എൽദോസിനെതിരേ കടുത്ത നടപടിക്കൊരുങ്ങി കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തേക്കും 20നകം വിശദീകരണം നൽകണമെന്ന് കെ.പി.സി.സി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ബലാത്സംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരേ പാർട്ടിയിലും കുരുക്ക് മുറുകി. പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്യുന്നതുൾപ്പെടെ കടുത്ത നടപടിക്കൊരുങ്ങി കെ.പി.സി.സി. ഈ മാസം 20നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് കെ. സുധാകരൻ കത്തുനൽകി. നിശ്ചിത സമയത്തിനകം വിശദീകരണം കെ.പി.സി.സിക്ക് നൽകണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശദീകരണം പരിശോധിച്ചും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാടിന്റെയും അടിസ്ഥാനത്തിലായിരിക്കും നടപടിയിൽ അന്തിമ തീരുമാനമെടുക്കുക. നേരത്തെ വിശദീകരണംതേടി ഇ – മെയിലിൽ കെ.പി.സി.സി അയച്ച കത്തിന് എൽദോസ് മറുപടി നൽകിയിരുന്നില്ല. ഇതിനേത്തുടർന്നാണ് വീണ്ടും കത്ത് നൽകിയതെന്നാണ് സൂചന.
അതേസമയം, വിശദീകരണം എന്താണെങ്കിലും എൽദോസിനെതിരേ ബലാത്സംഗക്കുറ്റംകൂടി ചുമത്തിയതിനാൽ കടുത്ത നടപടി എടുക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. പാർട്ടി ഭാരവാഹിത്വമില്ലാത്ത സാഹചര്യത്തിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നത് കെ.പി.സി.സിയുടെ ആലോചനയിലുള്ളത്. എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗവും കെ.കെ രമ ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഒരുവിഭാഗം നേതാക്കൾ നേരത്തെ തന്നെ എൽദോസിന്റെ വഴിവിട്ട ജീവിതത്തെപ്പറ്റി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ പരാതി നൽകിയ യുവതിക്ക് പുറമെ മറ്റ് മൂന്ന് സ്ത്രീകൾ കൂടി എം.എൽ.എക്കെതിരേ സമാന ആരോപണങ്ങൾ ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആരും ഇതുവരെ പരാതി നൽകിയിരുന്നില്ല. എൽദോസിനെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നേതാക്കൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതും പാർട്ടി പരിഗണിക്കുന്നുണ്ട്.
അതേസമയം, എൽദോസിനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് പൊലിസ്. ജനപ്രതിനിധിയായതിനാൽ തുടർനടപടിക്കുള്ള അനുമതിതേടി തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന് കത്തുനൽകിയിരുന്നു. സ്പീക്കറുടെ അനുമതി ലഭിച്ചതിനെ തുടർന്ന് മൊബൈൽ നമ്പറുകൾ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
സ്പീക്കറുടെ അനുമതി ലഭിച്ചതിനുപിന്നാലെ എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും പൊലിസ് നിരീക്ഷണത്തിലാക്കി. എൽദോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം അറിഞ്ഞശേഷമാവും തുടർനടപടി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പൊലിസ് തുടങ്ങി. ഇതിനായി ഇന്നലെ കോടതിയിൽ അപേക്ഷ നൽകി.
എൽദോസിനെതിരേ വിജിലൻസ് അന്വേഷണവുമുണ്ടായേക്കും. കൈക്കൂലി നൽകി പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് പ്രാഥമിക അന്വേഷണം.
'എന്നെ ചതിച്ച നിനക്ക് കർത്താവ് മറുപടി തരും'
സാക്ഷിക്ക് ഒളിവിലിരുന്ന് എൽദോസിന്റെ സന്ദേശം
തിരുവനന്തപുരം • ഒളിവിലിരുന്ന് പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലും പൊലിസ് നടപടി തുടങ്ങി. അധ്യാപികയായ പരാതിക്കാരിയുടെ സുഹൃത്തിന് എം.എൽ.എ അയച്ച വാട്സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചെന്നും അതിന് ദൈവം നിനക്കും കുടുംബത്തിനും തക്കതായ മറുപടി നൽകുമെന്നുമാണ് സന്ദേശം. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക, താൻ അതിജീവിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെ 2.30നാണ് സന്ദേശമെത്തിയത്.
രാജി ആവശ്യപ്പെടാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രം
തിരുവനന്തപുരം • എൽദോസ് കുന്നപ്പിള്ളിയുടെ രാജി പരസ്യമായി ആവശ്യപ്പെടാതെ രാഷ്ട്രീയ സമ്മർദം ശക്തമാക്കാൻ സി.പി.എം. കുന്നപ്പിള്ളിക്കെതിരേ പരാതി ഉയർന്നതോടെ കോൺഗ്രസ് നേതൃത്വം സമ്മർദത്തിലായിരിക്കുകയാണെന്നും അവർ നടപടിയെടുക്കട്ടെയെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. കോൺഗ്രസ് എം.എൽ.എക്കെതിരേയുള്ള കേസ് അത്യന്തം ഗൗരവമായ പ്രശ്‌നമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്തു. എൽദോസ് കുന്നപ്പിള്ളിയുടെ രാജി ഇപ്പോൾ ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."