ഇലന്തൂര്‍ നരബലിക്കേസ്: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
പത്തനംതിട്ട : ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലിസിന്റെ ആവശ്യം. രണ്ട് ജില്ലകളിലായി നടന്ന കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. പ്രതികള്‍ സമാനമായ ആസൂത്രണത്തിലൂടെ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്ന് പൊലിസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് കൊച്ചിയിലും പരിസരത്തും തെളിവെടുപ്പ് നടത്തുന്നതിനാണ് ആലോചിക്കുന്നതെന്നു പൊലിസ് പറയുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരങ്ങള്‍ പണയപ്പെടുത്തിയെന്നു വ്യക്തമായിട്ടുണ്ട്. ഇവ കണ്ടെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ഇന്നുണ്ടായേക്കും.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ നരബലിയുടെ വാര്‍ത്ത പുറത്തു വരുന്നത്. ലോട്ടറി വില്‍പനക്കാരായ എറണാകുളം കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി പത്മ (52), കാലടി മറ്റൂരില്‍ താമസിച്ചിരുന്ന തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റോസ്‌ലി വര്‍ഗീസ്(49) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."