ബി.ജെ.പി കള്ളപ്പണക്കടത്ത്: തമിഴ്‌നാട് പൊലിസും അന്വേഷണം തുടങ്ങി
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലേക്ക് ബി.ജെ.പി കള്ളപ്പണമിറക്കിയെന്ന കേരള പൊലിസിന്റെ എഫ്.ഐ.ആറില്‍ തമിഴ്‌നാട് പൊലിസും അന്വേഷണം തുടങ്ങി. കേരളത്തിലേക്ക് പണം കടത്തുമ്പോള്‍ സേലത്ത് വച്ച് പണം കവര്‍ന്നുവെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴിയും കണ്ടെത്തലും ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കൊടകര കുഴല്‍പ്പണക്കവര്‍ച്ചാക്കേസ് കുറ്റപത്രത്തില്‍ പൊലിസ് വ്യക്തമാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നേരത്തെ പരാതിയില്ലാത്തതിനാല്‍ കേസെടുത്ത് അന്വേഷണത്തിലേക്ക് കടക്കാതിരുന്ന സേലം കവര്‍ച്ചയില്‍ തമിഴ്‌നാട് പൊലിസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്ന് തമിഴ്‌നാട് പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു. കൊങ്കണാപുരം പൊലിസാണ് തൃശൂരിലെത്തി എഫ്.ഐ.ആറും മറ്റ് വിവരങ്ങളും ശേഖരിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് ബംഗളൂരുവില്‍ നിന്നും പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി കൊണ്ടുവന്ന 4.4 കോടിയാണ് സേലം കൊങ്കണാപുരത്ത് വച്ച് കവര്‍ന്നത്. ധര്‍മരാജന്റെ സഹോദരന്‍ ധനരാജന്റെ നേതൃത്വത്തിലായിരുന്നു അന്ന് പണം കൊണ്ടുവന്നിരുന്നത്. കൊടകരയിലേതിന് സമാനമായി വാഹനം തട്ടിയെടുത്ത് പണം കവര്‍ന്ന് കാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ വാഹനം ഇപ്പോഴും കൊങ്കണാപുരം പൊലിസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് കൊടകര കേസിലെ കുറ്റപത്രത്തില്‍ പൊലിസ് വ്യക്തമാക്കിയിട്ടുള്ളത്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ രജിസ്‌ട്രേഷന്‍ നോക്കി ഉടമയ്ക്ക് നോട്ടിസ് അയച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. കൊടകര കേസില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരേ പ്രത്യേക അന്വേഷത്തിന് പൊലിസ് ഒരുങ്ങുമ്പോള്‍ സേലം കവര്‍ച്ചയിലെ തമിഴ്‌നാട് പൊലിസിന്റെ അന്വേഷണവും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കും.
കേന്ദ്ര ഏജന്‍സികള്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും
തൃശൂര്‍: ബി.ജെ.പി പ്രതിസ്ഥാനത്തുള്ള കൊടകരയിലെ കുഴല്‍പ്പണക്കടത്ത് കേസില്‍ അന്വേഷണസംഘം കേന്ദ്ര ഏജന്‍സികള്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. ആദായ നികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് റിപ്പോര്‍ട്ട് നല്‍കുക. കൊടകരയില്‍ കവര്‍ച്ചചെയ്ത പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കള്ളപ്പണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്‍പത് തവണയായി 40 കോടിയില്‍പ്പരം രൂപ കേരളത്തിലേക്ക് കൊണ്ടുവന്നു. ഏഴുതവണ ഹവാലയായും രണ്ടുതവണ നേരിട്ടും പണം കൊണ്ടുവന്നു. ബംഗളൂരുവില്‍ നിന്നായിരുന്നു പണം കൊണ്ടുവന്നത്. ബി.ജെ.പി സംസ്ഥാന നേതാക്കളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."