'പങ്കുവെപ്പിന്റെ സുവര്‍ണമുത്തം'; കണ്ണും കരളും നിറച്ച് ഒളിമ്പിക്‌സ് ഹൈജമ്പ് പുരുഷ ഫൈനല്‍
കാലുകള്‍ ഉയര്‍ത്തി വെക്കാന്‍ തുടങ്ങിയൊരു കാലം മുതല്‍ അയാള്‍ സ്വപ്‌നം കണ്ടു തുടങ്ങിയതായിരിക്കും ആ സുവര്‍ണപ്പതക്കം. അത്രമേല്‍ ആശിച്ച് ഉള്ളം കയ്യില്‍ വന്നുചേര്‍ന്നൊരു കിനാവാണ്. സുഗമമായി തന്റെ മാത്രമായി കൈപിടിയിലൊതുക്കാമായിരുന്നു അതയാള്‍ക്ക്. എന്നിട്ടും അയാളത് പങ്കുവെച്ചു. ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിം. ഏതൊരു താരവും അത്രമേല്‍ ആഗ്രഹിക്കുന്ന സ്വര്‍ണ്ണ മെഡല്‍ എന്ന ഒറ്റ സ്വപ്നം പങ്കുവെച്ചതിലൂടെ ഒളിമ്പിക്‌സ് വേദിയില്‍ ലോകമിന്നോളം കണ്ടിട്ടില്ലാത്തൊരു പിരിശത്തിന്റെ ചരിത്രം കൂടി രചിക്കുകയായിരുന്നു ആ മനുഷ്യന്‍. അളവുകോലുകള്‍ എത്രമേല്‍ മാറ്റിമാറ്റിവെച്ചാലും എത്തിപ്പിടിക്കാനാകാത്തത്രയും ഉയരെ നില്‍ക്കുന്നൊരു സ്‌നേഹ ചരിത്രം.
ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനല്‍ മത്സരമാണു രംഗം. റ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിമും തമ്മിലാണ് മത്സരം. ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച മത്സരം. രണ്ടു പേരും 2.37 മീറ്റര്‍ ചാടി തുല്യരായി നില്‍ക്കുന്നു. ഇരുവര്‍ക്കും മൂന്ന് വീതം അവസരങ്ങള്‍ ഒളിമ്പിക്‌സ് ഒഫിഷ്യല്‍ നല്‍കുന്നു. പക്ഷേ ആര്‍ക്കും തന്നെ തങ്ങള്‍ നേരത്തെ കുറിച്ച 2.37 മീറ്ററിന് മുകളിലേക്ക് ചാടിപറക്കാന്‍ സാധിക്കുന്നില്ല. പിന്നീട് ഓരോ അറ്റമ്പ്റ്റു കൂടി രണ്ടു പേര്‍ക്കും നല്‍കിയെങ്കിലും കാലിനു സാരമായ പരിക്കു പറ്റിയ തമ്പേരി അവസാന അറ്റമ്പ്റ്റില്‍ നിന്നും പിന്‍ വാങ്ങുന്നു.. ബാര്‍ഷിമിനു മുന്നില്‍ മറ്റൊരു എതിരാളിയുമില്ലാത്ത നിമിഷം..ഈസിയായി തനിക്കു മാത്രമായി സ്വര്‍ണ്ണത്തിലേക്കടുക്കാനാവുന്ന മുഹൂര്‍ത്തം..!!
എന്നാല്‍ കണ്ടു നിന്നവരെയെല്ലാം അതിശയത്തിലേക്ക് തള്ളിവിട്ട് ഇരുണ്ട് കൊലുന്നനെയുള്ള ആ മനുഷ്യന്‍, ഈസ ഒളിമ്പിക് ഒഫിഷ്യലിനോട് ചോദിച്ചു.
'ഈ മെഡല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമായി നല്‍കാമോ' കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടിരുന്ന ഒഫീഷ്യലും തൊട്ടടുത്ത് കുനിഞ്ഞു നില്‍ക്കുകയായിരുന്ന എതിരാളി ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയും ഒരു നിമിഷത്തേക്ക് സ്തംബ്ധരാവുന്നു. പിന്നീട് നടന്ന ദൃശ്യങ്ങള്‍ക്ക് സ്റ്റേഡിയവും അവിടുയര്‍ന്ന ആരവങ്ങളും സാക്ഷി. ജീവിതത്തിലിന്നോളവും ഇനിയൊരിക്കലും അനുഭവിച്ചിട്ടും അനുഭവിക്കാനുമിടയില്ലാത്തൊരു ആഹ്ലാദാതിരേകത്തില്‍ തമ്പേരി ഈസയെ പുണര്‍ന്നു. അലറിക്കരഞ്ഞു. ഒപ്പം ആ സ്റ്റേഡിയം മുഴുവന്‍ ആര്‍ത്തു വിളിച്ചു. മഹത്തായതൊന്നും ചെയ്തിട്ടില്ലാത്തൊരു ഭാവത്തോടെ ഈസ തന്റെ പ്രിയരുടെ അരികിലേക്ക്. ഖത്തറിന്റെ പതാകയില്‍ മുത്തമിട്ട്, തന്നെ കാത്തിരുന്നവരെ പുണര്‍ന്ന്....
ചുറ്റിലും സന്തോഷ കണ്ണീര്‍. മത്സരം വീക്ഷിച്ച മുഴുവന്‍ സ്റ്റേഡിയവും ഇരുവരുടെയും വിജയം ആഘോഷിച്ചു. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഉയര്‍ത്തി പിടിച്ചു, കൈയ്യടിച്ചു.
Fave moment of the Olympics so far. Barshim (Qatar) and Tamberi (Italy) were tied in the high-jump final. The official is there talking about a prospective jump-off, but Barshim asks immediately: "Can we have two golds?" One look, no words exchanged, they know they're sharing it. pic.twitter.com/E3SneYFocA
— Andrew Fidel Fernando (@afidelf) August 1, 2021
''ട്രാക്കിലും പുറത്തും അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് അധ്വാനിക്കുന്നു. ഇത് സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമാണ്. ഇതാണ് ശരിയായ സ്പിരിറ്റ്, സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്'' ഈസാ പ്രതികരിച്ചു.
2016ലെ റിയോ ഒളിമ്പിക്‌സിന് തൊട്ടുമുന്നേ ജിയാന്മാര്‍കോ തമ്പേരിയുടെ കാലിന് പരിക്ക് പറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷമാണ് ഇതെന്നാണ് ഇറ്റലിതാരം മത്സര ശേഷം പറഞ്ഞത്.
2012ലെ ലണ്ടന്‍ ഗെയിംസ് മത്സരത്തില്‍ ബാര്‍ഷിം വെങ്കലം നേടിയിരുന്നു. പിന്നീട് ഒളിമ്പിക്‌സ് കമ്മിറ്റി വെങ്കലം വെള്ളിയിലേക്ക് ഉയര്‍ത്തി. നാല് വര്‍ഷത്തിന് ശേഷം റിയോയില്‍ മറ്റൊരു വെള്ളി കൂടി ബാര്‍ഷിം നേടി. തുടര്‍ന്ന് 2017 ലും 2019 ലും തുടര്‍ച്ചയായി രണ്ട് ലോക കിരീടങ്ങളാണ് ബാര്‍ഷിം സ്വന്തമാക്കിയത്.
2.43 ഉയരമാണ് ബാര്‍ഷിമിന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍. 1993ല്‍ ക്യൂബയുടെ യാവിയര്‍ സോട്ടോമേയര്‍ കുറിച്ച 2.45 ഉയരമാണ് ലോക റെക്കോര്‍ഡില്‍ ഇതിന് മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."