തെരുവുനായശല്യം വര്‍ധിക്കാന്‍ കാരണം പഞ്ചായത്തീരാജ് നിയമം അട്ടിമറിച്ചത്
അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലാം; തടയുന്നവര്‍ക്ക് പിഴയുമിടാം
പത്തനംതിട്ട: പഞ്ചായത്ത് രാജ് നിയമത്തിലെ നിര്‍ദേശം അട്ടിമറിച്ചതും തെരുവുനായ നിര്‍മാര്‍ജന പരിപാടിയെ അവതാളത്തിലാക്കുന്നു. പേവിഷബാധ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പഞ്ചായത്തുകള്‍ അവഗണിച്ചതും തെരുവുനായ ശല്യം വര്‍ധിക്കാന്‍ കാരണമായി. അലഞ്ഞുതിരിയുന്ന നായകളെ കൊല്ലുന്നത് തടസപ്പെടുത്തുന്നവര്‍ക്ക് പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാലിതൊന്നും അറിഞ്ഞ ഭാവത്തിലല്ല സര്‍ക്കാരും ഉത്തരവാദപ്പെട്ടവരും.
1994ലെ കേരളാ പഞ്ചായത്ത് രാജ് നിയമത്തിന്റെ 254(2) വകുപ്പില്‍ പന്നികള്‍ക്കും നായകള്‍ക്കുമുള്ള ലൈസന്‍സ് നല്‍കുന്നതും ലൈസന്‍സില്ലാത്തവയെ നശിപ്പിക്കുന്നതും സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇവയെ നശിപ്പിക്കുന്നതു സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 1998 ജൂണ്‍ ആറിന് ഒരു അസാധാരണ ഗസറ്റും പുറപ്പെടുവിച്ചു.
'അലഞ്ഞുതിരിയുന്ന നായകളെ നശിപ്പിക്കുന്നതിനുള്ള അധികാരം' എന്ന തലക്കെട്ടിലാണ് വ്യവസ്ഥകള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഒന്നാം ഉപവകുപ്പ് പ്രകാരം അലഞ്ഞുതിരിയുന്ന പട്ടികളെയും പന്നികളെയും പിടിച്ചു നശിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ആളുകളെ പഞ്ചായത്തിന് നിയോഗിക്കാവുന്നതാണെന്നും സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിഫലം നല്‍കേണ്ടതാണെന്നും നിഷ്‌കര്‍ഷിക്കുന്നു. നിയമിതനായ വ്യക്തിയെ കൃത്യ നിര്‍വഹണം നടത്തുന്നതില്‍ നിന്നും തടഞ്ഞാല്‍ അഞ്ഞൂറുരൂപ വരെ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളും അധികൃതര്‍ ബോധപൂര്‍വം മറന്നു.
പേവിഷബാധ നിര്‍മാര്‍ജന നടപടികളുടെ ഭാഗമായി 1999 ഓഗസ്റ്റ് ഒന്‍പതിനു പുറപ്പെടുവിച്ച സര്‍ക്കുലറിലും തെരുവുനായകളുടെ നിര്‍മാര്‍ജനം സംബന്ധിച്ച് നിര്‍ദേശങ്ങളുണ്ട്. ഇവയെക്കൊണ്ട് പൊറുതി മുട്ടിയ ജനം നിയമം കയ്യിലെടുക്കാനുള്ള സാഹചര്യം ഒഴിവാക്കേണ്ടത് പഞ്ചായത്തുകളുടെ ചുമതലയാണെന്നും സര്‍ക്കുലര്‍ ഓര്‍മപ്പെടുത്തുന്നു. പഞ്ചായത്ത് രാജ് ആക്ട് 254(2) വകപ്പു പ്രകാരം നായകള്‍ക്കും പന്നികള്‍ക്കും ലൈസന്‍സ് നല്‍കേണ്ടതും ലൈസന്‍സ് ഇല്ലാത്തവയെ നശിപ്പിക്കേണ്ടതും പഞ്ചായത്തുകള്‍ തന്നെയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
1996ല്‍ സംസ്ഥാനത്ത് 13.07 ലക്ഷം നായകള്‍ ഉണ്ടായിരുന്നതില്‍ അഞ്ച് ശതമാനത്തിനു മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ ലൈസന്‍സ് ഇല്ലാതെ വളര്‍ത്തുന്നവയോ അലഞ്ഞുതിരിയുന്നവയോ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."