തെരഞ്ഞെടുപ്പ് തൃശൂരില്‍ മാത്രം ബി.ജെ.പി ഇറക്കിയത് 15 കോടിയുടെ കുഴല്‍പ്പണം
കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൃശൂരില്‍ ഇറക്കിയത് 15 കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം. ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ വഴി ഏഴുതവണ പണം കൊണ്ടുവന്നതായും പൊലിസ് കണ്ടെത്തല്‍.
കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രത്യേക അന്വേഷണ സംഘം ഇ.ഡിക്കും തെരഞ്ഞെടുപ്പു കമ്മിഷനും ഇന്‍കംടാക്‌സ് വകുപ്പിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പണമിടപാടിന്റെ വിവരങ്ങളുള്ളത്. മാര്‍ച്ച് 12ന് അമല ആശുപത്രി പരിസരത്തുവച്ച് സുജയ് സേനന് രണ്ടുകോടി കൈമാറി. 13ന് വീണ്ടും ഇതേ സ്ഥലത്തുവച്ച് 1.5 കോടിയും 14ന് വിയ്യൂരില്‍വച്ച് 1.5 കോടിയും നല്‍കി. 27ന് ഒരുകോടിയും 31ന് 1.10 കോടിയും കൈമാറി.
ഏപ്രില്‍ മൂന്നിന് 6.3 കോടി തൃശൂര്‍ ബി.ജെ.പി ഓഫിസിലെത്തിച്ച് സുജയ് സേനന് നല്‍കി. അഞ്ചിന് വീണ്ടും തൃശൂരില്‍ രണ്ടുകോടി എത്തിച്ചതായാണ് പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. കവര്‍ച്ചനടന്നയുടന്‍ ബി.ജെ.പി മധ്യമേഖലാ സെക്രട്ടറി കാശിനാഥന്‍, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ എന്നിവര്‍ കൊടകരയിലെത്തിയിരുന്നു. പണം കടത്തിയ ധര്‍മരാജനെയും പ്രതി റഷീദിനെയും കൂട്ടി ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫിസിലെത്തി.
എന്നാല്‍, പൊലിസില്‍ വിവരം അറിയിച്ചില്ല. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാര്‍ പ്രതിയുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരിയും ഓഫിസിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."