പ്രവാചകനായ നബി അദമ്യമായ സ്ഥൈര്യ പ്രതീകം
പ്രൊഫ. ടി.എന്‍ സതീശന്‍
മാനവചരിത്രത്തിലെ മനീഷികളായ മഹാപുരുഷന്മാരില്‍ സമാരാധ്യനാണ് പ്രവാചകനായ മുഹമ്മദ് നബി. സ്വന്തം ജീവിതംകൊണ്ട് തലമുറകളിലേക്ക് കാരുണ്യത്തിന്റെയും നൈതികബോധത്തിന്റെയും സന്ദേശം വിജയകരമായി പ്രചരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ആ അതുല്യവ്യക്തിത്വത്തിന്റെ സവിശേഷത. ബാല്യത്തില്‍തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഏറെ കഷ്ടതകള്‍ അനുഭവിച്ചാണ് വളര്‍ന്നത് എന്നത് പ്രവാചകന്റെ ഇച്ഛാശക്തിയെ ഒട്ടും തളര്‍ത്തിയില്ല. ജീവിതത്തിലുടനിളം നിരവധി പ്രതിബന്ധങ്ങളെയും പ്രതികൂലസാഹചര്യങ്ങളെയും തരണംചെയ്യേണ്ടതായി വന്നപ്പോഴും അസാമാന്യമായ നേതൃപാടവം പ്രദര്‍ശിപ്പിക്കാനും സ്വന്തം ബുദ്ധിശക്തിയും സാമര്‍ഥ്യവുംകൊണ്ട് ലോകജനതയുടെ നായകപദവിയിലേക്ക് ഉയരാനും പ്രവാചകനു കഴിഞ്ഞത് അദമ്യമായ ഇച്ഛാശക്തിയും മാനവ സ്‌നേഹത്തിലധിഷ്ഠിതമായ കാരുണ്യചിന്തയും ഉറച്ച സത്യസന്ധതയും മൂലമാണ്.
വിശ്വാസ്യതയിലുറപ്പിച്ച സ്വന്തം വ്യക്തിത്വത്തെ വളര്‍ത്തിയെടുക്കാന്‍ ചെറുപ്പം തൊട്ടേ പ്രവാചകന്‍ ശ്രദ്ധിച്ചിരുന്നു. കച്ചവടം ചെയ്തിരുന്ന ചെറുപ്പകാലത്തുതന്നെ കാപട്യമില്ലാത്ത സത്യസന്ധനും വിശ്വസ്തനുമാണ് എന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ നബിക്കു കഴിഞ്ഞു. 'അല്‍ അമീന്‍' എന്ന വിളിപ്പേര് സൂചിപ്പിക്കുന്നത് ഇതാണല്ലോ.
ലോകത്തെ ഏറ്റവും പ്രബലമായ വിശ്വാസി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പ്രവാചകന്റെ നേതൃപാടവത്തിനു കഴിഞ്ഞുവെന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഏകദൈവ വിശ്വസത്തിലധിഷ്ഠിതമായ ഇസ്ലാമിക മതചിന്തക്ക് ശക്തമായ അടിത്തറപാകാന്‍ നബിയുടെ സന്ദേശത്തിനു കഴിഞ്ഞു. ഹിറാ ഗുഹയില്‍വച്ച് ധ്യാനനിരതനായിരിക്കുമ്പോള്‍ ഗബ്രിയേല്‍ മാലാഖയിലൂടെ തനിക്കു ലഭിച്ച ദൈവസന്ദേശം സമൂഹത്തിനു പകര്‍ന്നു നല്‍കിയതിലൂടെ മഹത്തായ ലോകസേവനമാണ് നിര്‍വഹിക്കപ്പെട്ടത്. ഇതിലൂടെ സര്‍വശക്തനും കാരുണ്യവാനുമായ ദൈവത്തെ ആരാധിക്കുന്നതിനും നീതിയും കാരുണ്യവും നൈതികതയും അടിസ്ഥാനമാക്കിയുള്ള ജീവിതചര്യയിലേക്ക് വിശ്വാസികളെ നയിക്കുന്നതിനുമുള്ള വഴികാട്ടിയായി മാറാന്‍ പ്രവാചകനു കഴിഞ്ഞു.
വിശ്വാസത്തെ മുറുകെപ്പിടിക്കുന്നതോടൊപ്പം പ്രാര്‍ഥനയിലും വ്രതനിഷ്ഠയിലും ദാനകര്‍മത്തിലും തീര്‍ഥാടനത്തിലും ഏര്‍പ്പെട്ടുകൊണ്ട് പരിശുദ്ധമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രബോധനങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തി. മനുഷ്യന്റെ ആത്മീയ വളര്‍ച്ചയ്ക്കും സാമുദായികമായ ഇടപെടലുകള്‍ക്കും സാമൂഹികമായ കെട്ടുറപ്പിനും ഇത് ആവശ്യമാണെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനും പ്രവാചകനു കഴിഞ്ഞു. അറിവുനേടുന്നതിലൂടെ സ്വയം നവീകരിക്കാന്‍ നല്‍കിയ ഉദ്‌ബോധനത്തിന്റെ പ്രാധാന്യവും നിസാരമല്ല. അതോടൊപ്പം സഹജീവികളോട് ക്ഷമിക്കാനും പൊറുക്കാനും അവരോട് കാരുണ്യത്തോടെ പെരുമാറാനും നല്‍കിയ സന്ദേശം മാനവപുരോഗതിക്ക് ഏറെ സഹായകമായിട്ടുണ്ട്.
കവിതകളില്‍ വിരിയുന്നു
പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ആഖ്യാനരൂപത്തിലുള്ള അവതരണം ചില മലയാളകവിതകളില്‍ കാണുന്നതൊഴിച്ചാല്‍ നബിയെക്കുറിച്ച് മറ്റ് അധികം സര്‍ഗാത്മകരചനകള്‍ ശ്രദ്ധയില്‍ പെടുന്നില്ല എന്നതു വാസ്തവമാണ്. എങ്കിലും ചിലതിനെക്കുറിച്ച് സൂചിപ്പിക്കട്ടെ. മഹാകവി വള്ളത്തോളിന്റെ 'ജാതകം തിരുത്തി', 'അല്ലാഹ്' മുതലായ കവിതകളില്‍ നബിയുടെ ജീവിതകഥയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ കാവ്യാത്മകമായ ആവിഷ്‌കാരം കാണാം. പ്രവാചകന്റെ ജീവിതം വള്ളത്തോളില്‍ പ്രഭാവം ചെലുത്തിയിരുന്നതിനു തെളിവാണ് ഈ കവിതകള്‍. 'എന്റെ ഗുരുനാഥന്‍' എന്ന പേരില്‍ ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് എഴുതിയ കവിതയില്‍ ക്രിസ്തുവിന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും മറ്റും ഗുണങ്ങള്‍ ഗാന്ധിജിയില്‍ ഉള്ളതായി പ്രസ്താവിക്കുന്നുണ്ട്. അവിടെ 'മുഹമ്മദിന്റെ സ്ഥൈര്യം' എന്ന ഗുണമാണ് കവി ഗാന്ധിജിയില്‍ കാണുന്നത്.
സ്ഥൈര്യം എന്നത് മനസിന്റെ ഉറപ്പാണ്. വിഷമസന്ധികളില്‍ പോലും ഈ മനോധൈര്യം പ്രകടമാക്കുന്ന സന്ദര്‍ഭങ്ങളാണ് മുമ്പു പരാമര്‍ശിച്ച കവിതകളില്‍ കാണുന്നത്. സാഹിത്യമഞ്ജരി നാലാംഭാഗത്തിലാണ് 'ജാതകം തിരുത്തി' എന്ന കവിത. ഉമര്‍ എന്ന പ്രമാണി പ്രവാചകനെ കൊല്ലാനുള്ള ഉദ്ദേശ്യവുമായി വരുന്നതും മാനസാന്തരം വന്ന് ശിഷ്യനായിത്തീരുന്നതുമാണ് ഈ കവിതയിലെ പ്രമേയം. പ്രഭാതരശ്മിപോലെ പ്രഭയാര്‍ന്ന പ്രവാചകന്റെ പേരു പരാമര്‍ശിക്കുമ്പോഴേക്കും കവിമനസിലെ ആദരം വഴിഞ്ഞൊഴുകുന്നുണ്ട്. മനസുകൊണ്ട് നൂറു പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്.
അഹര്‍മ്മുഖപ്പൊന്‍കതിര്‍പോലെ പോന്നവന്‍
മുഹമ്മദപ്പേരിനിതാ നമശ്ശതം
ലോകത്തിന് വഴികാട്ടുവാനായി അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ് ഇത്തരം മഹാ വ്യക്തിത്വങ്ങളുടെ ജനനം എന്നു പ്രസ്താവിക്കുന്നു.
പെരുത്ത നൂറ്റാണ്ടിനിടയ്‌ക്കൊരിക്കലീ
മരുപ്പറമ്പാമുലകത്തിലീശ്വരന്‍
ഒരുറ്റ വൃക്ഷത്തെ നടുന്നു പാന്ഥരായ്
വരുന്നവര്‍ക്കുത്തമ വിശ്രമത്തിനായ്
അനേകം നൂറ്റാണ്ടുകള്‍ക്കിടയ്ക്ക് ഒരിക്കല്‍മാത്രമാണ് ലോകമാകുന്ന മരുഭൂമിയില്‍ വഴിയാത്രക്കാര്‍ക്കു വിശ്രമിക്കുന്നതിന് ഒരു തണല്‍മരം ദൈവം നടുന്നതെന്ന പ്രസ്താവം അറബി നാടിനു മാത്രമല്ല, ലോകത്തിനു തന്നെ ആശ്രയസ്ഥാനമാണ് പ്രവാചകനായ നബിയെന്നും അത്തരമൊരു മരത്തെ വെട്ടിവീഴ്ത്താനാണ് ഉമറിന്റെ ഉദ്യമമെന്നും പറഞ്ഞ് കവിതന്നെ ഉമറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. അര്‍ധരാത്രിയില്‍ വീട്ടിലെത്തി വധിക്കാനായി ഊരിയ വാള്‍ ഫാത്തിമയെന്ന ധീരയായ സഹോദരി തടുത്തു. 'പ്രാണന്‍ പോയാലും ഇസ്‌ലാം മതമിതു വെടിയാ ഞങ്ങളെ'ന്ന ഫാത്തിമയുടെ ഉറച്ച വാക്കുകള്‍കേട്ട് ഉമറിനു മാനസാന്തരം വരുന്നു. ഫാത്തിമയോട് മാപ്പപേക്ഷിച്ച് വിശുദ്ധ ഖുര്‍ആന്‍ ഗ്രന്ഥം കൈകളില്‍ വാങ്ങി നബിയുടെ മുമ്പില്‍ മുട്ടുകുത്തി വണങ്ങുകയും പ്രവാചകന്റെ മുഖ്യശിഷ്യനായി മാറുകയും ചെയ്യുന്നു.
'അല്ലാഹ്' എന്ന കവിതയും പ്രവാചകന്റെ വിശ്വാസദാര്‍ഢ്യത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ്. സാഹിത്യമഞ്ജരി അഞ്ചാംഭാഗത്തിലാണ് ഈ കവിത. മക്കയില്‍നിന്ന് മദീനയിലേക്കു നബി യാത്രചെയ്യുന്നതിനിടെ സംഭവിച്ചതെന്ന വിധത്തിലാണ് കവിതയിലെ ആഖ്യാനം. വാള്‍ മരത്തില്‍ തൂക്കിയിട്ട് നട്ടുച്ചയ്ക്ക് ക്ഷീണംതീര്‍ക്കാന്‍ മരച്ചുവട്ടില്‍ വിശ്രമിച്ചിരുന്ന നബിയുടെ സമീപത്ത് ഒരു ശത്രു എത്തുന്നു. കണ്ണു തുറന്നുനോക്കിയപ്പോള്‍ കണ്ടത് നബിയുടെ വാളെടുത്ത് അദ്ദേഹത്തെ കൊല്ലാനായി നില്‍ക്കുന്ന ശത്രുവിനെയാണ്. 'സ്വന്തം വാള്‍ പ്രവാചകന്റെ രക്തം കുടിക്കാന്‍ പോകയാണെന്നും ആരാണ് രക്ഷിക്കുകയെന്നു കാണട്ടെ' എന്ന് ശത്രു നബിയോടു ചോദിച്ചു. ശാന്തനായി 'അല്ലാഹ്!' എന്ന് നബി മറുപടി പറഞ്ഞു.
ഭക്തിയും ഉറച്ചവിശ്വാസവും മുഖത്തു സ്ഫുരിപ്പിച്ചുകൊണ്ടുള്ള നബിയുടെ വാക്കുകേട്ട് അയാള്‍ വാള്‍ തിരികെ ഉറയിലിട്ടു. ഈ സ്ഥൈര്യഗുണവും കാരുണ്യവും ജീവിതത്തില്‍ പുലര്‍ത്തിയ ലാളിത്യവുമാണ് പ്രവാചകന്റെ ജീവിതത്തെ മഹനീയമാക്കിയത്. മാനവസംസ്‌കാരത്തിന്റെ പുരോഗതിക്കും പ്രവാചകന്റെ പ്രബോധനങ്ങള്‍ ശാശ്വതമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ലോകചരിത്രത്തില്‍ തത്വചിന്തയെയും ശാസ്ത്രത്തെയും കലാസാഹിത്യാദി മേഖലകളെയും സ്വാധീനിക്കാന്‍ ആ ചിന്തകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. മതത്തിന്റെ പരിധിവിട്ട് ഗണിതം വൈദ്യം, ഗോളശാസ്ത്രം മുതലായ നിരവധി രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമേകാന്‍ അതിനു കഴിഞ്ഞിട്ടുണ്ടെന്നത് പ്രവാചകന്റെ കാലികപ്രസക്തി വ്യക്തമാക്കുന്നു.
ജനിച്ച് ഇത്രയും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രവാചകനായ നബിയുടെ ജീവിതവും സന്ദേശവും ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ഇന്നും പ്രചോദനകേന്ദ്രമായി തുടരുന്നുവെന്നതു പോലെ ഇതരവിഭാഗങ്ങള്‍ക്കും പ്രേരണാദായകമാണെന്ന വസ്തുതയും പ്രധാനമാണ്. മാനവ ഐക്യവും സഹിഷ്ണുതയും അന്യവിശ്വാസങ്ങളോടുള്ള ആദരവും വ്യത്യസ്ത വിശ്വാസങ്ങളും ആരാധനാരീതികളും പുലര്‍ന്നു വരുന്ന വിശ്വസമൂഹത്തില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരത്തുവാന്‍ സഹായകമായ നിലപാടാണ്.
'മനുഷ്യരാശിയുടെ രക്ഷകന്‍' എന്ന് ബര്‍ണാഡ് ഷാ വിശേഷിപ്പിച്ച പ്രവാചകന്റെ ജീവിതവും സന്ദേശവും. 'അത്യന്തം കലുഷമായ ഇന്നത്തെ അന്തരീക്ഷത്തില്‍ നേരിന്റെയും നീതിയുടെയും മാര്‍ഗത്തിലൂടെ ജീവിക്കാന്‍ സമൂഹത്തിന് വഴികാട്ടിയായിത്തീരുന്നതാണ്. കരുണാവാന്‍ നബി മുത്തു രത്‌നമോ' എന്നാണ് ശ്രീനാരായണഗുരു പ്രവാചകനെ വിശേഷിപ്പിച്ചത്. ഓരോ നബിദിനവും വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും നൈതികബോധത്തിന്റെയും ജ്ഞാനാര്‍ജനത്തിന്റെയും പ്രാധാന്യം ഓര്‍മപ്പെടുത്തലും ആവര്‍ത്തിച്ചുള്ള ഉറപ്പിക്കലുമാണ്. ഇരുട്ടുനിറഞ്ഞ ലോകത്ത് പ്രവാചകനായ മുഹമ്മദ് നബിയെപ്പോലുള്ള മഹാന്മാര്‍ നീട്ടുന്ന വെളിച്ചമാണ് ലോകത്തിന് അല്‍പമെങ്കിലും പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നത്.
(അലിഗഢ് മുസ്‌ലിം സര്‍കലാശാല ആധുനിക ഭാരതീയ ഭാഷാവിഭാഗം തലവനാണ് ലേഖകന്‍ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."