ഇവിടെ മാലിന്യം 4,727 ടൺ !
ടി. മുഹമ്മദ്
തിരുവനന്തപുരം • ആശങ്കയുയർത്തി സംസ്ഥാനത്ത് ഇ (ഇലക്ട്രോണിക്) മാലിന്യത്തിന്റെ അളവ് കൂടുന്നു. ആറു വർഷത്തിനിടെ 4727.62 ടൺ ഇ – മാലിന്യം ശേഖരിച്ചതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചിരട്ടിയിലധികം വർധനവ്.
2014 – 15 വർഷത്തിൽ 254.6 ടൺ ഇ – മാലിന്യമായിരുന്നു സംസ്ഥാനത്തുനിന്ന് ശേഖരിച്ചത്. 2020 – 21 ൽ അളവ് 1494 ടൺ ആയി കുതിച്ചുയർന്നു. 2016 – 17 ൽ 308.96 ടൺ, 2017 – 18 ൽ 1029.5 ടൺ, 2018 – 19 ൽ 351.56 ടൺ, 2019 – 20ൽ 1289 ടൺ എന്നിങ്ങനെയാണ് ശേഖരിച്ച ഇ മാലിന്യത്തിന്റെ അളവ്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നു ശേഖരിക്കാൻ കഴിഞ്ഞ മാലിന്യത്തിന്റെ മാത്രം കണക്കുകളാണിത്. ശേഖരിക്കപ്പെടാതെ കിടക്കുന്നവയുടെ കണക്കുകൾ കൂടിയെടുത്താൽ ചിത്രം ഇതിലും ഭീകരമായേക്കും.
2017 മുതൽ 2020 വരെ രാജ്യത്താകെ 24,94,621 ലക്ഷം ടൺ ഇ – മാലിന്യമുണ്ടായെന്ന് കേന്ദ്ര വനം – പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ ഇ – മാലിന്യം ശേഖരിക്കുന്നതിന്റെ പ്രധാന ചുമതല ക്ലീൻ കേരള കമ്പനിക്കാണ്. 33 സ്വകാര്യ സ്ഥാപനങ്ങളും ഇ മാലിന്യം ശേഖരിക്കുന്നുണ്ട്. ഈ വർഷം അഞ്ചു ബില്ല്യൺ സ്മാർട്ട് ഫോണുകൾ മാലിന്യമായി മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."