HOME
DETAILS

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനെ എവിടെയെത്തിക്കും?

  
backup
August 01 2021 | 20:08 PM

45243213-23111

റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ദാനിഷ് സിദ്ദീഖിയെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്നാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താലിബാന്‍ ആദ്യഘട്ടത്തില്‍ അവകാശപ്പെട്ടതുപോലെ സര്‍ക്കാര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ സംഭവിച്ച അബദ്ധമായിരുന്നില്ല അത്. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ദാനിഷിന്റെ നെഞ്ചും മുഖവും ടയര്‍ കയറ്റി വികൃതമാക്കിയിരുന്നു. ശരീരത്തില്‍ ഡസനിലധികം വെടിയുണ്ടകളുമുണ്ടായിരുന്നു. റെഡ്‌ക്രോസിന് കൈമാറുമ്പോള്‍ മൃതദേഹം വികൃതമായ നിലയിലായിരുന്നു. വെടിയേറ്റത് ക്ലോസ് റേഞ്ചിലാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസ് എന്നെഴുതിയ യുദ്ധമേഖലയില്‍ പത്രക്കാര്‍ ധരിക്കുന്ന ജാക്കറ്റ് മൃതദേഹത്തില്‍ അതുപോലെയുണ്ടായിരുന്നു. അതായത് താലിബാന്‍ തീവ്രവാദികള്‍ ദാനിഷിനെ ജീവനോടെ പിടികൂടുകയും ഇന്ത്യക്കാരനായ മാധ്യമപ്രവര്‍ത്തകനാണെന്ന് അറിഞ്ഞുകൊണ്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. ദാനിഷ് വധം മാത്രമല്ല, കഴിഞ്ഞ കുറച്ചുദിവസങ്ങളായി അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ താലിബാന്റെ ക്രൂരമായ പ്രതികാര നടപടികളുടേതാണ്. ഖഷാ സ്‌വാന്‍ എന്ന പേരില്‍ പ്രശസ്തനായ നാസര്‍ മുഹമ്മദെന്ന അഫ്ഗാന്‍ കൊമേഡിയനെ താലിബാന്‍ പിടിച്ചുകൊണ്ടുപോകുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തതായിരുന്നു ഇതിലൊന്ന്. പൊലിസുകാരനായിരുന്നെങ്കിലും മനുഷ്യരെ ചിരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുകയല്ലാതെ മറ്റൊരു കുറ്റവും ഇയാള്‍ ചെയ്തിട്ടില്ല.

അഫ്ഗാന്‍ യുദ്ധപ്രഭുക്കന്മാരുടെ ക്രൂരതകള്‍ക്കെതിരേ 1994ല്‍ രൂപംകൊണ്ട താലിബാന്‍ പരസ്പരം പോരടിക്കുന്ന യുദ്ധപ്രഭുക്കളെ അക്രമിച്ചാണ് അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയത്. ഇതേ യുദ്ധപ്രഭുക്കന്മാരുടെ പിന്തുണയോടെ അമേരിക്ക അധികാരത്തില്‍നിന്ന് പുറന്തള്ളിയ താലിബാന്‍ എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നത് ആവര്‍ത്തിച്ചു ചോദിക്കപ്പെടേണ്ടതാണ്. സ്വന്തം ജനതയ്ക്ക് അവരെന്താണ് നല്‍കാന്‍ പോകുന്നത്.

2001ല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയത് അന്യായമായ അധിനിവേശമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിക്രൂരമായ വ്യോമാക്രമണങ്ങളില്‍ സിവിലിയന്മാരടക്കം നിരവധി അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. വീടുകള്‍ തകര്‍ക്കപ്പെട്ടു. കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ അഭയാര്‍ഥി ക്യാംപുകളിലായി. അമേരിക്കയുടെ തിരിച്ചുപോക്കോടെ അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുസ്ഥിരതയും വികസനവും കൊണ്ടുവരാന്‍ ജനാധിപത്യരീതിയിലുള്ള സര്‍ക്കാരായിരുന്നു വരേണ്ടിയിരുന്നത്.
പാശ്ചാത്യദുഷ്പ്രചാരണമെന്ന് ആരോപിച്ച് തള്ളാന്‍ കഴിയാത്തവിധം താലിബാന്‍ ക്രൂരതകളുടെ വാര്‍ത്തകളാണ് ഈ വര്‍ഷം ആദ്യംമുതല്‍ പുറത്തുവരുന്നത്. പഴയൊരു അധിനിവേശം സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യാന്‍ താലിബാന് ന്യായമാകുന്നുവെന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

അഫ്ഗാന്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുന്നുവെന്ന കാരണത്താല്‍ ആരെയും കൊലപ്പെടുത്തില്ലെന്നായിരുന്നു ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ നല്‍കിയ ഉറപ്പ്. പ്രതികാരനടപടിയുണ്ടാകില്ലെന്നും കീഴടക്കിയ പ്രദേശങ്ങളില്‍ സിവിലിയന്മാരെ ദ്രോഹിക്കരുതെന്നും നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. സൈനികാക്രമണങ്ങളില്‍ പിടിയിലാകുന്നവരില്‍ പലരെയും താലിബാന്‍ കൊലപ്പെടുത്തിയതായാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ട കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക് പിടിച്ചെടുത്ത താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരിന് വേണ്ടി പൊരുതിയ ജനറല്‍ അബ്ദുല്‍ റാസിഖിന് കീഴിലുള്ള സൈനികരെ കൂട്ടക്കൊല ചെയ്തു. കാണ്ഡഹാറിന്റെ ചരിത്രത്തിലെ ക്രൂരമായ കൂട്ടക്കൊലകളിലൊന്നായിരുന്നു ഇത്. താലിബാനെ പേടിച്ച് 18,000 സര്‍ക്കാര്‍ ജീവനക്കാരാണ് യു.എസ് വിസക്ക് അപേക്ഷിച്ചത്.

അഫ്ഗാനിസ്ഥാന്റെ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. ഇതില്‍ വലിയൊരളവോളം വസ്തുതയുണ്ട്. താലിബാന്‍ ആക്രമണത്തോടെ അഫ്ഗാനിസ്ഥാനിലെ അഷ്‌റഫ് ഗനി സര്‍ക്കാര്‍ സൈനികമായി മാത്രമല്ല സാമ്പത്തികമായും തകര്‍ന്ന നിലയിലാണ്. ട്രേഡ് റൂട്ടുകളായ ഇസ്‌ലാം ഖല, തോര്‍ഗണ്ഡി, അബുനാസര്‍ ഫറാഹി, സ്പിന്‍ ബോല്‍ഡാക്, അയ്ഖാനൂം, ദാന്തെ പത്താന്‍, ഷീര്‍ ഖാന്‍ എന്നിവ താലിബാന്‍ പിടിച്ചെടുത്തതോടെ കഴിഞ്ഞ മാസം 33.5 മില്യന്‍ ഡോളറാണ് വരുമാന നഷ്ടം.
1839 മുതല്‍ രണ്ടു തവണയുണ്ടായ ബ്രിട്ടീഷ് ആക്രമണവും 1979 മുതല്‍ 1989 വരെയുള്ള സോവിയറ്റ് അധിനിവേശവും പിന്നാലെയുണ്ടായ ആഭ്യന്തരയുദ്ധവും മൂലം ശിലായുഗസമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടപ്പെട്ട അഫ്ഗാനിസ്ഥാനെയാണ് 2001ല്‍ അമേരിക്ക അക്രമിക്കുന്നത്. വന്‍ശക്തികളുടെ അധികാരദുരയുടെയും രാഷ്ട്രീയ കിടമത്സരത്തിന്റെയും പ്രതികാരത്തിന്റെയും ഇരകളാണ് അഫ്ഗാന്‍ ജനത. എന്തിന്റെ പേരിലായാലും ഇനിയൊരു ആഭ്യന്തരയുദ്ധം കൂടി താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. മറ്റേത് സമൂഹവുംപോലെ സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാനുള്ള അവകാശം അവര്‍ക്കുമുണ്ട്. ആയുധവും പ്രതികാരവുമല്ല, വിവേകവും പരിഷ്‌കൃത ചിന്തകളുമാണ് അഫ്ഗാനിസ്ഥാനെ നയിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago