അഫ്ഗാന് യൂനിവേഴ്സിറ്റിയില്‍ ആക്രമണം വിദ്യാര്‍ഥികളടക്കം 13 മരണം
കാബൂള്‍: കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ ഭീകരാക്രമണത്തെ തുടര്‍ന്നു നടന്ന വെടിവയ്പിലും സ്ഫോടനത്തിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടു. അക്രമികളെ വകവരുത്തിയതായി സൈന്യം അവകാശപ്പെട്ടു. അഫ്ഗാനിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് അഫ്ഗാനില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം.
കാംപസിലെത്തിയ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പം കാര്‍ബോംബ് സ്ഫോടനവും നടന്നു. തുടര്‍ന്നു ഏറ്റുമുട്ടലുണ്ടായതോടെ വീണ്ടും സ്ഫോടനം നടത്തി. ബുധനാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്നലെ രാവിലെയാണ് അവസാനിച്ചത്.
കാംപസിലെ വിദേശ പ്രൊഫസര്‍മാരെയും നൂറിലേറെ വിദ്യാര്‍ഥികളെയും ലക്ഷ്യംവച്ചാണ് ആക്രമണം നടന്നത്. വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ക്ലാസില്‍ പങ്കെടുക്കവേയായിരുന്നു സ്ഫോടനം. അതേസമയം, ഏറ്റുമുട്ടലില്‍ കൂടുതല്‍ പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏഴു വിദ്യാര്‍ഥികളും മൂന്നു പൊലിസുകാരും രണ്ട് സുരക്ഷാ സൈനികരും കൊല്ലപ്പെട്ടതായി കാബൂള്‍ പൊലിസ് മേധാവി അബ്ദുല്‍ റഹ്മാന് റഹീമി പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം ആദ്യം രണ്ടു വിദേശ പ്രൊഫസര്‍മാരെ താലിബാന് തട്ടിക്കൊണ്ടുപോയിരുന്നു. ആസ്ത്രേലിയന്‍, യു.എസ് പൗരന്മാരായ പ്രൊഫസര്‍മാരെയാണ് തട്ടിക്കൊണ്ടുപോയത്. കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റി 2006ലാണ് തുറന്നത്. 1,700 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."