'ഓണസമൃദ്ധി'ക്ക് ഫാം ഫ്രെഷ് ജൈവ പച്ചക്കറികള്‍: കൃഷിമന്ത്രി
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. തുടങ്ങിയവയുടെ സഹകരണത്തോടെ കേരളത്തിലെ 1350 ചെറുകിട വിപണനകേന്ദ്രങ്ങളിലൂടെ വിഷരഹിത പച്ചക്കറികള്‍ ഫാം ഫ്രെഷ് വെജിറ്റബിള്‍സ് എന്ന പേരില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ന്യായമായ വിലനല്‍കി പ്രാദേശികമായി കര്‍ഷകരില്‍ നിന്നും കര്‍ഷക ക്ലസ്റ്ററുകളില്‍ നിന്നും ശേഖരിക്കുന്ന ജൈവനാടന്‍ പച്ചക്കറികള്‍ 30 ശതമാനംവിലക്കുറവില്‍ നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണം ലഭിക്കും.
കൃഷിഭവനുകള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന 980 ഓണസമൃദ്ധി പച്ചക്കറി ചന്തകള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ-180 ഓണച്ചന്തകള്‍, വി.എഫ്.പി.സി.കെ.യുടെ -190 ഓണച്ചന്തകള്‍ എന്നിവയിലൂടെയായിരിക്കും ഫാം ഫ്രെഷ് പച്ചക്കറികള്‍ ലഭ്യമാക്കുന്നത്.
ഇത്തവണ ഓണത്തിന് ന്യായമായ വിലനല്‍കി കര്‍ഷകരുടെ തോട്ടങ്ങളില്‍ നിന്നും നേരിട്ട് വാങ്ങുന്ന ഫാം ഫ്രെഷ് ജൈവ പച്ചക്കറികള്‍ എല്ലാ കേരളീയര്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി, കൃഷിഡയറക്ടര്‍ ബിജുപ്രഭാകര്‍, ഹോര്‍ട്ടികോര്‍പ്പ് എം.ഡി രഞ്ജന്‍ എസ്. കരിപ്പായി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."