതിരാളി. ഒടുവില്‍ തന്നേക്കാള്‍ 30 വയസ് കൂടുതലുള്ള എതിരാളിയെ തോല്‍പിച്ച് ആ കുഞ്ഞുപെണ്‍കുട്ടി ടോക്കിയോവിലേക്ക് ടിക്കറ്റെടുത്തു. യുദ്ധത്തിന്റെ നോവുള്ള കണ്ണീരുമാത്രമൊഴുകിയ അവളുടെ കണ്ണുകളില്‍ അന്ന് ആദ്യമായി ആനന്ദക്കണ്ണീര്‍ തിളങ്ങി. ഏത് കടലാഴങ്ങളില്‍ നിന്നും മുങ്ങിയെടുക്കുന്നതിനേക്കാള്‍ മാറ്റുണ്ടായിരുന്നു ആ കണ്ണീര്‍മുത്തുകള്‍ക്ക്.
നിശ്ചദാര്‍ഢ്യത്തിന്റെ
മെയ്‌വഴക്കം
2009ല്‍ സിറിയയിലെ ഹമയില്‍ സ്‌ഫോടനങ്ങളുടെ ഇടിമുഴക്കങ്ങളിലേക്കും മിന്നല്‍പിണരുകളിലേക്കുമാണ് സസ ജനിച്ചു വീഴുന്നത്. തനിക്കു മുന്നില്‍ അറ്റുവീണുപിടയുന്ന അവയവങ്ങളും ചിതറിയൊടുങ്ങുന്ന ജീവനുകളും അവളെയും നൊമ്പരപ്പെടുത്തി. ഭീതിമൂടുന്ന പകല്‍വെളിച്ചങ്ങളും നടുങ്ങിത്തീരുന്ന രാവുകളും കുഞ്ഞുസസയുടെ മനസിന്റെ താളം തെറ്റിക്കാന്‍ തുടങ്ങി. അങ്ങനെ പേടിച്ചുപേടിച്ചു കണ്‍തുറക്കാതിരുന്നൊരു നാളില്‍ വിറക്കുന്ന അവളുടെ കുഞ്ഞിക്കൈകളിലേക്ക് വച്ചുകൊടുത്തതാണ് ഉപ്പയും ഉമ്മയും ഒരു ടേബിള്‍ ടെന്നീസ് റാക്കറ്റ്. ഇക്കാക്കക്കൊപ്പം അവളുടെ കൈകള്‍ ടേബിള്‍ ടെന്നീസിന്റെ താളമിട്ടു തുടങ്ങി. ചാഞ്ഞും ചെരിഞ്ഞും വെട്ടിച്ചും കുതിച്ചും ഒരു വാലാട്ടിക്കിളിയെ പോലെ അവളുടെ നീക്കങ്ങള്‍. വട്ടമിട്ടു പറക്കുന്ന യുദ്ധവിമാനങ്ങള്‍ക്കു കീഴെ തകര്‍ന്ന കോണ്‍ക്രീറ്റ് കഷ്ണങ്ങളും പൊട്ടിയ മേശകളും അവളുടെ കളിയരങ്ങുകളായി.
2016ല്‍ അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ (ഐ.ടി.ടി.എഫ്) ഹോപ്‌സ് പോഗ്രാമിലേക്ക് സസക്ക് സെലക്ഷന്‍ കിട്ടി. സസയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ പ്രോഗ്രാം. സഹോദരനോടൊപ്പം അവള്‍ ടേബിള്‍ ടെന്നീസിലെ പ്രൊഫഷണല്‍ പാഠങ്ങള്‍ ആദ്യമായി പഠിച്ചു. അന്ന് ഏഴു വയസുകാരിയായ സസ ഐ.ടി.ടി.എഫ് വിദഗ്ധയായ ഇവ ജെലെറിന്റെ പ്രശംസയും പിടിച്ചുപറ്റി. 'ഇത്രയും ആസ്വദിച്ച് സന്തോഷത്തോടെ പരിശീലനം നേടുന്ന ഒരു കുട്ടിയെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. പന്ത് പുറത്തേക്ക് പോകുമ്പോള്‍ അതെടുക്കാന്‍ അവള്‍ ആവേശത്തോടെ ഓടും. അവളുടെ ടെക്‌നിക് ശരാശരി മാത്രമാണ്. അത് ഇനിയും മികച്ചതാക്കണം. എന്നാല്‍ ആ നിശ്ചയദാര്‍ഢ്യം അവളെ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്കുറപ്പാണ്'- അന്ന് ഇവ ജെലെര്‍ പറഞ്ഞ വാക്കുകളാണിത്. ആ ദീര്‍ഘവീക്ഷണം കൃത്യമായിരുന്നു. സബ്ജൂനിയര്‍ മുതല്‍ സീനിയര്‍ തലം വരെയുള്ള നാല് തലങ്ങളിലും ദേശീയ ചാംപ്യനായ ആദ്യ സിറിയന്‍ താരമായി ഹെന്ദ് സസ ചരിത്രമെഴുതി. ലോക റാങ്കിങ്ങില്‍ സിംഗിള്‍സില്‍ 155-ാം സ്ഥാനത്തെത്തി.
തോല്‍വി പോലും തോറ്റു
ആദ്യറൗണ്ടില്‍ മടങ്ങേണ്ടി വന്നിട്ടും വിജയച്ചിരിയുമായി തലയുയര്‍ത്തിപ്പിടിച്ചു നിന്നവര്‍ ഏറെയൊന്നും ഉണ്ടായിട്ടുണ്ടാവില്ല. ഈ കായികമഹാമാമാങ്കത്തില്‍ ഇന്നോളം. സസ അങ്ങനെയായിരുന്നു. അല്ലെങ്കിലും സസ ടോക്കിയോവില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നോ മെഡലുയര്‍ത്തി ആകാശത്തിലേക്ക് മുത്തങ്ങള്‍ പറത്തുമെന്നോ ആരും നിനച്ചിരിക്കാനിടയില്ല. എന്നിട്ടും ആദ്യറൗണ്ടില്‍ ആസ്ട്രിയയുടെ പരിചയസമ്പന്നയായ ലിയൂ ജിയാക്കു മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് അവള്‍ കാഴ്ചവച്ചത്. (11-4, 11-9,11-3, 11-5). കളിക്കിടെ 39കാരിയായ ലിയൂജിയ തെല്ലു വാത്സല്യത്തോടെ തന്റെ എതിരാളിയെ നോക്കി പുഞ്ചിരിക്കുന്ന മനോഹര ദൃശ്യങ്ങളുമുണ്ടായിരുന്നു ഈ മത്സരത്തിന് മൊഞ്ചേറ്റാന്‍. രാജ്യാന്തര വേദികളില്‍ കത്തിത്തെളിയാനുള്ള കരുത്തുണ്ട് സസയുടെ ചുവടുകള്‍ക്കെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
പൊട്ടിത്തെറികള്‍ തീര്‍ത്ത ഇരുളാര്‍ന്ന നൂറുകണക്കിന് ദിനങ്ങളില്‍ പരിശീലനം മുടങ്ങി നിസഹായയായി ഇരുന്നിട്ടുണ്ടവള്‍. റാക്കറ്റും ബോളും കിട്ടാതെ അവളലഞ്ഞിട്ടുണ്ട്. യുദ്ധം വഴിമുടക്കിയ രാജ്യാന്തര മത്സരങ്ങളോര്‍ത്ത് അവളാര്‍ത്തു കരഞ്ഞിട്ടുണ്ട്. ഇനിയൊരിക്കലും വന്നെത്തില്ലേ എന്നൊരു നിരാശയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ അവള്‍ക്ക് വെറും രാക്കിനാക്കളാണ്. 'എല്ലാ പ്രതിസന്ധികളെയും പിറകിലേക്ക് മാറ്റിനിര്‍ത്തി സ്വപ്‌നങ്ങള്‍ക്കായി പോരാടുക, ലക്ഷ്യത്തിലേക്ക് കഠിനമായി പരിശ്രമിക്കുക' സിറിയയിലെ അരക്ഷിതമായ നാളുകളിലേക്ക് ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും പ്രതീക്ഷയായി, ഇത്തിരിപ്പോന്ന നുണക്കുഴികള്‍ വിരിയുന്നൊരു ചിരി ചിരിച്ച് ഹെന്ദ് സസ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."