മെസിയോ റൊണാള്‍ഡോയോ?... ക്രിക്കറ്റോ ഫുട്‌ബോളോ?... രാഹുല്‍ ഗാന്ധിയുടെ പ്രതികരണമറിയാം
മെസിയോ റൊണാള്‍ഡോയോ?... ക്രിക്കറ്റോ ഫുട്‌ബോളോ?... രാഹുല്‍ ഗാന്ധിയുടെ പ്രതികരണമറിയാം
ന്യൂഡല്‍ഹി: ഫുട്‌ബോളില്‍ ലയണല്‍ മെസ്സിയാണ് മികച്ച താരമെങ്കിലും ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബോളിനോടാണ് ഇഷ്ടമെന്നും രാഹുല്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഡാല്‍മിയ സിമന്റ് സംഘടിപ്പിച്ച 'ദ കോണ്‍ക്ലേവ് 2023'ലെ 'റാപിഡ് ഫയര്‍' സെഷനില്‍ ആണ് രാഹുല്‍ മനസ്സ് തുറന്നത്. 'കളിയുടെ കാര്യമെടുത്താല്‍ മെസ്സിയാണ് മികച്ച ഫുട്ബാള്‍ താരം. ക്രിസ്റ്റ്യാനോയുടെ കാരുണ്യമാണ് തന്റെ ആകര്‍ഷിച്ചത്. എന്നാല്‍, ഞാനൊരു ഫുട്ബാള്‍ ടീം നടത്തുകയാണെങ്കില്‍ ഒരുപക്ഷെ മെസ്സിയെ ആയിരിക്കും തെരഞ്ഞെടുക്കുക'ഒരാളെ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരില്‍ ആരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് ഞാനൊരു വലിയ ക്രിക്കറ്റ് ആരാധകനല്ലെന്നും അങ്ങനെ പറയുന്നത് അത്ര നല്ല കാര്യമല്ലെന്ന് അറിയാമെന്നും രാഹുല്‍ പ്രതികരിച്ചു. ക്രിക്കറ്റാണോ ഫുട്‌ബോളാണോ അതല്ല, മറ്റേതെങ്കിലും കായിക ഇനമാണോ ഇഷ്ടം എന്നു ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ ആണെന്നായിരുന്നു മറുപടി.
ഭാരത് ജോഡോ താടിയാണോ ക്ലീന്‍ഷേവാണോ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യം രാഹുലിന്റെ മുഖത്ത് മാത്രമല്ല, സദസ്സിലും ചിരിപടര്‍ത്തി. താടിയുണ്ടോ ഇല്ലയോ എന്നൊന്നും എന്റെ ചിന്തയിലേ ഉണ്ടാകാറില്ലെന്നും എല്ലാറ്റിലും തൃപ്തനാണെന്നുമായിരുന്നു വിശദീകരണം. ഭാരതം, ഇന്ത്യ… ഇതില്‍ ഏതു തെരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോള്‍ 'ഇന്ത്യ എന്ന ഭാരതം' എന്നായിരുന്നു മറുപടി.
രാഷ്ട്രീയക്കാരനാകുമായിരുന്നില്ലെങ്കില്‍ എന്തും ആകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരന്‍ തന്നിലുള്ള ഒരു ഭാഗം മാത്രമാണ്. സഹോദരിയുടെ മകനോടും അവന്റെ സുഹൃത്തുക്കളോടും സംസാരിച്ചിരിക്കുമ്പോള്‍ താനൊരു അധ്യാപനാകും, അടുക്കളയിലാണെങ്കില്‍ പാചകക്കാരനും. എല്ലാവര്‍ക്കും പല മുഖങ്ങളുണ്ടാകും. പക്ഷെ, അക്കൂട്ടത്തില്‍ ഒരു കണ്ണിലൂടെയായിരിക്കും നോക്കിക്കാണുക. അക്കൂട്ടത്തില്‍ ഒന്നുമാത്രമാണ് തന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയക്കാരന്‍. ജീവിതം ഒരു യാത്രയായാണ് താന്‍ കാണുന്നതെന്നും രാഹുല്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."