നിയമസഭാ കൈയ്യാങ്കളി കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടി കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിപിണറായി വിജയന് കത്ത് നല്‍കി. സൗമ്യാ വധം, ചലച്ചിത്ര നടിയ്ക്ക് എതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളില്‍ സ്‌പെഷ്യല്‍ പബഌക് പ്രസിക്യൂട്ടറായിരുന്ന അഡ്വ.സുരേശനെ നിയമസഭാ കയ്യാങ്കളിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു.
നീതി നിര്‍വഹണത്തിനുള്ള ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റാതെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കൂട്ടു നിന്ന അതേ പ്രോസിക്യൂട്ടറോ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാല്‍ അത് പ്രഹസനമായി മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യും. അത് നീതിന്യായ വ്യവസ്ഥിതിയെ പരാജയപ്പെടുത്തുകയും പൊതു താത്പര്യത്തെ അട്ടിമറിക്കുകയും ചെയ്യും.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രീംകോടതി അതിനിശിതമായ വിമര്‍ശനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട ഈ കേസില്‍ പ്രതികളും സര്‍ക്കാരും ഒന്നിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണുണ്ടായത്. ദൃശ്യമാദ്ധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ ആരൊക്കെയാണ് അത് ചെയ്തതെന്ന് വ്യക്തമാകുന്നില്ലെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. ഇത് നട്ടുച്ചയെ ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാദ്ധ്യതയുള്ള സര്‍ക്കാരണ് നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതിനാല്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും നീതി നിര്‍വഹണം ഉറപ്പാക്കപ്പെടുന്നതിനും ഈ കേസിന്റെ വിചാരണയ്ക്ക് സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."