കടുവാ ഭീതിയിൽ ചീരാൽ ; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സുൽത്താൻ ബത്തേരി • വയനാട് നെന്മേനി പഞ്ചായത്തിലെ ചീരാൽ പ്രദേശത്തെ വിറപ്പിച്ച് കടുവ. കഴിഞ്ഞ 20 ദിവസങ്ങളായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കടുവ ചീരാലിലും പരിസരപ്രദേശങ്ങളിലും നിലയുറപ്പിച്ചിരിക്കുകയാണ്. ചീരാൽ വില്ലേജിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു.
വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന കരുവള്ളി, കണ്ടർമല, വല്ലത്തൂർ, മുണ്ടക്കൊല്ലി, മുക്കുത്തിക്കുന്ന്, കൈലാസംകുന്ന് പ്രദേശങ്ങളാണ് കടുവഭീതിയിലുള്ളത്. വ്യാഴാഴ്ച ചീരാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനോട് ചേർന്ന കൈലാസംകുന്നിൽ കടുവയെ കണ്ടിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കടുവ പ്രദേശത്ത് തമ്പടിച്ചതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു. പ്രദേശത്തെ ജനങ്ങളുടെ മുഖ്യ ജീവിതോപാധി കാലിവളർത്തലാണ്. കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. വീടിനോട് ചേർന്ന ആലയിൽ പോലും വളർത്തുമൃഗങ്ങൾക്ക് സുരക്ഷയില്ല. ലക്ഷങ്ങൾ ലോണെടുത്ത് വാങ്ങുന്ന പശുക്കളെ കടുവ കൊല്ലുന്നതോടെ കർഷക കുടുംബങ്ങൾ പട്ടിണിയിലാവുകയാണ്. മതിയായ നഷ്ടപരിഹാരം വനംവകുപ്പിൽ നിന്നോ സർക്കാരിൽ നിന്നോ ലഭിക്കുന്നുമില്ല.
ചീരാൽ മേഖലയിൽ ഒമ്പത് വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ ആറെണ്ണം കൊല്ലപ്പെട്ടു. മൂന്നെണ്ണം മൃതപ്രായരായി കഴിയുകയാണ്. ഒരു കർഷകന്റെ രണ്ട് പശുക്കളെ 20 ദിവസത്തിന്നിടെ കടുവ കൊന്നു. കടുവയെ പിടികൂടാൻ മൂന്ന് കൂടുകൾ വനംവുകപ്പ് സ്ഥാപിച്ച് അഞ്ച് ദിവസം കഴിഞ്ഞു. കടുവ കുടുങ്ങിയിട്ടില്ലാത്തതിനാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."