ആരോപണങ്ങള്‍ പച്ചക്കള്ളം; പണം വന്നതിന് രേഖകളുണ്ട്: കുഞ്ഞാലിക്കുട്ടി
തനിക്കോ മകനോ
കണക്കില്ലാത്ത
ഒരു പൈസയുമില്ല
തിരുവനന്തപുരം: കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പണം വന്നതിന് കൃത്യമായ രേഖകളുണ്ട്. ഹൈദരലി തങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് വേദനാജനകമാണ്. ഇ.ഡി ചില കാര്യങ്ങളില്‍ വ്യക്തത തേടുക മാത്രമാണ് ചെയ്തത്. പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന പണത്തിനു പാലാരിവട്ടവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു.
പത്രത്തിന്റെ ഫിനാന്‍സ് മാനേജരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അതിനു ശേഷം എം.ഡിയെന്ന നിലയിലാണ് തങ്ങളെ കണ്ട് ചില വിശദീകരണങ്ങള്‍ തേടിയത്. അതു സാധാരണ നടപടിക്രമം മാത്രമാണ്. പത്രത്തിലെ പണവുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങള്‍ ഒരുനിലയ്ക്കും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കോ മകനോ കണക്കില്ലാത്ത ഒരു പൈസയുമില്ല. സഹകരണ ബാങ്കിലെ പണം 2016 മുതല്‍ 17 വരെ ഖത്തറില്‍നിന്ന് എസ്.ബി.ഐയിലേക്ക് അയച്ച പണമാണ്. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങോട്ട് മാറ്റി. കണക്കുകള്‍ ഉടന്‍തന്നെ ആദായനികുതി വകുപ്പിനു നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മകന് വര്‍ഷങ്ങളായി ഖത്തറില്‍ എന്‍ജിനീയറാണ്. അവിടെയുള്ള എന്‍.ആര്.ഇ അക്കൗണ്ടില്‍നിന്ന് എസ്.ബി.ഐ വഴി നിയമപരമായി പണം കൈമാറിയത് നിയമസഭയില്‍ ഉന്നയിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി ജലീലിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകനെയും അദ്ദേഹത്തിന്റെ വ്യവസായത്തെയും സംബന്ധിച്ച് നേരിട്ട് അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."