ഇലന്തൂര്‍ നരബലിക്കേസ്: ഭഗവല്‍സിങ്ങിനും ലൈലക്കും ലക്ഷങ്ങളുടെ കടബാധ്യത
ഇലന്തൂര്‍: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ ഭഗവല്‍സിങ്-ലൈല ദമ്പതികള്‍ക്ക് ലക്ഷങ്ങളുടെ കടബാധ്യതയെന്ന് റിപ്പോര്‍ട്ട്.
13 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുണ്ടെന്നാണ് അവര്‍ പൊലിസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മാത്രം 850000 രൂപയുടെ വായ്പ കുടിശിക ഉണ്ട്. 2015 ല്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ആണ് വായ്പ എടുത്തത്. ഇലന്തൂരിലെ വീടും പുരയിടവും ഈട് നല്‍കിയാണ് വായ്പ എടുത്തത് . 2022 മാര്‍ച്ചില്‍ വായ്പ പുതുക്കി എടുത്തു. അമ്പതിനായിരം രൂപ മാത്രമാണ് തിരിച്ചടച്ചത്. ബാക്കിയുള്ള തുക ആഭിചാരകര്‍മങ്ങള്‍ക്കായി ഉപയോഗിച്ചതാകാമെന്നാണ് പൊലിസിന്റെ നിഗമനം.
കൃത്യമായി പലിശ അടക്കുന്നുണ്ടായിരുന്നെങ്കിലും കുടുംബത്തിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നു ഭഗവല്‍സിങ്ങുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇതിനു പുറമെ മറ്റു ബാങ്കുകളിലും കുടിശിക ഉണ്ടായിരുന്നതായി സൂചന ഉണ്ട്.
രണ്ട് വ്യക്തികളില്‍ നിന്നും ഒന്നരലക്ഷം രൂപ ഇവര്‍ കടം വാങ്ങിയിരുന്നു. കടബാധ്യത മറികടക്കുന്നതും സാമ്പത്തിക ഉന്നമനത്തിനുമായാണ് ആഭിചാരക്രിയകളടക്കം നടത്തിയതെന്ന് പൊലിസിന് ഇവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളുടെ സാമ്പത്തികവിവരങ്ങളെക്കുറിച്ച് പൊലിസ് അന്വേഷണം നടത്തിയത്.
മൊഴി നല്‍കിയതിന് സമാനമായ തോതില്‍ തന്നെ കടബാധ്യതയുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."