മലബാറിന്റെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് വേണം; കേരളത്തിൽ ചിലവുകുറഞ്ഞ വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കണം- മലബാർ ഡെവലപ്മെന്റ് കോഡിനേഷൻ കമ്മിറ്റി
കോഴിക്കോട്: മലബാറിലെ സമഗ്ര വികസനത്തിനും, പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, തുല്യനീതിയും, അർഹമായ പരിഗണനക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ യോജിച്ചു സമ്മർദ്ദം ചെലുത്തുന്നതിന് മലബാറിലെ ജില്ലകളെ (കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) ഉൾപ്പെടുത്തി മലബാർ ഡെവലപ്മെന്റ് കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. (MDCC)
തുടർച്ചയായ പ്രതിസന്ധികൾ മൂലം വ്യാപാര - വ്യവസായ - ടൂറിസ - കാർഷിക - ഗതാഗത - സമാന മേഖലകൾ സാമ്പത്തികമായി തകർന്നടിഞ്ഞ നിലയിലാണ്. സ്ഥാപനങ്ങൾ ദീർഘകാലം അടച്ചിടുന്നത് മൂലം കടക്കെണിയിലായവർ കൂട്ട ആത്മഹത്യയിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് ഇന്ന് കോട്ടയത്ത് നടന്ന സഹോദരങ്ങളുടെ ആത്മഹത്യ. കൂടുതൽ ആത്മഹത്യകൾ ഒഴിവാക്കാൻ വിദഗ്ധരുടെ അഭിപ്രായവും, ജനവികാരവും മാനിച്ച് എത്രയും വേഗം സ്ഥാപനങ്ങൾ ദിവസവും (24x7) ജാഗ്രതയോടു കൂടി തുറക്കാൻ അധികാരികൾ അനുമതി നൽകണം. കോവിഡ് മുക്തി അനന്തമായി നീളുന്ന സാഹചര്യത്തിൽ ചിലവ് ചുരുക്കി ജീവിതശൈലിയിലും, പദ്ധതികളിലും പുനക്രമീകരികരണം നടത്തണം.
അടിസ്ഥാന സൗകര്യം - യാത്ര - ചികിത്സ - വിദ്യാഭ്യാസ കാര്യത്തിലുമെല്ലാം വയനാട് - കാസർകോഡ് ജില്ലകൾ ഏറെ പുറകിലാണ്. തെക്കൻ കേരളത്തിന് നൽകുന്ന പരിഗണന മലബാറിന് ലഭിക്കുന്നില്ല. എല്ലാ വികസനങ്ങളും കൊച്ചിയിലും, തിരുവനന്തപുരത്തും കേന്ദ്രീകരിച്ച് വേണമെന്ന അധികാരികളുടെ നിലാപാട് ഉപേക്ഷിക്കണം. സെക്രട്ടറിയേറ്റ് അനക്സും, ഹൈക്കോടതി ബഞ്ചും, ഫിലിം സിറ്റിയും മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് സ്ഥാപിക്കുക, വയനാടും, കാസർഗോഡും എയർ സ്ട്രിപ്പ് (കണ്ണൂർ, കോഴിക്കോട്, ബാംഗ്ലൂർ, മാഗ്ലൂർ, കോയമ്പത്തൂർ ബന്ധിപ്പിച്ച് ഫീഡർ സർവീസ് ), സർക്കാർ അനുമതി നൽകിയ നഞ്ചൻകോട് - സുൽത്താൻ ബത്തേരി - നിലമ്പൂർ, ഷൊർണൂർ - മംഗലാപുരം മൂന്നാമത്, ഗുരുവായൂർ - തിരുനാവായ, കാഞ്ഞങ്ങാട് - പാണത്തൂർ, ഫറോക്ക് - അങ്ങാടിപ്പുറം(എയർപോർട്ട് വഴി) റെയിൽപാതകളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുക. കേരള ടൂറിസം ഭൂപടത്തിൽ മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തുക, തീരദേശ യാത്ര കപ്പൽ സർവീസും, ടൂറിസം മേഖല വികസനം ലക്ഷ്യം വെച്ച് കോവളം, തിരുവനന്തപുരം, കൊച്ചി, ബേപ്പൂർ, അഴീക്കൽ, മംഗലാപുരം യാത്രാ കപ്പൽ സർവീസ്, കസ്റ്റംസ് ഇമിഗ്രേഷൻ, EDA സൗകര്യങ്ങൾ നിലവിലുള്ള ബേപ്പൂർ തുറമുഖത്തുനിന്ന് വിദേശത്തേക്ക് യാത്ര - ചരക്കുകപ്പൽ സർവീസ് നടത്താൻ സന്നദ്ധത അറിയിച്ച കമ്പനികൾക്ക് അനുമതി നൽകുക (പ്രവാസികൾക്ക് വിമാന അമിത നിരക്കിൽ നിന്ന് മോചനത്തിന്), വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജ്, ചിലവുകുറഞ്ഞതും, മലിനീകരണം ഇല്ലാത്തതും, ആരോഗ്യത്തിന് ഗുണകരമായ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുക, സൈക്കിൾ പാത നിർമിക്കുക, പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കേരള ട്രാവൽ മാർട്ട്, അന്തർദേശീയ - ദേശീയ ചലച്ചിത്രമേള, കുട്ടികളുടെ ചലച്ചിത്രമേള, സർക്കാർ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ്, സർക്കാർ സെമിനാറുകൾ എന്നിവ ഒന്നിടവിട്ട് മലബാറിൽ നടത്തുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കാൻ യോഗം തീരുമാനിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് MDC - WCC ആഭിമുഖ്യത്തിൽ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത ചേംബർ ഓഫീസിൽ ചേർന്ന സംയുക്ത യോഗത്തിൽ വയനാട് ചേംബർ പ്രസിഡണ്ട് ജോണി പാറ്റാണി അധ്യക്ഷത വഹിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയർ. സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. വ്യാപാര - വ്യവസായ - ടൂറിസ - ഗതാഗത - വിദ്യാഭ്യാസ - കർഷക സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ. വാസുദേവൻ, വഞ്ചിശ്വരൻ കെ.ആർ, അഡ്വക്കേറ്റ് സാദിഖ് എൻ, വർഗീസ് കെ.ഐ, ഡോക്ടർ കെ സലീം, അബ്ദുൽ മനാഫ് യു.എ, ജോസഫ് കപ്യാരുമല, അഡ്വക്കേറ്റ് സി.സി. മാത്യു, ഷൈലേഷ് സി.പി, അബ്ദു എം.സി, മിൽട്ടൺ ഫ്രാൻസിസ്, മോഹൻ ചന്ദ്രഗിരി, എം.വി. കുഞ്ഞാമു, സൺഷൈൻ ഷോർണൂർ എന്നിവർ സംസാരിച്ചു. മലബാർ ഡെവലപ്മെന്റ് കോർഡിനേഷൻ കമ്മിറ്റി ചെയർമാനായി MDC പ്രസിഡന്റ് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, വൈസ് ചെയർമാൻ മാരായി അഡ്വക്കേറ്റ് ടി. എം. റഷീദ്, കെ.കെ. വാസുദേവൻ, ജനറൽ കൺവീനറായി ജോണി പാറ്റാണി, കൺവീനർമാരായി ഇ. പി. മോഹൻദാസ്, പി.ഐ. അജയൻ, ഖജാൻജിയായി എൻ.വി. ബേബിയേയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ചേംബർ സെക്രട്ടറി ഇ.പി. മോഹൻദാസ് സ്വാഗതവും, ഖജാൻജി എൻ.വി. ബേബി നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."