HOME
DETAILS

അത് വെറും നരബലി മാത്രമോ?

  
backup
October 16 2022 | 06:10 AM

21785454875487-8787

കലികാലക്കാഴ്ച്ച/ വി അബ്ദുല്‍ മജീദ്


കേരളമാകെ നരബലിയെക്കുറിച്ചും ദുര്‍മന്ത്രവാദത്തെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചുമൊക്കെ വിശ്രമമില്ലാതെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. ഇപ്പറഞ്ഞതിനൊക്കെ എതിരായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ തടയാന്‍ നിയമം കൊണ്ടുവരാന്‍ കോപ്പുകൂട്ടുന്നതായി വാര്‍ത്തയുമുണ്ട്.
ഈ കോലാഹലങ്ങള്‍ കേട്ടാല്‍ തോന്നുക ഇതൊക്കെ കേരളത്തില്‍ ഇന്നലെ പൊട്ടിമുളച്ചതാണെന്നാണ്. മലയാളികള്‍ അങ്ങനെയാണ്. ദാരുണമായ എന്തെങ്കിലും സംഭവമുണ്ടാകുമ്പോഴാണ് അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങുക. ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി വെട്ടിമുറിച്ചു കഷണങ്ങളാക്കി കുഴിച്ചുമൂടിയ സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍ക്കും നിയമനടപടികള്‍ക്കും അത്രതന്നെ ആയുസ് പ്രതീക്ഷിച്ചാല്‍ മതി. അതു കഴിഞ്ഞാല്‍ ഈ കേസ് ഏതുവഴിക്കൊക്കെ പോകുന്നു എന്നന്വേഷിക്കാന്‍ അധികമൊന്നും ആളുകള്‍ കാണില്ല.
അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് നരബലി എന്ന നിലയില്‍ ധാരാളം കഥകളും ഉപകഥകളും പുറത്തുവരുന്നുണ്ട്. ഇത്തിരി അപസര്‍പ്പക സ്വഭാവവും വയലന്‍സും ലൈംഗികതയും ഒത്തുചേര്‍ന്ന വാര്‍ത്തകള്‍ പൊതുമലയാളിസമൂഹം നന്നായി ആസ്വദിക്കും. അതെല്ലാം ഇതിലുണ്ട്. അടുത്തകാലത്തൊന്നും ഇത്രയേറെ ആസ്വാദനവിഭവങ്ങളുള്ള വാര്‍ത്ത മലയാളികള്‍ക്ക് വേറെ കിട്ടിയിട്ടില്ല.
പുരോഗമനത്തില്‍ ലോകത്ത് ഒന്നാമതാണെന്നൊക്കെ മലയാളി വീമ്പിളക്കുമ്പോഴും നരബലിയടക്കമുള്ള പ്രാകൃത അന്ധവിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ കേരളത്തില്‍ ധാരാളമുണ്ടെന്നത് സത്യമാണ്. എങ്കിലും വെറും മൂന്നുപേര്‍ക്ക് മാത്രമായി ഇത്രയേറെ ആസൂത്രിതമായി രണ്ടു കൊലകള്‍ നടത്തി ഒരുപാട് സാങ്കേതിക വികാസം നേടിയ സമൂഹത്തില്‍ മാസങ്ങളോളം അതു പുറത്തുവരാതെ സൂക്ഷിക്കാനാവുമോ എന്നും വിശ്വാസമുണ്ടെങ്കില്‍ പോലും കിട്ടിയെങ്കില്‍ കിട്ടി എന്നു മാത്രം വിശ്വസിക്കാവുന്ന സാമ്പത്തിക സൗഭാഗ്യത്തിനു വേണ്ടി പിടിക്കപ്പെട്ടാല്‍ തൂക്കുകയര്‍ പ്രതീക്ഷിക്കാവുന്ന വലിയൊരു കുറ്റകൃത്യത്തിന് മൂന്നു സാധാരണക്കാര്‍ മാത്രമായി മുതിരുമോ എന്നുമൊക്കെയുള്ള സംശയങ്ങള്‍ ഇതുവരെ മലയാളി സമൂഹത്തില്‍നിന്ന് ഉയര്‍ന്നിട്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അധികം വൈകാതെ കണ്ടെത്താവുന്ന ഈ കുറ്റകൃത്യത്തിലേക്ക് എത്തിച്ചേരാന്‍ പൊലിസ് എന്തുകൊണ്ട് വൈകി എന്ന ചോദ്യവും ഉയര്‍ന്നിട്ടില്ല.
സംഭ്രമജനകമായ ഒരു നരബലിക്കഥയുടെ സ്‌ക്രിപ്റ്റിനു വേണ്ടിയായിരുന്നോ ഈ കാലതാമസമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇത്തരം ഗൗരവമേറിയ കേസുകളില്‍ പ്രതികള്‍ അകത്തായിക്കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ലഭിക്കാനുള്ള ഒരേയൊരു സ്രോതസ് അന്വേഷണം സംബന്ധിച്ച് പൊലിസ് പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണ്. പിന്നെ അതുമായി ബന്ധപ്പെട്ട് ചില ഭാവനകളും വാര്‍ത്തകളായി വരും.
കൃത്രിമ തെളിവുകളുണ്ടാക്കി കുറ്റകൃത്യങ്ങളെ വഴിതിരിച്ചുവിടാന്‍ ഏറെ മിടുക്കുള്ള പൊലിസ് സേനയാണ് നമ്മുടെ നാട്ടിലുള്ളത്. പഴയ 'എസ്' കത്തിക്കഥ അധികമാരും മറന്നുകാണില്ല. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് പൊലിസ് പുറത്തുവിട്ട് വാര്‍ത്തയായി മാറിയ കാര്യങ്ങളില്‍ പലതും കല്ലുവച്ച നുണകളായിരുന്നെന്ന് പിന്നീട് വ്യക്തമായിട്ടുമുണ്ട്.
അവയവക്കച്ചവട മാഫിയ ലോകത്തെങ്ങും സജീവമായൊരു കാലമാണിത്. സാധാരണക്കാര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ലാത്ത തരത്തില്‍ വന്‍ലാഭം കൊയ്യുന്ന ഈ ബിസിനസ് നടത്തുന്ന സംഘങ്ങള്‍ക്ക് അതിനുവേണ്ടി കടുത്ത അന്ധവിശ്വാസികളടക്കമുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിക്കും. ബിസിനസിന് ആവശ്യമായ മനുഷ്യശരീരങ്ങള്‍ കണ്ടെത്തി, അത് അവര്‍ക്ക് ഐശ്വര്യം കിട്ടാന്‍ വേണ്ടിയാണെന്ന് വിശ്വസിപ്പിച്ചും ഒപ്പം മികച്ച പ്രതിഫലം നല്‍കിയും കൊലകള്‍ നടത്തിപ്പിക്കാന്‍ ഇത്തരം മാഫിയാ സംഘങ്ങള്‍ക്ക് വലിയ പ്രയാസം കാണില്ല. കൊലയ്ക്കു ശേഷം ആവശ്യമുള്ള അവയവങ്ങള്‍ അറുത്തുമാറ്റി സൂക്ഷിക്കാനുള്ള സാങ്കേതിക സന്നാഹങ്ങള്‍ എവിടെ വേണമെങ്കിലും ഒരുക്കാന്‍ സാധിക്കുന്ന കാലവുമാണിത്. അധികാരകേന്ദ്രങ്ങളെയും നിയമപാലന സംവിധാനങ്ങളെയും വേണമെങ്കില്‍ സ്വാധീനിക്കാനും അവര്‍ക്കാവും.
കേരളത്തില്‍ വ്യാപകമായ ശൃംഖലകളുള്ള അത്യാധുനിക മയക്കുമരുന്ന് മാഫിയയും പെണ്‍വാണിഭ സംഘങ്ങളും ഇതിനു പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. കേസിലെ പ്രതിയായ മുഹമ്മദ് ഷാഫി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നെന്നും അയാള്‍ക്ക് കൊല്ലപ്പെട്ട സ്ത്രീകളുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു എന്നുമുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഘങ്ങളിലും കള്ളക്കടത്തു സംഘങ്ങളിലുമൊക്കെ ചെന്നുപെടുന്നവര്‍ ഏതെങ്കിലും തരത്തില്‍ വിശ്വാസവഞ്ചന കാണിച്ചാല്‍ കൊന്നുകളയലാണ് അവരുടെ രീതിയെന്ന് ഏറെക്കുറെ എല്ലാ മലയാളികള്‍ക്കുമറിയാം. എന്നാല്‍ ഈ വഴികളിലേക്കൊന്നും അന്വേഷണം വ്യാപിച്ചിട്ടില്ല.
കേസിലെ പ്രതികളിലൊരാളായ ഭഗവല്‍ സിങ് കേരള ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ പോഷകസംഘടനകളിലൊന്നായ കര്‍ഷക സംഘത്തിന്റെ ഏരിയാ കമ്മിറ്റി അംഗവുമാണെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം വന്നിട്ടുണ്ട്. സി.പി.എമ്മില്‍ ഏറെ ചെറിയ പദവികളൊന്നുമല്ല ഇത്. ഭരണത്തെയും നിയമപാലന സംവിധാനങ്ങളെയും ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ പ്രാപ്തിയുള്ളവരും സാമാന്യബുദ്ധിയുള്ളവരുമായ ഉയര്‍ന്ന രാഷ്ട്രീയ പദവികളിലുള്ളവര്‍ കുറ്റവാളി സംഘങ്ങളുമായി നേരിട്ടു ബന്ധപ്പെടില്ല. പകരം ഇടനിലക്കാരായി ചെറുമീനുകളെ ഉപയോഗിക്കുകയാണ് പതിവ്.
അതോടൊപ്പം കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായവരുടെ എണ്ണം 60,000ത്തിനു മുകളില്‍ വരുമെന്ന പൊലിസിന്റെ കൈവശമുള്ള കണക്കും ഇതിനോടു ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അവരൊക്കെ എവിടെപ്പോയന്ന ചോദ്യം ഈ സമയത്തെങ്കിലും ഉയരേണ്ടതില്ലേ? അവരെല്ലാം എവിടെയെങ്കിലും സുഖമായി ഉണ്ടുറങ്ങുന്നുണ്ടാവില്ല. പകുതിയിലേറെപ്പേര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അത് എങ്ങനെയൊക്കെയായിരിക്കണം സംഭവിച്ചത്? എല്ലാവരെയും മനുഷ്യക്കുരുതിക്കാരായ അന്ധവിശ്വാസികള്‍ കൊണ്ടുപോയതാണോ? എങ്കില്‍ ആ കുറ്റവാളികളെയും പിടികൂടേണ്ടേ? അന്വേഷണത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇത്രയേറെ പുരോഗമിച്ചൊരു കാലത്ത് എന്തുകൊണ്ട് അവരെ കണ്ടെത്താനാവുന്നില്ല?
മലയാളികളില്‍ മഹാഭൂരിപക്ഷവും കുറേക്കാലമായി ചോദ്യങ്ങളുയര്‍ത്താനും സംശയിക്കാനും മറന്നുപോയതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ ശക്തമായി ഉയരാനിടയില്ല. അതുകൊണ്ട് ഇലന്തൂര്‍ കേസില്‍ പുറത്തുവരുന്ന ഔദ്യോഗിക ഭാഷ്യങ്ങളെ മാത്രം തല്‍ക്കാലം നമുക്ക് വിശ്വസിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago