'പറഞ്ഞത് മലബാറില്‍ കേട്ടകഥ, ദുരുദ്ദേശമില്ല, ക്ഷമ ചോദിക്കുന്നു'; പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്
തിരുവനന്തപുരം: തെക്ക് വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ താരതമ്യം ചെയ്തുള്ള വിവാദപരാമര്‍ശം പിന്‍വലിച്ച് കെ. സുധാകരന്. ആരേയും മോശക്കാരനാക്കാനും വേര്‍തിരിവ് സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ല പരാമര്‍ശമെന്ന് സുധാകരന് പറഞ്ഞു.
കുട്ടിക്കാലം മുതല്‍ മലബാറില്‍ കേട്ടു പരിചയമുള്ള കഥ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതത്. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും കെ സുധാകരന് പറഞ്ഞു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാര്‍ മേഖലയെ പുകഴ്ത്തിയും തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരന് മറുപടി നല്‍കിയത്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നല്കിയ മറുപടിയിലാണ് കെ സുധാകരന് രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.
അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ 'അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന് ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന് ആലോചിച്ചു. എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന് അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, 'ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള് കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്'.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."