ജനതാദള്‍ എസിലെ തര്‍ക്കം തീര്‍ക്കാന്‍ ദേവഗൗഡ എത്തുന്നു
സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: നേതൃമാറ്റ ആവശ്യം ശക്തമായ ജനതാദള്‍ (എസ്) സംസ്ഥാന ഘടകത്തിലെ തര്‍ക്കം പരിഹരിക്കാന്‍ ദേശീയ പ്രസിഡന്റ് ദേവഗൗഡ എത്തുന്നു. സംസ്ഥാന പ്രസിഡന്റ് എ. നീലലോഹിതദാസന്‍ നാടാരെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായത്. ആവശ്യം ദേശീയ നേതൃത്വം ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സെപ്റ്റംബര്‍ നാലിന് സംസ്ഥാനത്തെത്തുന്ന ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തിനു ശേഷമാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുക. നീലനെ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നും സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ 28 നേതാക്കള്‍ ബംഗളൂരുവിലെത്തി ദേവഗൗഡയെ കണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി കേരളത്തിലേക്കു വരാമെന്ന് അദ്ദേഹം അറിയിച്ചത്.
സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടിയില്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് നേതാക്കളുടെ പ്രധാന പരാതി. ജെ.ഡി.എസ് കര്‍ണാടക ഘടകം പ്രസിഡന്റ് എച്ച്.ഡി കുമാരസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ ഭരണകക്ഷിയെന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അനുയോജ്യമായ സമയമാണിതെന്നും അവസരം മുതലാക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനം ഉടച്ചുവാര്‍ക്കണമെന്നും ദേശീയ നേതൃത്വത്തിന് അഭിപ്രായമുണ്ട്.
മാത്യു ടി. തോമസ് മന്ത്രിയായതിനെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റായി നീലലോഹിത ദാസന്‍ നാടാരെ നിയമിച്ചത്. മന്ത്രിസ്ഥാനത്തെ ചൊല്ലിയും പാര്‍ട്ടില്‍ തര്‍ക്കമുണ്ടായിരുന്നു. കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യത്തെ തള്ളി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനു തന്നെ നറുക്കു വീഴുകയായിരുന്നു. ഇതോടെ പല പേരുകളും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പഴയകാല സോഷ്യലിസ്റ്റ് നേതാവെന്ന പരിഗണനയില്‍ നീലലോഹിതദാസന്‍ നാടാരെ നിയമിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പാര്‍ട്ടി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്ന നീലന്‍ അടുത്തകാലത്താണ് വീണ്ടും ജനതാദളിലെത്തിയത്. എന്നാല്‍ പ്രസിഡന്റ് പദവി ഏറ്റെടുത്ത് കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഏകാധിപതിയെപോലെ പെരുമാറാന്‍ തുടങ്ങിയെന്ന ആക്ഷേപം നീലനെതിരേ ഉയര്‍ന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ചന്ദ്രകുമാറിനെ മാറ്റി ഫിറോസ് ലാലിനെ പകരക്കാരനായി കൊണ്ടുവന്നതോടെയാണ് സംസ്ഥാന ഘടകത്തില്‍ നീലനെതിരേ പടയൊരുക്കം തുടങ്ങിയത്. പ്രവര്‍ത്തനരംഗത്തില്ലാത്തവര്‍ക്ക് പാര്‍ട്ടി പദവികള്‍ നല്‍കുന്നതായും നീലനെതിരേ ആക്ഷേപമുയര്‍ന്നു.
ബോര്‍ഡ്, കോര്‍പറേഷന്‍ വീതംവയ്പ്പ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടിക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതില്‍ പ്രസിഡന്റ് പരാജയമാണെന്നും പരാതിയുണ്ട്. ഓഗസ്റ്റ് 15നകം മെമ്പര്‍ഷിപ് കാംപയിന്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് ഇത്തരം കാര്യങ്ങള്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."