മാനസക്ക് നാടിന്റെ യാത്രാമൊഴി; രഖിലിന്റെ മൃതദേഹവും സംസ്‌കരിച്ചു
കണ്ണൂര്‍: ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയായ മാനസക്ക് നാടിന്റെ അന്ത്യാഞ്ജലി. കണ്ണൂര്‍ പയ്യാമ്പലത്തുള്ള ശ്മശാനത്തിലായിരുന്നു അന്തിമ കര്‍മങ്ങള്‍. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജില്‍ ബി.ഡി.എസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈലില്‍ പി.വി. മാനസയാണ് (24) വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വെടിയേറ്റ് മരിച്ചത്.
പിറണായി പന്തക്കപ്പാറ ശ്മശാനത്തിലാണ് രഖിലിന്റെ മൃതദേഹം സംസ്‌കരിച്ചത്. രാവിലെ ഏഴരയോടെ കണ്ണൂര്‍ നാറാത്തെ വീട്ടില്‍ മാനസയുടെ മൃതദേഹമെത്തിച്ചു. രക്ഷിതാക്കളും സഹോദരനും അടുത്ത ബന്ധുക്കളും കണ്ട ശേഷം, വീട്ടുമുറ്റത്ത് പൊതുദര്‍ശനം. നിരവധി പേരാണ് മാനസക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയത്. മന്ത്രി എം വി ഗോവിന്ദന്‍, കെ വി സുമേഷ് എം എല്‍ എ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ തുടങ്ങിയവരും അന്ത്യമോപചാരം അര്‍പ്പിച്ചു. അവസാനമായൊന്നു കണ്ട ശേഷം, അച്ഛന്‍ മാധവന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കി.
സഹോദരനും മാനസയുടെ അച്ഛന്റെ മൂത്തസഹോദരന്റെ മക്കളും കര്‍മങ്ങള്‍ ചെയ്തു. രാവിലെ തലശേരി മേലൂരിലെ വീട്ടിലെത്തിച്ച രഖിലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരം അര്‍പ്പിച്ചു.
നാട്ടുകാരന്‍ തന്നെയായ സുഹൃത്തിന്റെ പ്രണയപ്പകയാണ് ദാരുണാന്ത്യത്തില്‍ കലാശിച്ചത്. ഇതിനു ശേഷം കണ്ണൂര്‍ പാലയാട് മേലൂര്‍ രാഹുല്‍ നിവാസില്‍ രഖില്‍ പി.രഘൂത്തമന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തിരുന്നു. രഖിലിന്റെ മൃതദേഹവും സംസ്‌കരിച്ചു.
മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ രഖില്‍ പെണ്‍കുട്ടിയെ തൊട്ടടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ചശേഷം പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
അതേ സമയം മാനസയുടെ മൃതദേഹം നാട്ടിലെത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പെട്ട് രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 2.50-ഓടെ മാഹിപ്പാലത്തിന് സമീപം പരിമഠത്തായിരുന്നു അപകടം.
എറണാകുളം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."