വീട് കേന്ദ്രീകരിച്ച് മൃഗബലിയും ആഭിചാരക്രിയയും; പൊലിസ് പരിശോധന നടത്തി ബലിത്തറകളും ഹോമകുണ്ഡങ്ങളും കണ്ടെത്തി
തൊടുപുഴ • തങ്കമണിക്ക് സമീപം യൂദാഗിരിയിൽ മന്ത്രവാദിക്കെതിരേ പരാതിയുമായി നാട്ടുകാർ രംഗത്ത്. തുടർന്ന് പൊലിസ് എത്തി നടത്തിയ പരിശോധനയിൽ ബലിത്തറകളും മൃഗബലിക്കുപയോഗിക്കുന്ന കത്തികളും ഹോമകുണ്ഡങ്ങളും കണ്ടെത്തി. ബലിത്തറക്ക് സമീപത്തു നിന്ന് തലയറുത്ത കോഴികളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. യൂദാഗിരി പറത്താനത്ത് റോബിന്റെ വീട്ടിലാണ് പരിശോധന നടന്നത്. എന്നാൽ പൊലിസ് കേസെടുത്തിട്ടില്ല.
റോബിന്റെ വീട് കേന്ദ്രീകരിച്ച് പതിവായി മന്ത്രവാദവും മൃഗബലിയും നടക്കുന്നത് ചൂണ്ടിക്കാട്ടി നാട്ടുകാർ നേരത്തേ പരാതി നൽകിയിരുന്നെങ്കിലും പൊലിസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സംഭവം വാർത്തയായതിനെ തുടർന്നാണ് പൊലിസെത്തിയത്. തോപ്രാംകുടി സ്വദേശിയായിരുന്ന റോബിനും കുടുംബവും 14 വർഷം മുമ്പാണ് തങ്കമണിക്ക് സമീപം യൂദാഗിരിയിൽ താമസമാക്കിയത്. അന്നു മുതൽ ഇവർ മന്ത്രവാദവും മൃഗബലിയും നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കോഴി, ആട്, മുയൽ തുടങ്ങിയ ജീവികളെ കൊന്നാണ് ബലി നടത്തിയിരുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കുടുംബസമേതം ആളുകൾ ഇവരുടെ വീട്ടിലേക്ക് പല സ്ഥലങ്ങളിൽ നിന്നായി എത്തിയിരുന്നതായും പറയുന്നു. ക്രിസ്തുമത വിഭാഗത്തിൽപെട്ട ഇവരെ ചർച്ചിൽ നിന്നും പുറത്താക്കിയിരുന്നു. അപരിചിതരായ പെൺകുട്ടികളെ പലപ്പോഴും ഇവരുടെ വീട്ടിൽ കാണാറുണ്ടത്രെ. ഇവിടെ നരബലി നടന്നിട്ടുണ്ടോ എന്ന് പ്രത്യേക പരിശീലനം നേടിയ പൊലിസ് നായകളുടെ സഹായത്താൽ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."