നാട്ടില്‍ കുടുങ്ങിയവരെ സഹായിക്കണം; വീണ്ടും കോണ്‍സുല്‍ ജനറലിനെ കണ്ട് കെ.എം.സി.സി നേതാക്കള്‍
ദുബായ്: അനിശ്ചിതമായി നീളുന്ന യാത്രാവിലക്കു കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി യു.എ.ഇ കെ.എം.സി.സിയുടെ നേതാക്കള്‍ വീണ്ടും ഉന്നതതല കൂടിക്കാഴ്ച നടത്തി. അനുകൂലമായ തീരുമാനമുണ്ടാവാന്‍ ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പരിഹാരിക്കാനാവാത്ത പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടായേക്കുമെന്ന് കെ.എം.സി.സി നേതാക്കള്‍ ദുബായിലെ ഇന്ത്യന്‍ കൊണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയെ ധരിപ്പിച്ചു.
നാട്ടില്‍ കുടുങ്ങിയവരില്‍ നിന്ന് ലഭിക്കുന്ന പരാതികളും വിഷമങ്ങളും കോണ്‍സുല്‍ ജനറലിനെ ധരിപ്പിച്ചെന്നും പ്രവാസികളുടെ അതിജീവനം പ്രയാസത്തിലാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചതായും കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടേണ്ട പ്രതിസന്ധിയായി പ്രവാസികളുടെ യു.എ.ഇയിലേക്കുള്ള തിരിച്ചുവരവ് മാറിക്കഴിഞ്ഞു. ജോലി നഷ്ടപ്പെടലും വിസയുടെ കാലാവധി തീരലും ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് അവതാളത്തിലായതും ഉള്‍പ്പെടെ ഒരുപാട് പേര്‍ ഗത്യന്തരമില്ലാത്ത സ്ഥിതിയിലാണ്. ഇവിടെ ജോലിക്കാരില്ലാതെ സ്ഥാപനങ്ങള്‍ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ട്. കുടുബങ്ങള്‍ വര്‍ഷങ്ങളായി നാട്ടില്‍ പോവാനാവാത്ത വിഷമത്തിലാണ്. ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് നാട്ടില്‍ കുടുങ്ങിയ തൊഴിലുടമകള്‍ കെ.എം.സി.സിയുടെ സഹായം ചോദിച്ചു വിളിക്കുന്നുണ്ട്. ഈ വിഷമങ്ങളെല്ലാം കോണ്‍സുല്‍ ജനറലിനെ അറിയിച്ചു. മാസങ്ങളായി കൂടെ താമസിച്ചവര്‍ നാട്ടിലായതിനാല്‍ വാടക കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ബാച്ചിലര്‍ റൂമുകളിലുള്ളവര്‍. പല തരത്തില്‍ ഈ പ്രതിസന്ധി പ്രവാസികളുടെ ജീവിതത്തെ ബാധിച്ചുകഴിഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ കോണ്‍സുല്‍ ജനറലിനെ ബോധ്യപ്പെടുത്തിയെന്ന് പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ വിശദമാക്കി.
യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറിനും കോണ്‍സല്‍ ജനറലില്‍ ഡോ. അമന്‍പുരിക്കും പലതവണ കത്തുനല്‍കിയ കെ.എം.സി.സി നേതാക്കള്‍ ഇക്കാര്യത്തില്‍ അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ടു വീണ്ടും വീണ്ടും ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലവുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും യു.എ.ഇ അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അടിയന്തര പരിഹാരമുണ്ടാക്കാനുള്ള ശ്രമം തുടരുകയാണെന്നുമാണ് കോണ്‍സുല്‍ ജനറലിന്റെ പ്രതികരണം. നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."