ഓഫ്‌സൈഡ്
വ്യക്തിവിചാരം
ബംഗാളില്‍ ദീദിക്കെതിരേ ബി.ജെ.പിയുടെ പോര്‍മുഖമായാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്ത് തുടരാമെന്ന് അമിത് ഷാ കൊല്‍ക്കത്തയിലെ വീട്ടിലെത്തി അറിയിച്ചപ്പോള്‍ ഷുഹൈബ് അക്തറിന്റെ നെടുങ്കന്‍ പന്തിനെ ഓഫ്‌സൈഡില്‍ അതിര്‍ത്തി കടത്തിയതുപോലെ ചിരിക്കുകയാണ് മഹാരാജ സൗരവ് ഗാംഗുലി. അമിത് ഷായുടെ മകന്‍ ജയ്ഷാ ബി.സി.സി.ഐയുടെ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോഴാണ് ബി.ജെ.പിയുടെ തിട്ടൂരത്തിന് വഴങ്ങാത്തതുകൊണ്ടു കൊല്‍ക്കത്തക്കാരുടെ ദാദാ ക്രിക്കറ്റ് ഭരണം വിടുന്നത്. 'ദീര്‍ഘകാലം കളിക്കാരനായി. കുറച്ചുകാലം ക്രിക്കറ്റ് നടത്തിപ്പുകാരനുമായി. ഭരണക്കാരനായി അധികം തുടരാനാവില്ല. ഇനി മറ്റു വല്ലതും ചെയ്യണം' ഗാംഗുലി നയം വ്യക്തമാക്കിക്കഴിഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി.ജെ.പി ആഗ്രഹം പ്രകടിപ്പിച്ചതാണ്. ക്രിക്കറ്ററെന്ന നിലയില്‍ സൗരവ് ഗാംഗുലിക്കുള്ള സ്വീകാര്യതയെ തെരഞ്ഞെടുപ്പിലെങ്കിലും ഉപയോഗിക്കാനാവുമെന്നതായിരുന്നു മറ്റു പലേടത്തെന്നപോലെ ബംഗാളിലും ബി.ജെ.പി നോക്കിയത്. ഒരുപാട് രാജാക്കന്മാര്‍ അമിത് ഷായുടെ ഭീഷണിക്കോ പ്രലോഭനത്തിനോ മുമ്പില്‍ കുനിഞ്ഞുപോയിട്ടുണ്ടല്ലോ. ഇയാള്‍ വഴങ്ങിയിട്ടില്ല. അതുകൊണ്ടാകുമോ, പണ്ടേ ഗാംഗുലിയെ മഹാരാജാ എന്ന് ബംഗാളികള്‍ വിളിച്ചുപോന്നത്.
പിച്ചിലായാലും പുറത്തായാലും സംഘര്‍ഷങ്ങള്‍ക്ക് ഗാംഗുലിയുടെ ജീവിതത്തില്‍ ധാരാളം ഇടമുണ്ട്. വാതുവയ്പ്പ് വിവാദത്തിന് പുറകെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അനാരോഗ്യം പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഉപനായകനായ ഗാംഗുലി ഏറ്റെടുത്തു. തുടര്‍ന്ന് വന്നത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. പരമ്പരയില്‍ അഞ്ചു മാച്ച് വിജയിച്ച ടീമിനെ ലോകകപ്പ് കലാശക്കളിയിലെത്തിച്ചു. ആസ്‌ത്രേലിയയോട് ഫൈനലില്‍ തോറ്റെങ്കിലും 1983ന് ശേഷം ആദ്യമായാണ് കലാശപ്പോരാട്ടത്തിന് എത്തുന്നത്. കപ്പ് ആസ്‌ത്രേലിയ നേടിയപ്പോഴും ലോകകപ്പിലെ 465 റണ്‍സ് തന്റെ പുസ്തകത്തില്‍ ചേര്‍ത്തുവച്ചിരുന്നു ഗാംഗുലി.
വേറിട്ട വഴികള്‍ ഗാംഗുലിക്ക് പ്രിയങ്കരമാണ്. ഫുട്‌ബോളിന്റെ നഗരമായ കൊല്‍ക്കത്തയില്‍ നിന്ന് ക്രിക്കറ്റുകാരനായിത്തീര്‍ന്നതുതന്നെ പുതുവഴികളുടെ തോഴനായതിനാലാണ്. സഹോദരന്‍ സ്‌നേഹാഷിഷാണ് ക്രിക്കറ്റിന്റെ പാതയില്‍ ഗാംഗുലിയെ നടത്തിച്ചത്. രഞ്ജിയിലും ദുലീപിലും പന്ത് അടിച്ചുപറത്തി റണ്‍സുകള്‍ നേടുന്ന ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ 1992ലാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ വെറും മൂന്നു റണ്‍ നേടി പവലിയനിലേക്ക് മടങ്ങിയ ഗാംഗുലി പെരുമാറ്റം കൊണ്ടും ശ്രദ്ധേയനായി. കളിക്കാര്‍ക്ക് വെള്ളം കൊടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ വിസമ്മതിച്ചതായിരുന്നു കാരണം. ടീമില്‍നിന്ന് പുറത്തായ ഗാംഗുലി ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനം കാരണം 1996ല്‍ തിരിച്ചുവരുന്നുണ്ട്. ഇംഗ്ലണ്ട് ടൂറില്‍ ഏകദിന ടീമില്‍ ഗാംഗുലി ഇല്ലായിരുന്നു. ഗാംഗുലിക്ക് ഏറെ പ്രിയപ്പെട്ട ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടി. തുടര്‍ന്ന് നാലു തവണ മാന്‍ ഓഫ് ദി മാച്ച് ആയി. 16 റണ്‍സിന് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ പിഴുതതോടെ ഗാംഗുലി ബൗളിങ്ങിലും പ്രശസ്തനായി.
പരിശീലകന്‍ ഗ്രിഗ് ചാപ്പലുമായി നായകന്റെ ഉടക്ക് ബി.സി.സി.ഐക്ക് തലവേദനയും മാധ്യമങ്ങള്‍ക്ക് കോളുമായി. മാനസികമായും ശാരീരികമായും ക്യാപ്റ്റന്‍ ഫിറ്റല്ലെന്ന് ആരോപിച്ച് കോച്ച് ബി.സി.സി.ഐക്ക് അയച്ച ഇമെയില്‍ മാധ്യമങ്ങള്‍ കണ്ട ശേഷമാണ് ബോര്‍ഡിന്റെ ശ്രദ്ധയിലെത്തിയത്. പരസ്യ വിഴുപ്പലക്കലിലേക്ക് വളര്‍ന്ന വഴക്കില്‍ ബോര്‍ഡിന് ഇടപെടേണ്ടിവരികയുമുണ്ടായി. ഇരുവരെയും താക്കീത് ചെയ്യേണ്ടിവന്നു.
വിവാഹവും ഇതുപോലൊരു സംഭവമായിരുന്നു. ബാല്യകാല പ്രണയിനിയായ ഡോണയെ രഹസ്യമായി വിവാഹം ചെയ്തു. നാട്ടില്‍ പാട്ടായതോടെ കുടുംബക്കാര്‍ തന്നെ വിവാഹം നടത്തി.
1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ 158 പന്തില്‍ നിന്ന് 17 ഫോറും 7 സിക്‌സും അടക്കം 183 റണ്‍സ് എടുത്തു. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറുമാണിത്. ആ മാച്ചില്‍ രാഹുല്‍ ദ്രാവിഡുമായി ചേര്‍ന്നുണ്ടാക്കിയ 318 റണ്‍സിന്റെ കൂട്ടുകെട്ട് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്നതും എകദിന മത്സരത്തിലെ ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടുമാണ്.
2002ല്‍ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ കളിയില്‍ യുവരാജും മുഹമ്മദ് കൈഫും നടത്തിയ പ്രകടനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ഷര്‍ട്ടൂരി വീശിയത് വിവാദമായി. മാന്യത കൈവിട്ടതിന് പിന്നീട് മാപ്പ് പറയേണ്ടിവന്നു. തെന്നിന്ത്യന്‍ സിനിമാ നടി നഗ്മയുമായി ഗാംഗുലി പ്രണയത്തിലാണെന്ന് വാര്‍ത്തയുമുണ്ടായിരുന്നു.
തന്റെ ബി.സി.സി.ഐ കാലം പ്രസക്തമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞുവയ്ക്കുന്നു. കൊവിഡ് കാലത്തും ഐ.പി.എല്‍ അണ്ടര്‍ 19 ലോകകപ്പ്, വനിതാ ലോകകപ്പില്‍ റണ്ണര്‍ അപ്പ്, വനിതാ ഐ.പി.എല്‍ ഒരുക്കം. വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ഈ നായകനെ ഒപ്പം കൂട്ടാന്‍ ദീദിക്കുമുണ്ടാകുമൊരു ലാക്ക്. ഇരുവരും ബംഗാളിലെ ഉന്നത കുലജാതര്‍. ബി.ജെ.പിക്കൊപ്പം നിന്നാല്‍ ദാദക്ക് നേരിടേണ്ടിവരിക ദീദിയെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."