ചോര ഒരു ഭാഷയാകുന്നു
കവിത
ആദിത്ത് കൃഷ്ണ ചെമ്പത്ത്
ചോര
ഒരു ഭാഷയാകുന്നു,
ഭൂപടങ്ങളില്ലാതെ
സഞ്ചരിക്കാനാവുന്നത്.
കാറ്റും കടലും
എന്നപോലെ
വലിയൊരു കോളിളക്കത്തിലേക്ക്
വഴുതിവീഴുംമുമ്പ് മാത്രം
ആ ഭാഷയില്‍ മിണ്ടിത്തുടങ്ങും.
ദേഹത്തൂടെ
ഊര്‍ന്നിറങ്ങുന്നവയ്ക്ക്
ഒരു പുഴയുടെ ആത്മാവ്
ഉണ്ടാകണം.
കൈവഴികളായി പിരിഞ്ഞ്
പുഴകള്‍ കടലിനോട്
സംസാരിക്കുന്നതുപോലെ.
'ഹൃദയം നിനക്കൊരു
മുറുക്കിച്ചുവന്ന
സന്ദേശം അയച്ചിട്ടുണ്ട്.
മനസിലേക്കാഴ്ന്നിറങ്ങു-
ന്നൊരു കൂരമ്പ്
പണിതുവയ്ക്കുന്നുണ്ട്.
നമുക്ക് വന്യമൃഗങ്ങള്‍ക്ക്
കൂട്ടിരിക്കാമെന്ന്,
തലച്ചോറിന്റെ വേട്ടക്കാര്‍
നിരന്തരം പറയുന്നു.
ഭാഷയുടെ രുചിയുള്ള
മാംസത്തിനായി
അവര്‍ നിന്നെ തേടുന്നു.
ഒടുക്കം
കണ്ണിന്റെയും
ശ്വാസത്തിന്റെയും
കഥകള്‍.
തണുത്ത ശരീരങ്ങളില്‍
കിടന്നൊടുങ്ങുന്നു.
ഒരു തണുപ്പാന്‍കാലത്ത്
എന്റെ രുചികള്‍
ശവപ്പറമ്പിലിരുന്നെരിയുന്നു.
എനിക്ക് മിണ്ടാനൊക്കുന്നില്ല.
എനിക്കൊരു കാടുനിറയെ
രക്തംകൊണ്ട് കവിത
നിറക്കേണ്ടതുണ്ട്.
തെരുവില്‍ കിടന്ന്
ചത്തവര്‍ക്ക് കൂട്ടിരിക്കേണ്ടതുണ്ട്.
കാറ്റില്‍നിന്ന് കൊടുങ്കാറ്റിലേക്കും
മഴയില്‍നിന്ന് പേമാരിയിലേക്കും
മൗനങ്ങളില്‍നിന്ന് കലഹങ്ങളിലേക്കും
സഞ്ചരിക്കേണ്ടതുണ്ട്.
ശ്വാസങ്ങളൊഴിഞ്ഞ ലോകത്ത്
ഉള്ളിലൊരു കിളി
പിടഞ്ഞുതീരുന്നു.
രുചികളൊടുങ്ങിയ ലോകത്ത്
ഉമിനീരിലൊരു കവിത
വഴിമുട്ടി നില്‍ക്കുന്നു.
പതിയെ പതിയെ
ദേഹങ്ങളും ഭൂപടങ്ങളും
ചോരകൊണ്ട് പെയ്തുതോരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."