കൊവിഡ് പ്രതിസന്ധി: ഇരട്ട സഹോദരങ്ങള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; 12 ലക്ഷം ബാങ്ക് വായ്പ തിരിച്ചടക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് നാട്ടുകാര്‍
കോട്ടയം: കടബാധ്യതയെ തുടര്‍ന്ന സഹോദരങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. കടുവാകുളം സ്വദേശികളായ നിസാര്‍ഖാനെയും നസീര്‍ഖാനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരട്ടകളായ ഇവര്‍ക്ക് 33 വയസായിരുന്നു. വീട് നിര്‍മാണത്തിനായി ബാങ്കില്‍നിന്ന് 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് വായ്പ തിരിച്ചടച്ചത്. കോവിഡ് കാലത്ത് പണിയില്ലാതായതോടെ തിരിച്ചടവിനുള്ള വഴി ഇല്ലാതായതോടെയാണ് ജീവിതമവസാനിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാവിലെ കാപ്പിയുമായി വിളിച്ചുണര്‍ത്താന്‍ എത്തിയ അമ്മ ഫാത്തിമയാണ് ഇരുവരെയും അടുത്ത മുറികളില്‍ മരിച്ച നിലയില്‍ കണ്ടത്.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒന്‍പതിന് രണ്ടുപേരെയും നേരില്‍കണ്ടതായി വിവരമുണ്ട്.
ക്രെയിന്‍ സര്‍വീസും കൂലിപ്പണിയുമടക്കമുള്ള ജോലികള്‍ ചെയ്തുവരികയായിരുന്നു രണ്ടുപേരും. എന്നാല്‍, കോവിഡിനെത്തുടര്‍ന്ന് പണിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലാകുകയായിരുന്നു ഇവര്‍.
വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ നിരന്തരം എത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞയാഴ്ചയും ബാങ്ക് ഉദ്യോഗസ്ഥരെത്തി. ഇതിനുശേഷം മൂന്നു ദിവസത്തോളമായി ഇവര്‍ പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."