ശൈഖ് നിഅ്മതുല്ലാ ഖലീല്‍ ഇബ്‌റാഹീം യൂര്‍ത്ത് വിടവാങ്ങി
അങ്കാറ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായ ശൈഖ് നിഅ്മതുല്ലാ ഖലീല്‍ ഇബ്‌റാഹീം യൂര്‍ത്ത് വിടവാങ്ങി.
90 വയസായിരുന്നു. ഏഷ്യയിലും യൂറോപ്പിലുമായി 60ലധികം രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ശൈഖ് ഖലീല്‍ വഴി 30,000ത്തോളം ആളുകളാണ് ഇസ്‌ലാം സ്വീകരിച്ചത്.
തുര്‍ക്കിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് രണ്ടാമന്റെ സമകാലിക പണ്ഡിതരില്‍ നിന്നാണ് മതപഠനം നേടിയത്. ഇസ്തംബൂളിലെ ഏറ്റവും വലിയ പള്ളിയായ സുല്‍ത്താന്‍ അഹ്മദ് മസ്ജിദിലടക്കം നിരവധി പള്ളികളില്‍ ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കുടുംബസമേതം സഊദിയിലേക്ക് താമസം മാറി. 15 വര്‍ഷം മദീനയിലും ശേഷം ദീര്‍ഘകാലം മക്കയിലും താമസിച്ചു. മക്കയില്‍ ഹിറാ പര്‍വതത്തിനു സമീപത്തുള്ള മസ്ജിദുന്നൂറിലും ഇമാമായി സേവനം ചെയ്തു.
അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലെ പരിജ്ഞാനം ഒരു ആഗോള പ്രബോധകനായി മാറാന്‍ അദ്ദേഹത്തെ സഹായിച്ചു. 1972ല്‍ പ്രബോധനാവശ്യാര്‍ഥം ജപ്പാനിലേക്ക് താമസം മാറി. മദ്യശാലകളിലും തിയേറ്ററുകളിലും കടകമ്പോളങ്ങളിലും കയറിയിറങ്ങി ആളുകള്‍ക്കു മതപരമായ അറിവു പകര്‍ന്നുനല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. മൂന്ന് പള്ളികള്‍ മാത്രമുണ്ടായിരുന്ന ജപ്പാനില്‍ അദ്ദേഹത്തിന്റെ പ്രബോധനപ്രവര്‍ത്തനങ്ങളുടെ ഫലമായി ഇരുനൂറിലധികം പള്ളികള്‍ ഉയര്‍ന്നു. തലസ്ഥാന നഗരിയില്‍ തന്നെ ഇസ്‌ലാമിക് സെന്ററും സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."