ഇത്തിരിക്കുഞ്ഞന്റെ ' വല്യ കാര്യം'
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രമെന്ന വിശേഷണത്തിനര്‍ഹമാണ് നാനോ ടെക്‌നോളജി എന്ന ശാസ്ത്രശാഖ. ജനസംഖ്യാ വര്‍ധന കൊണ്ട് ഭൂമി അനുദിനം വിസ്തീര്‍ണം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് നാനോ ടെക്‌നോളജി ഒരു പ്രതീക്ഷയാണ്.
വിസ്തീര്‍ണം കൂടിയ ഫാക്ടറികള്‍ പോലും നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തിയാല്‍ അതിന്റെ നൂറിലൊന്ന് വിസ്തീര്‍ണമുള്ള സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാനാകുമെന്ന് ശാസ്ത്രം പ്രവചിച്ചു കഴിഞ്ഞു. വലിപ്പം കൂടിയ യന്ത്രങ്ങള്‍ ഇനി പഴഞ്ചനായി മാറും. വരും കാലം നാനോ യന്ത്രങ്ങളാണ് ലോകം കീഴടക്കാന്‍ പോകുന്നത്.
നാനോ രഹസ്യം
ഇത്തിരിക്കുഞ്ഞന്‍ എന്നര്‍ഥമുള്ള നാനോ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് നാനോ ടെക്‌നോളജിയുടെ വരവ്.
ഒരു വസ്തുവിന്റെ ദ്രവ്യഘടനയില്‍ അതിസൂക്ഷ്മാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തി ഭൗതിക- രാസ- കാന്തിക മാറ്റങ്ങള്‍ക്കു വിധേയമാക്കി സവിശേഷ സ്വഭാവമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ശാസ്ത്ര ശാഖയാണ് നാനോ ടെക്‌നോളജി.
അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭൗതിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഫെയ്മാന്‍ നാനോ ടെക്‌നോളജിയെക്കുറിച്ചുള്ള പ്രാഥമിക സൂചനകള്‍ ശാസ്ത്ര ലോകത്തിന് നല്‍കിയിരുന്നു. നാനോ സാങ്കേതിക വിദ്യയിലേക്ക് ചിന്തിപ്പിക്കുന്ന ദെയര്‍സ് പ്ലെന്ററി ഓഫ് റൂം അറ്റ് ദ ബോട്ടം എന്ന പ്രഭാഷണം ഏറെ പ്രശസ്തമാണ്.
എന്നാല്‍ ആറ്റങ്ങളുടെ ഘടനയില്‍ മാറ്റംവരുത്തുന്നതുവഴി വലിപ്പം കുറഞ്ഞതും കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുള്ള വസ്തുക്കള്‍ നിര്‍മ്മിക്കാമെന്ന ആശയത്തിലേക്ക് ശാസ്ത്രലോകം ചിന്തിച്ചുതുടങ്ങാന്‍ പിന്നെയും വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു.
നാനോ മീറ്റര്‍
നാനോ ടെക്‌നോളജിയില്‍ ഉപയോഗിക്കുന്ന മാപിനിയാണ് നാനോ മീറ്റര്‍. ഒരു മീറ്ററിന്റെ നൂറുകോടിയില്‍ ഒരു ഭാഗമാണ് ഒരു നാനോ മീറ്റര്‍.
അതായത് ഒരു മുടിനാരിഴ നെടുകെ ഒരു ലക്ഷം കഷ്ണങ്ങളായി ഛേദിച്ചെന്നിരിക്കട്ടെ, അതിന്റെ ഒരു ഭാഗമാണ് ഒരു നാനോ മീറ്ററെന്ന് പറയാം.
വലിയ നേട്ടങ്ങള്‍
ജലമാലിന്യങ്ങളിലെ ബാക്ടീരിയകളെയും സൂക്ഷ്മ ജീവികളെയും നശിപ്പിക്കാനും അതുവഴി ജലം ശുദ്ധമാക്കാനും സാധിക്കും.
കൃഷി ഭൂമികള്‍ പരിമിതമായ പ്രദേശത്ത് കൂടുതല്‍ വിളവുകള്‍ നല്‍കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ കൊണ്ടു വരാന്‍ സാധിക്കും.
വാഹനങ്ങളുടേയും യന്ത്രങ്ങളുടേയും വലിപ്പം കുറയ്ക്കാം.
കീമോ തൊറാപ്പി ചികിത്സയില്‍ രോഗഗ്രസ്ഥമായ കോശങ്ങളെ മാത്രം നശിപ്പിച്ച് ചികിത്സ നടത്താന്‍ സാധിക്കും.
നാനോ ബോട്ടുകള്‍ രക്തത്തില്‍ കലര്‍ത്തി രോഗ നിര്‍ണയം എളുപ്പമാക്കും.
ഡേറ്റ സ്റ്റോറേജുകളുടെ വ്യാപ്തി കുറയ്ക്കാന്‍ കഴിയും.
ഫുള്ളറിന്‍ പന്തുകള്‍
കാര്‍ബണിന്റെ വൈവിധ്യ രൂപങ്ങളിലൊന്നാണ് ഫുള്ളറിന്‍. അറുപതോളം കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഗോളാകൃതി പ്രാപിക്കുന്ന ഈ പന്തിന്റെ ഉള്‍ഭാഗം പൊള്ളയായിരിക്കും.
റോബര്‍ട്ട്‌കേള്‍, ഹാരോള്‍ഡ്‌ക്രോട്ടോ, റിച്ചാര്‍ഡ് സ്‌മോളി എന്നിവരാണ് ഫുള്ളറിന്‍ കണ്ടുപിടിച്ചത്. ബക്കിന്‍സ്റ്റര്‍ ഫുള്ളറിന്‍ എന്ന ആര്‍ക്കിടെക്ടറാണ് ഈ വിദ്യയുടെ സാങ്കേതിക വശങ്ങള്‍ വെളിപ്പെടുത്തിയത്. അതുകൊണ്ടാണ് ഇവയെ ഫുള്ളറിന്‍ പന്തുകള്‍ എന്നും നാനോ ടെക്‌നോളജിയില്‍ ബക്കി പന്തുകള്‍ എന്നും വിളിക്കുന്നത്.
ഉയര്‍ന്ന താപ പ്രതിരോധ ശേഷിയുള്ള ഇവയുടെ നിരവധി എണ്ണം കുഴല്‍ രൂപത്തില്‍വച്ചാല്‍ അവയെ നാനോ ടബുകള്‍ എന്നുവിളിക്കാം. ഉരുക്കിനെ അപേക്ഷിച്ച് ആറിലൊന്ന് ഭാരം മാത്രമാണ് നാനോ ടബുകള്‍ക്കുണ്ടാകുക.
അതോടൊപ്പം ഉരുക്കിനേക്കാള്‍ ആറു മടങ്ങ് ശക്തി ഇവയ്ക്കുണ്ടാകും. നല്ല ഉറപ്പു പോലെ തന്നെ എങ്ങനെ വേണമെങ്കിലും വലിച്ച് നീട്ടാനുള്ള കഴിവും ഇവയ്ക്കുണ്ടാകും.
നാനോ ട്യൂബുകളെ ഉപയോഗപ്പെടുത്തി കെട്ടിടങ്ങളും യന്ത്രങ്ങളുമൊക്കെ നിര്‍മിക്കുകയാണെങ്കില്‍ അവയ്ക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ശേഷി വളരെ കൂടുതലാണ്.
വരുംകാലത്ത് കംപ്യൂട്ടറുകളുടേയും വാഹനങ്ങളുടേയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ നാനോ ട്യൂബുകളുടേതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."