അവർ എവിടെയാണ്?
കാണാമറയത്തുള്ളവരെ തേടി പൊലിസ്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കാണാമറയത്തുള്ളവരെ തേടി പൊലിസ് ഇറങ്ങുന്നു. ആളുകളെ കണ്ടെത്താനാകാതെ എഴുതിത്തള്ളിയ എല്ലാ കേസുകളിലും അന്വേഷണം നടത്താൻ സംസ്ഥാന പൊലിസ് മേധാവി അനിൽകാന്ത് ജില്ലാ പൊലിസ് മേധാവികൾക്ക് നിർദേശം നൽകി. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ രണ്ട് സ്ത്രീകൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായത് ഏതാണ്ട് അറുപതിനായിരത്തിന് മുകളിൽ ആളുകളുണ്ടെന്നാണ് പൊലിസ് കണക്ക്.
കാണാതായവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് വിവരം. എന്നാൽ ജില്ല തിരിച്ചുള്ള കണക്കുകളും വിശദാംശങ്ങളും പൊലിസ് വ്യക്തമാക്കുന്നില്ല. കാണാതായതായി പരാതി ലഭിച്ചാൽ സാധാരണ പരാതി സ്വീകരിക്കുന്നതിനപ്പുറം പൊലിസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല. എന്നാൽ പത്തനംതിട്ടയിലുണ്ടായ നരബലിയാണ് പൊലിസിന്റെ കണ്ണു തുറപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ഓരോ പൊലിസ് സ്‌റ്റേഷനുകളിലും കാണാതായവരുടെ പട്ടിക തയറാക്കി ജില്ലാ പൊലിസ് മേധാവിമാർക്ക് അടിയന്തരമായി നൽകണമെന്നാണ് നിർദേശം. സംശയമുള്ള കേസുകൾ ജില്ലാ പൊലിസ് മേധാവിമാർ നേരിട്ട് അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."