യാത്രക്കാരെ പെരുവഴിയിലാക്കി സൗദി എയർ; കൊച്ചിയിൽ കാത്തിരുന്നത് മണിക്കൂറുകൾ, റിയാദിലെത്തിയിട്ടും രക്ഷയില്ലാതെ കാത്തിരിപ്പ്
യാത്രക്കാരെ പെരുവഴിയിലാക്കി സൗദി എയർ; കൊച്ചിയിൽ കാത്തിരുന്നത് മണിക്കൂറുകൾ, റിയാദിലെത്തിയിട്ടും രക്ഷയില്ലാതെ കാത്തിരിപ്പ്
കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് റിയാദിലെത്തിയ യാത്രക്കാരെ വീണ്ടും വലച്ച് സഊദി എയർലൈൻസ്. കണക്ഷൻ വിമാനത്തിൽ അമേരിക്കയിലേക്കും കാനഡയിലേക്കും യാത്ര ചെയ്യേണ്ടവരാണ് കണക്ഷൻ വിമാനം ലഭിക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്നലെ രാത്രി 8.30 ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട വിമാനം പുറപ്പെടാൻ വൈകിയതോടെയാണ് പലരുടെയും യാത്ര ദുരിതമായത്. 12 മണിക്കൂറോളം കഴിഞ്ഞാണ് ഇനി കണക്ഷൻ വിമാനം ഉള്ളത്. പക്ഷെ ഇവർക്ക് ആവശ്യമായ സൗകര്യം നൽകാത്തതിനെ തുടർന്ന് ഇവർ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്.
സാങ്കേതിക തകരാറിനെ തുടർന്നാണ് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന സൗദി എയർ വിമാനം വൈകിയത്. യാത്രക്കാർ കയറിയതിന് പിന്നാലെ വാതിലിൽ തകരാർ കണ്ടതിനെ തുടർന്ന് യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നു. ആകെ 120 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായത്. ഇതേതുടർന്ന് പ്രതിഷേധിച്ചവരെ വിമാനത്താവള ഉദ്യോഗസ്ഥർ ഇടപെട്ട് ശാന്തരാക്കി. തുടർന്ന് 120 പേരെയും ഹോട്ടലിലേക്ക് മാറ്റി.
യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. അധികൃതർ ഇടപെട്ടതിനെ തുടർന്ന് പ്രശ്നം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തകരാർ പരിഹരിച്ചാണ് അർധരാത്രിയോടെ വിമാനം റിയാദിലേക്ക് തിരിച്ചത്. വിമാനം വൈകിയതോടെ ഇവരുടെ കണക്ഷൻ വിമാനം നഷ്ടമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."