കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ക്ക് ആശങ്ക
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടനയ്ക്ക് അരങ്ങൊരുങ്ങിയതോടെ ഗ്രൂപ്പുകള്‍ കടുത്ത ആശങ്കയില്‍. പുനഃസംഘടന വേണ്ട, സംഘടനാ തെരഞ്ഞെടുപ്പ് മതി എന്ന കടുത്ത നിലപാട് സ്വീകരിച്ചാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ആദ്യം പുനഃസംഘടന, പിന്നെ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ഹൈക്കമാന്‍ഡിന്റെ ഉറച്ച നിലപാടിനു മുന്നില്‍ ഇരുവരും വഴങ്ങുകയായിരുന്നു.
സംഘടനാ തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തയാറെടുക്കുന്നതിനിടെയാണ് തല്‍ക്കാലം പുനഃസംഘടന മതി എന്ന ഹൈക്കമാന്‍ഡ് നിലപാട് പിന്നാലെയെത്തിയത്. അടുത്ത ഘട്ടമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ഹൈക്കമാന്‍ഡിന്റെ വാഗ്ദാനം.
എന്നാല്‍ മെമ്പര്‍ഷിപ്പ് ചേര്‍ക്കലും ബൂത്തു തലം മുതലുള്ള കമ്മിറ്റി രൂപീകരണവും ഏറെ വൈകുമെന്ന യാഥാര്‍ഥ്യം ഇരു ഗ്രൂപ്പുകളും തിരിച്ചറിയുന്നു. ഫലത്തില്‍ വി.എംസുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് കുറഞ്ഞത് ഒരു വര്‍ഷക്കാലമെങ്കിലും തുടരും. മാത്രമല്ല തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സമയമാകുകയും ചെയ്യും. അപ്പോള്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ട്ടിക്കുള്ളിലെ ഐക്യം തകര്‍ക്കാനിടയാകും എന്ന വാദം സുധീരന്‍ അനുകൂലികള്‍ ഉയര്‍ത്തിയേക്കാം. ഇതെല്ലാം മുന്‍കൂട്ടി കണ്ട് വരാനിരിക്കുന്ന പുനഃസംഘടനയില്‍ തങ്ങളുടെ പ്രാതിനിധ്യം പരമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഗ്രൂപ്പുകള്‍.
ഹൈക്കമാന്‍ഡ് പുതുതായി രൂപീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയകാര്യസമിതിയ്ക്കാകും ഇനി മുതല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം. ഈ സമിതിയില്‍ തങ്ങളുടെ പ്രാതിനിധ്യവും ഭൂരിപക്ഷവും ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗ്രൂപ്പുകള്‍. ഉമ്മന്‍ചാണ്ടി സമിതിയില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഹൈക്കമാന്‍ഡ് അനുമതി നല്‍കിയില്ല. 15 അംഗ രാഷ്ട്രീയകാര്യസമിതിയില്‍ ഇരു ഗ്രൂപ്പുകളിലേയും മുതിര്‍ന്ന നേതാക്കളുണ്ടാകും. എന്നാല്‍ സുധീരന്‍ സ്വന്തം നിലയ്ക്ക് എത്ര നോമിനികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും എന്ന കാര്യത്തിലാണ് ഗ്രൂപ്പുകള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നത്. നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ രാഷ്ട്രീയകാര്യസമിതിയുടെ പിന്തുണ അനിവാര്യമാണ്.
ജില്ലാ പ്രസിഡന്റുമാരും കെ.പി.സി.സി ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുനഃസംഘടനയില്‍ സ്ഥാനചലനമുണ്ടാകും. നേരത്തേ വയനാട്, കാസര്‍കോട് ഡി.സി.സികള്‍ പുന:സംഘടിപ്പിച്ചപ്പോള്‍ സുധീരന്‍ ഗ്രൂപ്പുകളുടെ ലിസ്റ്റ് മറികടന്ന് സ്വന്തം നിലയ്ക്ക് ഭാരവാഹികളെ ഉള്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മറ്റ് ജില്ലകളിലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ നിസ്സഹകരണം പ്രഖ്യാപിച്ച് ഗ്രൂപ്പുകള്‍ പുനഃസംഘടന അട്ടിമറിക്കുകയായിരുന്നു.
ബാര്‍ വിഷയത്തിലെ ചേരിതിരിവും ഇതിന് കാരണമായി. മുന്‍കാലങ്ങളില്‍ പകുതിവീതം ജില്ലാ അധ്യക്ഷ സ്ഥാനങ്ങളും ഭാരവാഹിത്വവും ഇരു ഗ്രൂപ്പുകളും പങ്കിട്ടെടുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഗ്രൂപ്പ് രാഷ്ട്രീയം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടുമായി സുധീരന്‍ മുന്നോട്ടുപോയാല്‍ പുനഃസംഘടന വീണ്ടും പ്രക്ഷുബ്ധമാകും.
സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തില്‍ നിന്ന് കരകയറാന്‍ ശക്തമായ നടപടികളാകാമെന്ന ഹൈക്കമാന്‍ഡിന്റെ നിലപാടാണ് സുധീരന് തുണയാകുന്നത്. കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന എ.കെ ആന്റണിയുടെ അഭിപ്രായവും ഉടച്ചുവാര്‍ക്കലിന്റെ സൂചനകളാണ് നല്‍കുന്നത്.
ഗ്രൂപ്പ് പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രം സ്ഥിരമായി പി.സി.സി, ഡി.സി.സി ഭാരവാഹിത്വങ്ങള്‍ കൈയടക്കി വച്ചിരിക്കുന്നവരാണ് ഏറെ അങ്കലാപ്പിലായിരിക്കുന്നത്. ഹൈക്കമാന്‍ഡിനു മുന്നില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് പഴയപോലെയുള്ള വിലപേശല്‍ ശക്തിയില്ലെന്ന യാഥാര്‍ഥ്യം അടുത്തകാലത്തെ ഡല്‍ഹി ചര്‍ച്ചകളിലെല്ലാം തെളിഞ്ഞതാണ്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം ഒരു യാഥാര്‍ഥ്യമായിരിക്കെ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ പാടേ ഒഴിവാക്കി ഒരു പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് തയാറാകുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."