മകന്റെ ക്രൂരത; ഈ അമ്മ പറയുന്നത് കരള്‍ പിളര്‍ത്തുന്ന കഥകള്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ മാതാവ് തെരുവിലായി
കൊച്ചി: ഇളയമകന്റെ ക്രൂരതമൂലം അന്തിയുറങ്ങാന്‍ സ്ഥലമില്ലാതെ മാതാവ് തെരുവിലേക്കിറങ്ങി. രാവിലെ എട്ടുമുതല്‍ വൈകിട്ട്‌വരെ വീടിന്റെ മുന്നില്‍ കുത്തിയിരുപ്പ് നടത്തേണ്ടിവന്ന മാതാവിനെ പൊലിസും ജനപ്രതിനിധികളും ഇടപെട്ട് മൂത്തമകന്റെ സംരക്ഷണയിലേക്കയച്ചു. ചേരാനല്ലൂര്‍ മണ്ണാമുറി വീട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ ഫിലോമിനയ്ക്കാണ് മക്കളില്‍ നിന്ന് ദുര്‍ഗതി ഉണ്ടായത്.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മക്കളെല്ലാം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നു അവര്‍ പറയുന്നു. ഇളയമകന്‍ വിനുവാണ് മാതാവിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് ഭൂമി എഴുതി വാങ്ങിയത്.
പിന്നീട് മകനും ഭാര്യയും ചേര്‍ന്ന് തന്നെ നിരന്തരം ഉപദ്രവിച്ചു. ദിവസങ്ങളോളം പട്ടിണിക്കിട്ടു. ഭക്ഷണംപോലും നല്‍കാതെ പലതവണ ഇരുവരും മുഖത്ത് ഇടിച്ചതായും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് മകള്‍ സരിതയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ അവള്‍ക്കെതിരേയും ആണ്‍മക്കള്‍ തിരിഞ്ഞു. ഒടുവില്‍ ഇന്നലെ രാവിലെ കനത്തമഴയില്‍ വീടിന് മുന്നില്‍ ചാക്ക് വിരിച്ച് കുത്തിയിരിപ്പു തുടങ്ങി.
ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ തന്നെ സംരക്ഷിച്ച മകളെപ്പോലും ഇളയമകനും ഭാര്യയും മര്‍ദിച്ചതായും ഫിലോമിന പറയുന്നു.
നാലു മക്കളാണ് ഇവര്‍ക്ക്. ഒരാള്‍ വിദേശത്താണ്. സംഭവമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും എത്തി ഇവരുമായി സംസാരിച്ചു. മൂത്തമകന്‍ ജോര്‍ജ് വന്ന് സംരക്ഷണം ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചു. ചേരാനെല്ലൂര്‍ എ.എസ്.ഐ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനവും എടുത്തശേഷമാണ് ഇവരെ മകന്റെ കൂടെ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."